News
പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയെ തട്ടിക്കൊണ്ടു പോകുവാന്‍ ഹിറ്റ്‌ലര്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 08-07-2016 - Friday
വത്തിക്കാന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് മാര്‍പാപ്പ ആയിരുന്ന പയസ് പന്ത്രണ്ടാമനെ തട്ടിക്കൊണ്ടു പോകുവാന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. വത്തിക്കാന്‍ മ്യൂസിയം സൂക്ഷിപ്പുകാരന്റെ മകന്‍ എഴുതിയ രേഖകളില്‍ നിന്നുമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. വത്തിക്കാന്‍ ദിനപത്രമായ 'ഒസര്‍വേറ്ററി റോമാനോയാണ്' വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍പാപ്പയെ സുരക്ഷിതനായി പാര്‍പ്പിക്കുവാനായി ആക്രമിക്കപ്പെടുവാന്‍ കഴിയാത്ത ഒരു നഗരത്തിലേക്ക് മാറ്റി താമസിപ്പിക്കുക എന്നതാണ് ഹിറ്റ്‌ലര്‍ ഇതുകൊണ്ട് ലക്ഷ്യം വച്ചിരുന്നത്.
ബര്‍ത്തലോമിയോ നൊഗാര എന്ന വത്തിക്കാന്‍ മ്യൂസിയം സൂക്ഷിപ്പുകാരന്റെ മകന്‍ അന്റോണിയോ നൊഗാരയുടെ കുറിപ്പുകളില്‍ നിന്നുമാണ് മാര്‍പാപ്പയെ തട്ടിക്കൊണ്ടു പോകുവാന്‍ ഹിറ്റ്‌ലര്‍ പദ്ധതിയിട്ടിരുന്നതായി വെളിവാക്കുന്ന രേഖകള്‍ കണ്ടെത്തിയത്. 1944-ല്‍ ജിയോവാനി ബാറ്റിസ്റ്റാ മോണ്‍ടിനി എന്ന വൈദികന്‍ (പിന്നീട് മാര്‍പാപ്പയായി മാറിയ പോള്‍ ആറാമന്‍) തന്റെ പിതാവിന്റെ അടുക്കല്‍ വന്ന ശേഷം മാര്‍പാപ്പയായ പയസ് പന്ത്രണ്ടാമനെ ഹിറ്റ്‌ലര്‍ തട്ടിക്കൊണ്ടു പോകുവാന്‍ പദ്ധതിയിടുന്നതായി പറഞ്ഞുവെന്ന് അന്റോണിയോ രേഖകളില്‍ സാക്ഷ്യപ്പെടുത്തുന്നു.
മാര്‍പാപ്പയെ തട്ടിക്കൊണ്ടു പോകുവാന്‍ സാധ്യതയുണ്ടെന്നു ബ്രിട്ടണില്‍ നിന്നും യുഎസില്‍ നിന്നുമുള്ള സൈന്യം അറിയിച്ചിട്ടുണ്ടെന്നും പയസ് പന്ത്രണ്ടാമന്‍ സുരക്ഷിതനല്ലെന്നും വൈദികന്‍ തന്റെ പിതാവായ ബര്‍ത്തലോമിയോ നൊഗാരയോടു പറഞ്ഞതായി അന്റോണിയോ കുറിക്കുന്നു. ഇതു മൂലം രണ്ട് ദിവസം വത്തിക്കാന്‍ മ്യൂസിയത്തിന്റെ ഉയരംകൂടിയ ഒരു ഭാഗത്ത് പയസ് പന്ത്രണ്ടാമന്‍ ഒളിച്ചു താമസിച്ചതായും അന്റോണിയോ വെളിപ്പെടുത്തുന്നു.
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സൈന്യം റോമിനു സമീപം ആകാശമാര്‍ഗം എത്തിയപ്പോഴാണ് പയസ് പന്ത്രണ്ടാമന്‍ വീണ്ടും വത്തിക്കാന്‍ കൊട്ടാരത്തിലേക്ക് മടങ്ങിയതെന്നും അന്റോണിയ നൊഗാരയുടെ വെളിപ്പെടുത്തലില്‍ പറയുന്നതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്റോണിയ നൊഗാര 2014-ല്‍ അന്തരിച്ചിരുന്നു. 1970-ല്‍ ഹിറ്റ്‌ലറുടെ വിശ്വസ്തനായിരുന്ന ജനറല്‍ കാള്‍ വൂള്‍ഫ് മാര്‍പാപ്പയെ തട്ടിക്കൊണ്ടു പോകുവാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു. താങ്കള്‍ക്കു വേണ്ടി മാത്രമായി ഞാന്‍ ഒരു പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മറ്റാരും അത് അറിയരുതെന്നും ഹിറ്റ്‌ലര്‍ തന്നോട് പറഞ്ഞിരുന്നതായി കാള്‍ വൂള്‍ഫ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഹിറ്റ്‌ലര്‍ തന്നെ ജനറല്‍ കാരള്‍ വൂള്‍ഫിനോട് പോപ്പ് സുരക്ഷിതനല്ലെന്നും അദ്ദേഹത്തെ വത്തിക്കാനില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
ജൂതന്‍മാരെ കൊല്ലുന്ന തന്റെ നയത്തോട് ക്രൈസ്തവര്‍ യോജിക്കുന്നുണ്ടെന്ന തെറ്റായ ധാരണയാണ് മാര്‍പാപ്പയെ തട്ടികൊണ്ടു പോകുവാന്‍ പദ്ധതി തയ്യാറാക്കുവാന്‍ ഹിറ്റ്‌ലറെ പ്രേരിപ്പിച്ചത്. ക്രൈസ്തവ സഭയുടെ തലവനെന്ന നിലയില്‍ ജൂതന്‍മാരാലോ, അവരുടെ സൌഹൃദ സഖ്യങ്ങളാലോ മാര്‍പാപ്പ ആക്രമിക്കപ്പെടുമെന്ന് ഹിറ്റ്‌ലര്‍ ഭയന്നിരുന്നു.
