India - 2025

സീറോ മലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും: എല്‍ആര്‍സി സെമിനാര്‍ ആരംഭിച്ചു.

അമല്‍ സാബു 23-06-2016 - Thursday

കൊച്ചി: 'സീറോ മലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും'എന്ന വിഷയത്തില്‍ സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) നേതൃത്വത്തിലുള്ള ഗവേഷണ സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. എപ്പിസ്‌ക്കോപ്പല്‍ മെമ്പര്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിലാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. നാളെ ഉച്ചകഴിഞ്ഞു 3.30നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. എല്‍ആര്‍സി യുടെ 52-ാമത് ഗവേഷണ സെമിനാറാണിത്. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, സെക്രട്ടറി സിസ്റ്റര്‍ മെറീന എന്നിവര്‍ നേതൃത്വം നല്‍കും.

മാര്‍ തോമാശ്ലീഹായില്‍ നിന്നും ലഭിച്ച വിശ്വാസ പൈതൃകം, തോമാ മാര്‍ഗം, മാര്‍തോമാ ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ ജീവിത ശൈലി, സീറോമലബാര്‍ സഭയുടെ സാമൂഹികവും സാംസകാരികവുമായ തനിമ, ദൈവശാസ്ത്രം, കാനന്‍ നിയമം, സഭാപരം, ആരാധനാക്രമം, ആധ്യാത്മികം എന്നീ തലങ്ങളിലുള്ള സഭയുടെ തനിമ തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകളുണ്ടാകും. സഭയുടെ തനിമ വിശുദ്ധഗ്രന്ഥ അടിസ്ഥാനത്തിലും, ഇന്റര്‍ കള്‍ച്ചറല്‍, മിഷന്‍ തലങ്ങളില്‍ സീറോ മലബാര്‍ സഭയുടെ തനിമയും വ്യതിരിക്തതയും, സഭയുടെ തനതായ സാന്മാര്‍ഗിക കാഴ്ചപ്പാടുകളും സെമിനാറില്‍ പഠനവിധേയമാക്കും.

റവ. ഡോ. ജെയിംസ് പുളിയുറുമ്പില്‍, റവ. ഡോ. ജോമോന്‍ നാല്‍പതിന്‍ചിറ, റവ. ഡോ. ജോസ് കുറിയേടത്ത്, പ്രഫ. ജോര്‍ജ് മേനാച്ചേരി, റവ. ഡോ. സെബി ചാലയ്ക്കല്‍, റവ. ഡോ. ജോസ് ചിറമേല്‍, റവ. ഡോ. സെയ്‌ജോ തൈക്കാട്ടില്‍, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ജോസഫ് ചാലിശേരി, റവ. ഡോ. ടോണി നീലങ്കാവില്‍, സിസ്റ്റര്‍ ഡോ. റിന്‍സി മരിയ, ഡോ. ലിജി ജേക്കബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

More Archives >>

Page 1 of 8