News - 2025

വിശുദ്ധ ബലി ജനങ്ങളുടെ നേരെ തിരഞ്ഞു വേണം അര്‍പ്പിക്കുവാന്‍: കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്

സ്വന്തം ലേഖകന്‍ 12-07-2016 - Tuesday

ലണ്ടന്‍: പുരോഹിതര്‍ കിഴക്കോട്ട് തിരഞ്ഞ് നിന്ന് കുര്‍ബാന അര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടുമായി കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് രംഗത്ത്. വെസ്റ്റ് മിനിസ്റ്റര്‍ രൂപതയുടെ കീഴിലുള്ള വൈദികര്‍ക്കെല്ലാം കര്‍ദിനാള്‍ ഇതു സംബന്ധിക്കുന്ന പ്രത്യേക നിര്‍ദേശം എഴുത്തിലൂടെ കൈമാറി. വത്തിക്കാന്‍ ദിവ്യാരാധന സമിയുടെ തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ് കിഴക്കോട്ട് തിരിഞ്ഞ് നിന്നു കുര്‍ബാന അര്‍പ്പിക്കുന്നതിനെ സ്വാഗതം ചെയ്യണമെന്ന് മുമ്പ് പ്രതികരിച്ചിരുന്നു.

ആരാധനയെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് വത്തിക്കാന്‍ ദിവ്യാരാധന സമിതിയുടെ തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ് കിഴക്കോട്ട് തിരഞ്ഞ് നിന്നു പുരോഹിതര്‍ ബലിയര്‍പ്പിക്കണമെന്നും ഇത്തരത്തില്‍ ചെയ്യുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന പഠിപ്പിക്കലുകള്‍ ശരിയല്ലെന്നും പറഞ്ഞത്. എന്നാല്‍, റോമന്‍ കത്തോലിക്ക വിശ്വാസ പ്രമാണങ്ങള്‍ പ്രകാരം അള്‍ത്താര ഭിത്തിയില്‍ നിന്നും നീക്കി വേണം നിര്‍മ്മിക്കുവാനെന്നും ഇതിനു ചുറ്റും വൈദികര്‍ക്കും ശുശ്രൂഷകര്‍ക്കും നടക്കുവാന്‍ സാധിക്കണമെന്നും പറയുന്നുണ്ടെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് വൈദികര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇത്തരത്തില്‍ ബലിപീഠം നിര്‍മ്മിച്ചിരിക്കുന്നത് ജനങ്ങള്‍ക്ക് നേരെ സാധ്യമാകുന്ന എല്ലാ സമയങ്ങളിലും മുഖാമുഖം കണ്ട് വിശുദ്ധി ബലി വൈദികന്‍ അര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് കത്തില്‍ വിശദീകരിക്കുന്നു.

2009-ല്‍ കൂടിയ വത്തിക്കാന്റെ ദിവ്യാരാധന സമിതി കിഴക്കോട്ട് തിരിഞ്ഞ് കുര്‍ബാന അര്‍പ്പിക്കുന്നതിനെ വിലക്കുന്നില്ലെന്ന കാര്യവും കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് തന്റെ വൈദികര്‍ക്കുള്ള കത്തില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ജനങ്ങളുമായി വൈദികന്‍ മുഖാമുഖം നിന്ന് ആരാധിക്കുമ്പോള്‍ ഉണ്ടാകുന്ന അടുപ്പത്തെ മുന്‍നിര്‍ത്തി വേണം വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ എന്ന താല്‍പര്യമാണ് തന്റെ കത്തിലൂടെ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് വെളിവാക്കുന്നത്.

വൈദികര്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും സംരക്ഷിക്കുവാനുള്ള വേദിയല്ല വിശുദ്ധ ബലി അര്‍പ്പിക്കുന്ന സമയത്ത് ലഭിക്കുന്നതെന്ന കാര്യം കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് പ്രത്യേകം വൈദികരുടെ കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. സഭയുടെ പഠിപ്പിക്കലുകളില്‍ തന്നെ അടിയുറച്ചു വേണം കൂദാശകള്‍ നടത്തുവാനെന്നും കര്‍ദിനാള്‍ നിഷ്‌കര്‍ഷിക്കുന്നു. വത്തിക്കാന്‍ ദിവ്യാരാധന സമിതിയുടെ അധ്യക്ഷനായ കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ് കഴിഞ്ഞയാഴ്ച കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


Related Articles »