India
ദൈവ പരിപാലനയുടെ ആഘോഷമായി ജീസസ് യൂത്ത് സംഗമം
സ്വന്തം ലേഖകന്‍ 23-05-2016 - Monday
ദൈവാത്മാവില്‍ പ്രചോദിതമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ജീസസ് യൂത്തിന് സുവിശേഷവത്കരണത്തില്‍ വലിയ പങ്ക് വഹിക്കാനാകുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വത്തിക്കാന്റെ കാനോനിക അംഗീകാരം ലഭിച്ചതിനോടനുബന്ധിച്ച് ദൈവപരിപാലനയുടെ ആഘോഷം എന്ന പേരില്‍ ജീസസ് യൂത്ത് അങ്കമാലിയില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ജീസസ് യൂത്ത് എന്ന ആത്മീയ പ്രസ്ഥാനം ഒരു സംഘടയല്ല മറിച്ച്, യേശുക്രിസ്തുവിനെ നിര്‍ഭയമായി സന്തോഷത്തോടെ പ്രഘോഷിക്കുന്ന യുവ ആത്മാക്കളുടെ കൂട്ടായ്മയാണെന്ന് സിബിസിഐ പ്രസിഡന്റും മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.
കത്തോലിക്ക സഭ ഔപചാരികമായി അംഗീകാരം നല്‍കിയെന്നത് ഓരോ ജീസസ് യൂത്ത് പ്രവര്‍ത്തകനും അഭിമാനം നല്‍കുന്ന കാര്യമാണെന്ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. ക്രിസ്തുവിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് യുവജനങ്ങള്‍ എന്നും സഭയെ യുവത്വ പൂര്‍ണമാക്കി നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ദിവ്യബലിക്ക് കെസിബിസി കരിസ്മാറ്റിക് കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും സിസ്റ്റേഴ്‌സും ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള റെക്‌സ് ബാന്‍ഡ്, വോക്‌സ് ക്രിസ്റ്റി, ക്രോസ് ടോക് എന്നീ മ്യൂസിക് ബാന്‍ഡുകള്‍ അവതരിപ്പിച്ച സംഗീത വിരുന്നും ഉണ്ടായിരുന്നു.
