News - 2025
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു
പ്രവാചകശബ്ദം 26-08-2022 - Friday
കാക്കനാട്: 2022 ആഗസ്റ്റ് 27ന് റോമിൽ നടക്കുന്ന പുതിയ കർദ്ദിനാളുമാരെ വാഴിക്കുന്ന ചടങ്ങായ കൺസിസ്റ്ററിയിൽ പങ്കെടുക്കാൻ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് രാവിലെ റോമിലേക്ക് യാത്ര പുറപ്പെട്ടു. സഭയുടെ മെത്രാൻ സിനഡിന്റെ സമ്മേളനം ഇന്നലെ പൂർത്തിയാക്കിയതിനുശേഷമാണ് കർദിനാൾ റോമിലേക്ക് പോയത്. ആഗസ്റ്റ് 29, 30 തീയതികളിൽ മാർപാപ്പയുടെ പ്രത്യേക നിർദേശപ്രകാരം സംഘടിപ്പിച്ചിരിക്കുന്ന കർദിനാൾമാർക്കുവേണ്ടിയുള്ള പ്രത്യേക സെമിനാറിലും മേജർ ആർച്ചുബിഷപ്പ് പങ്കെടുക്കുന്നുണ്ട്.
വത്തിക്കാൻ കൂരിയ നിയമങ്ങൾ പരിഷ്കരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച 'പ്രെദിക്കാത്തേ എവാൻഗേലിയും' എന്ന അപ്പസ്തോലിക് കോൺസ്റ്റിറ്റ്യൂഷനെ അധികരിച്ചാണ് സെമിനാർ നടത്തുന്നത്. ഭാരതത്തിൽനിന്നും ഏഷ്യയിൽനിന്നുമുള്ള പുതിയ കർദിനാൾമാരെ അനുമോദിക്കുന്ന പ്രത്യേക പരിപാടികളിലും പങ്കെടുത്തശേഷം സെപ്റ്റംബർ ഒന്നിനു കർദ്ദിനാൾ തിരികെ എത്തുന്നതാണ്.
