Meditation. - July 2025

കൈ ശോഷിച്ചവനെ യേശു സുഖപ്പെടുത്തിയ സംഭവം നമ്മേ ഓര്‍മ്മപ്പെടുത്തുന്നത്...!

സ്വന്തം ലേഖകന്‍ 06-07-2016 - Wednesday

''അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ് നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റുനിന്നു'' (ലൂക്കാ 6:8).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 6

ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന കൈ ശോഷിച്ച മനുഷ്യന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ആള്‍ക്കൂട്ടത്തിന്റെ അറ്റത്ത് നിന്നിരുന്ന മനുഷ്യനായിരുന്നു. മറ്റുള്ളവര്‍ നോക്കിയതുപോലെ, യേശുവും അവനെ നോക്കി; പക്ഷേ, യേശുവിന്റേ നോട്ടം മാത്രം അവഗണനയുടെ നോട്ടമല്ലായിരുന്നു. മറിച്ച് കാരുണ്യത്തിന്റെതായിരിന്നു. യേശു അവനോട് പറഞ്ഞു, ''എഴുന്നേറ്റ്, നടുവില്‍ വന്ന് നില്‍ക്കുക.'' ആ മനുഷ്യന്‍ എഴുന്നേറ്റ് മുന്നോട്ടു വന്ന് നിന്നു. ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, അവന് യേശുവില്‍ പ്രത്യാശ ഇല്ലായിരുന്നെങ്കില്‍, അവന്‍ തന്റെ രോഗം പരസ്യമായി പ്രദര്‍ശിപ്പിക്കുവാന്‍ മുന്നോട്ട് വരുമായിരുന്നില്ല.

അവന്‍ യേശുവില്‍ പരിപൂര്‍ണ്ണമായ ആശ്രയത്വം തേടി. "അയാള്‍ എഴുന്നേറ്റ് നിന്നു'' എന്ന ചെറിയ വാചകത്തിലൂടെ സുവിശേഷകന്‍ നമ്മോട് പറയുന്നതു ഇങ്ങനെയാണ്; കര്‍ത്താവിന്റെ സുഖപ്പെടുത്തുവാനുള്ള ശക്തി പ്രയോഗിക്കുവാനുള്ള കേവലം ഒരു വസ്തുവായിരുന്നില്ല ആ വികലാംഗനായ മനുഷ്യന്‍. മറിച്ച്, യേശുവിന്റെ വാക്കുകള്‍ അനുസരിക്കാനുള്ള സഹകരണമാണ് അവനില്‍ രോഗശാന്തി സംഭവിക്കുവാനുള്ള കാരണം.

അടിയന്തിര സഹായം ആവശ്യമുള്ള സഹജീവിയെയാണ് യേശു രോഗിയായ ആ മനുഷ്യനില്‍ ദര്‍ശിച്ചത്. കര്‍ത്താവിന്റെ വാക്കുകളെ അനുസരിക്കാനുള്ള ആഴമായ വിശ്വാസം ഒന്ന്‍ കൊണ്ട് മാത്രമാണു അയാള്‍ സൗഖ്യം പ്രാപിച്ചത്. നമ്മുടെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രിസ്തുവിലുള്ള ആശ്രയത്വത്തില്‍ നാം പ്രതീക്ഷ വെക്കുമ്പോള്‍ പ്രതിസന്ധികള്‍ അനുഗ്രഹമായി മാറുമെന്ന്‍ ഈ സംഭവം നമ്മേ ഓര്‍മ്മിപ്പിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സുബര്‍ഗ്, 26.6.88).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »