India - 2025
കരുണയുടെ സന്ദേശവുമായി പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്കദാനം ചെയ്യുന്നു;
സ്വന്തം ലേഖകന്‍ 27-05-2016 - Friday
കോട്ടയം: പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്കദാനം ചെയ്യാന്‍ തീരുമാനിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനും പ്രദേശവാസിയുമായ ഇ.സൂരജ് എന്നയാള്‍ക്കാണ് അദ്ദേഹം വൃക്ക ദാനം ചെയ്യുന്നത്. വൃക്കദാനത്തിന് മുന്നോടിയായുള്ള പരിശോധനകള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് അവയവ ദാനത്തിന് മുന്നോടിയായി സര്‍ക്കാര്‍ തലത്തിലുള്ള എത്തിക്കല്‍ കമ്മിറ്റി വൃക്കദാതാവും വൃക്ക സ്വീകര്‍ത്താവിന്റെ ബന്ധുക്കളുമായി സംസാരിച്ചാണ് ധാരണയിലെത്തിയത്. ജൂണ്‍ ഒന്നിന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ വൃക്കദാന ശസ്ത്രക്രിയ നടക്കും.
ഗുരുതരമായ വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി ഡയാലിസിസ് നടത്തുന്ന രോഗിയാണ് സൂരജ്. രോഗിയുടെ അമ്മ ഒന്നര വര്‍ഷം മുന്‍പ് മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് കടുത്ത സാമ്പത്തിക ബാധ്യതയിലായ സൂരജിന്റെ ചികിത്സാ ചെലവുകള്‍ക്കും പണം കണ്ടെത്തുന്നതിനും കുടുംബം ബുദ്ധിമുട്ട് നേരിടുകയാണ്. കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി ചികിത്സാ ചിലവിനുള്ള പണം കണ്ടെത്താന്‍ ഇവരെ സഹായിക്കുമെന്ന് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മേല്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കത്തോലിക്ക മെത്രാന്‍ വൃക്കദാനത്തിന് തയാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുണയുടെ വര്‍ഷമായി മാര്‍പാപ്പ പ്രഖ്യാപിച്ച വര്‍ഷത്തില്‍ തന്നെ ഇത്തരമൊരു കാരുണ്യ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാര്‍ ജേക്കബ് മുരിക്കനും പ്രതികരിച്ചു. മതസാഹോദര്യത്തിന്റെ അപൂര്‍വ നിമിഷങ്ങള്‍ക്കാണ് ജൂണ്‍ ഒന്നിനു വേദിയൊരുങ്ങുന്നതെന്നും സര്‍വമതസ്ഥരും ശസ്ത്രക്രിയയും തുടര്‍ചികിത്സകളും വിജയകരമായി നടക്കുന്നതിനു പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.ലാളിത്യം നിറഞ്ഞ ജീവിതംകൊണ്ടും കാരുണ്യപ്രവൃത്തികള്‍കൊണ്ടും നേരത്തെതന്നെ മാതൃകയായ വ്യക്തിയാണ് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍.
കടപ്പാട്: രാഷ്ട്രദീപിക
