News
ഇറാഖ് യുദ്ധം: വത്തിക്കാന്റെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു
സ്വന്തം ലേഖകന്‍ 08-07-2016 - Friday
ലണ്ടന്‍: 2003-ല്‍ നടന്ന ഇറാഖ് യുദ്ധം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ സമ്മതിച്ചു. അതെ സമയം കത്തോലിക്ക സഭയും വത്തിക്കാനും ഇതു സംബന്ധിച്ച് സ്വീകരിച്ച നിലപാട് ശരിയാണെന്നും കാലം തെളിയിച്ചു. ഇറാഖ് യുദ്ധത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ചില്‌കോട്ട് സമിതി ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. ലോകത്തെ നശിപ്പിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള ആയുധ ശേഖരം ഇറാഖിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന സദാം ഹുസൈന്റെ കൈവശം ഉണ്ടെന്നും ഇതിനെ നേരിട്ടില്ലെങ്കില്‍ സര്‍വ്വനാശം ഉറപ്പാണെന്നും വാദിച്ചായിരുന്നു യുഎസും യുകെയും മുന്നിട്ട് ഇറാഖ് യുദ്ധം നടത്തിയത്.
യുദ്ധം സംബന്ധിച്ച് സഭയുടെ നിലപാട് സെന്റ് അഗസ്റ്റിന്‍ രൂപപ്പെടുത്തിയ തത്വത്തില്‍ അടിസ്ഥാനപ്പെട്ടതാണ്. പ്രധാനമായും ഇതില്‍ രണ്ടു കാര്യങ്ങളാണ് പറയുന്നത്. യുദ്ധം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യം നിലനിന്നാല്‍ കൃത്യമായ രേഖയുടെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്വപ്പെട്ട ഭരണാധികാരി മാത്രമേ അത് പ്രഖ്യാപിക്കുവാന്‍ പാടുള്ളു. സാധാരണക്കാരായ പൗരന്‍മാര്‍ ഒരു കാരണത്താലും യുദ്ധത്തില്‍ കൊല്ലപ്പെടുവാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ ഒഴിഞ്ഞു നില്‍ക്കണം.
അമേരിക്കയും ബ്രിട്ടണു ചേര്‍ന്ന് ഇറാഖ് അധിനിവേശം നടത്തുന്ന സമയം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കത്തോലിക്ക സഭയെ നയിച്ചിരുന്നത്. പരിശുദ്ധ പിതാവിന്റെ വിദേശകാര്യ മന്ത്രിയായിരുന്ന കര്‍ദിനാള്‍ ജീന്‍ ലോയിസ് ടുറാന്‍ സഭയുടെ പ്രതികരണം അന്ന് ശക്തമായി രേഖപ്പെടുത്തിയിരുന്നതുമാണ്. "സദാം ഹൂസൈന്റെ കൈവശം ലോകത്തെ നശിപ്പിക്കുവാന്‍ ശേഷിയുള്ള മാരകമായ ആയുധങ്ങള്‍ ഉണ്ടെന്നു കരുതുവാന്‍ തക്കതായ ഒരു തെളിവും ലഭിച്ചിട്ടില്ല. ഇത്തരം ആക്ഷേപം ഉള്ളവര്‍, ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കമ്മീഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുവാന്‍ തയ്യാറാകട്ടെ. അവര്‍ സമാനമായ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രം അവസാന ശ്രമമായി യുദ്ധത്തെ കണ്ടാല്‍ മതി".
യുദ്ധം ഒഴിവാക്കണമെന്ന് സഭ ആവശ്യപ്പെട്ടതാണെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും യുഎസും ഇതിനു തയ്യാറായില്ല. സര്‍ ജോണ്‍ ചില്‌കോട്ട് സമിതി കണ്ടെത്തിയ പ്രധാനമായ കണ്ടെത്തലുകളില്‍ യുദ്ധം പൂര്‍ണ്ണമായും ഒഴിവാക്കാമായിരുന്നുവെന്ന് പറയുന്നു. വത്തിക്കാന്റെ പ്രതികരണത്തില്‍ പറയുന്നതു പോലെയുള്ള സമാധാനപരമായ ശ്രമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ബ്രിട്ടന്‍ വേഗത്തില്‍ യുദ്ധം നടത്താമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. സദാമിന്റെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീട് കണ്ടെത്തിയിരുന്നു.
യുകെയിലെ കത്തോലിക്ക മെത്രാന്‍മാര്‍ ബ്രിട്ടന്‍ ഇറാഖിനെ ആക്രമിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മാനുഷിക പരിഗണനയും സമാധാന ശ്രമങ്ങളും മുന്‍നിര്‍ത്തി അതില്‍ നിന്നും പിന്മാറണമെന്ന് പ്രസ്താവിച്ചിരുന്നു. സദാം ഹുസൈന്റെ വെല്ലുവിളികളെ തെറ്റായ രീതിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കണ്ടതിനാലാണ് ഇത്തരം ഒരു അബദ്ധത്തില്‍ ചെന്നു ചാടിയതെന്നും ചില്‌കോട്ട് സമിതി കണ്ടെത്തിയിട്ടുണ്ട്. യുദ്ധം എന്നത് അവസാനം കൈക്കൊള്ളേണ്ട തീരുമാനം മാത്രമായിരുന്നു. മറ്റ് നിരവധി പരിഹാരങ്ങള്‍ മുന്നില്‍ ഉണ്ടായിരുന്നിട്ടും ടോണി ബ്ലെയറിന് തെറ്റിയതായും സമിതി കണ്ടെത്തി.
2007-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവച്ച ടോണി ബ്ലെയര്‍ പിന്നീട് കത്തോലിക്ക സഭാ വിശ്വാസിയായി തീര്‍ന്നിരുന്നു. ഇറാഖിലേക്ക് സൈന്യത്തെ അയിക്കുവാന്‍ തീരുമാനിച്ച തെറ്റായ നടപടിയെ ഓര്‍ത്ത് ദുഃഖിക്കാത്ത ഒരു ദിവസവും തന്റെ ജീവിതത്തില്‍ ഈ തീരുമാനം കൈക്കൊണ്ട ശേഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം തന്റെ തെറ്റ് ഏറ്റുപറഞ്ഞിരുന്നു.
