India - 2025
ഭ്രൂണഹത്യക്ക് ലൈസന്‍സ് കൊടുക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകരുത്: കെസിബിസി പ്രൊ-ലൈഫ് സമിതി
അമല്‍ സാബു 15-06-2016 - Wednesday
കൊച്ചി: ഭ്രൂണഹത്യക്ക് അനുകൂല്യമായ സാഹചര്യമൊരുക്കി അയോഗ്യരായവര്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന തരത്തിലുളള നിയമനിര്‍മാണ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യറാകരുതെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പെട്ടു. ഇപ്പോള്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്കുമാത്രം കര്‍ശന നിയന്ത്രണത്തിലൂടെ ഗര്‍ഭചിദ്രം നടത്തുവാനുളള സാഹചര്യമാണുളളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന പുതിയ നിയമത്തില്‍ ഗര്‍ഭചിദ്ര ശസ്ത്രക്രിയയ്ക്ക് മിഡ് വൈഫ് നഴ്‌സുമാര്‍ക്കു പോലും അനുമതി നല്‍കുന്നതിനുളള നീക്കമാണുളളത്.
1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട്, കൂടുതല്‍ കര്‍ശനമാക്കുകയോ, റദ്ദു ചെയ്യുകയോ ആണ് വേണ്ടത്. അതിനു പകരം കൂടുതല്‍ ഉദാരമാക്കി ഭ്രൂണഹത്യയ്ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യമൊരുക്കുവാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് നിയമനിര്‍മാണ ഭേദഗതി ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രൊലൈഫ്- സമിതി ഈ ആവശ്യം ഉന്നയിച്ചത്.
ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ പരിശ്രമിക്കുന്നതിനു പകരം ശാസ്ത്രീയമായ ശസ്ത്രക്രിയാ സമ്പ്രദായമില്ലാത്ത ആയുര്‍വേദം, ഹോമിയോ തുടങ്ങിയ മേഖലകളിലേക്ക് ഗര്‍ഭചിദ്രത്തിനുളള അനുമതി നല്‍കിയാല്‍ അമ്മയുടെയും കുഞ്ഞിന്റെയും കൂടുതല്‍ മരണങ്ങള്‍ക്ക് അത് സാഹചര്യം സൃഷ്ടിക്കുമെന്നും സമിതി വിലയിരുത്തി. മാതൃമരണനിരക്ക് വര്‍ദ്ധിക്കുന്നതുവഴി കുടുംബ സംരക്ഷണത്തിനും സ്ത്രീ സരക്ഷയ്ക്കും ഭീഷണിയുയര്‍ത്തും. അമ്മയും കുഞ്ഞും സംരക്ഷിക്കപ്പെടുവാനുളള തലത്തിലുളള കുടുംബസംരക്ഷണ നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്.
തീരുമാനങ്ങള്‍
1. കേന്ദ്രത്തിലെ മുഴുവന്‍ എം.പിമാര്‍ക്കും നിവേദനം നല്‍കും. കേരളത്തില്‍നിന്നുളള എംപിമാരെ നേരില്‍കണ്ട് ബോധ്യപ്പെടുത്തും. ആവശ്യമെങ്കില്‍ പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവരെ കണ്ട് സംസാരിക്കുവാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കും.
2. ഒരു ലക്ഷത്തോളം കത്തുകളും ഇ-മെയിലുകളും അയയ്ക്കും.
3. ബോധവത്കരണത്തിന്റെ ഭാഗമായി പ്രതിഷേധറാലി, സമ്മേളനങ്ങള്‍ എന്നിവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗ്ഗീസ് വളളിക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രൊലൈഫ് സംസ്ഥാന സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി വിഷയാവതരണം നടത്തി. പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, മാര്‍ട്ടിന്‍ ന്യൂനസ്, ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.