Meditation. - July 2025

ആത്മീയവും ശാരീരികവുമായ സൗഖ്യം പ്രദാനം ചെയ്യുന്ന യേശു

സ്വന്തം ലേഖകന്‍ 05-07-2016 - Tuesday

''ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു'' (ലൂക്കാ 6:19).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 5

യേശുക്രിസ്തു ദൈവരാജ്യം പ്രസംഗിച്ചത് വചനങ്ങളില്‍ക്കൂടി മാത്രമല്ല, അവന്റെ പ്രവര്‍ത്തികളിലും കൂടിയാണ്. ആത്മീയവും ശാരീരികവുമായ സൗഖ്യം അവന്‍ തന്റെ ജനത്തിന് നല്കി. യേശുവിന്റെ അടുത്ത് തടിച്ചുകൂടിയിരുന്ന ജനങ്ങളില്‍ ഭൂരിഭാഗവും രോഗികളായിരുന്നു. കുറ്റബോധത്താല്‍ മാനസികമായി തളര്‍ന്ന നിരവധിപേര്‍ അവരുടെയിടയിലുണ്ടായിരിന്നു. യേശു പാപങ്ങള്‍ ക്ഷമിച്ച് അവര്‍ക്ക് ആത്മീയ സൗഖ്യവും, രോഗങ്ങളില്‍ നിന്ന്‍ വിടുതല്‍ നല്കി കൊണ്ട് അവര്‍ക്ക് ശാരീരിക സൗഖ്യവും നല്‍കി.

അവന്‍ സുഖപ്പെടുത്തിയ ചെകിടര്‍ക്ക് ലോകത്തിന്റെ ശബ്ദങ്ങള്‍ മാത്രമല്ല കേള്‍ക്കാന്‍ സാധിക്കാതിരുന്നത്, ദൈവത്തിന്റെ ശബ്ദവും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഊമകള്‍ക്ക് മറ്റുള്ളവരോട് സംസാരിക്കാന്‍ മാത്രമല്ല കഴിവില്ലാതിരുന്നത്, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ദൈവത്തെ സ്തുതിക്കാനും കഴിഞ്ഞിരുന്നില്ല.

മുടന്തര്‍ക്ക് ഓടിനടക്കാന്‍ മാത്രമല്ല, കഴിവില്ലാതിരുന്നത്. അവര്‍ക്ക് ദൈവത്തിന്റെ സമീപത്ത് എത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇത്തരം രോഗികള്‍ക്ക് ശാരീരിക സൗഖ്യം മാത്രമല്ല, ഹൃദയ സമാധാനം കൂടിയാണ് അവിടുന്ന് നല്‍കിയത്. തന്റെ ജീവിതത്തില്‍ എല്ലാവര്‍ക്കും അവിടുന്ന് നല്കിയ ആശ്വാസം, ഗോല്‍ഗോദായില്‍ തന്റെ ജീവിതം ബലിയായി നല്കി കൊണ്ട് പിതാവിന് സമര്‍പ്പിച്ചു. അവിടുത്തെ സ്നേഹം എത്ര അവര്‍ണ്ണനീയമാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സ്ബര്‍ഗ്, 26.6.88).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »