News

മുൻഗാമിയുടെ മൃതശരീരത്തിന് മുന്നിൽ നിശ്ചലനായി പിൻഗാമി; സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറൽ

പ്രവാചകശബ്ദം 07-01-2023 - Saturday

വത്തിക്കാൻ സിറ്റി: ബെനഡിക്ട് പാപ്പയ്ക്കു ലോകം യാത്രാമൊഴിയേകി മണിക്കൂറുകൾ പിന്നിട്ടിട്ടും പാപ്പയെ കുറിച്ചുള്ള വാർത്തകൾ അവസാനിക്കുന്നില്ല. തന്റെ മുൻഗാമിയുടെ മൃതശരീരത്തിന് മുന്നിൽ നിശ്ചലനായി നിൽക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം

മൃതസംസ്ക്കാരത്തിന് ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം ബസിലിക്കയ്ക്കുള്ളിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുന്നോടിയായാണ് വികാര നിർഭരമായ ആ കൂടിക്കാഴ്ച നടന്നത്. ഊന്നുവടിയുമായി ബെനഡിക്ട് പാപ്പയുടെ മൃതശരീരം വഹിച്ച പെട്ടിയുടെ മുന്നിലെത്തിയ പാപ്പ, പെട്ടിയിൽ കൈവെച്ച് ഏതാനും നിമിഷം നിശ്ചലനായി നിന്ന് പ്രാർത്ഥിക്കുകയായിരിന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും തരംഗമാണ്.

തന്റെ ശുശ്രൂഷ കാലയളവിൽ ഉടനീളം ബെനഡിക്ട് പാപ്പയുമായി വലിയ സൗഹാർദ്ദം ഫ്രാൻസിസ് പാപ്പ കാത്തുസൂക്ഷിച്ചിരിന്നു.

ബെനഡിക്ട് പാപ്പയുടെ ജന്മദിനമായ ഏപ്രില്‍ 16, ക്രിസ്തുമസ്, പ്രത്യേക വാര്‍ഷികങ്ങള്‍ തുടങ്ങിയ വിശേഷപ്പെട്ട ദിവസങ്ങളില്‍ ഉള്‍പ്പെടെ നിരവധി തവണ ഫ്രാന്‍സിസ് പാപ്പ ബെനഡിക്ട് പാപ്പയെ സന്ദര്‍ശിയ്ക്കുമായിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ ഭരണത്തില്‍ താനൊരു പുതിയ സന്തോഷം കാണുന്നുണ്ടെന്നും, യാതൊരു വൈരുധ്യങ്ങളും ഇല്ലാത്ത ഒരു പാപ്പ ഭരണമായിരിക്കുമെന്നുമാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പറഞ്ഞിട്ടുള്ളത്.

തനിക്ക് സ്വന്തം മുത്തച്ചനേപ്പോലെയാണ് ബെനഡിക്ട് പാപ്പയെന്നും, അദ്ദേഹം വത്തിക്കാനിലെ ചിന്തകനാണെന്നും ഫ്രാന്‍സിസ് പാപ്പ മുന്‍പാപ്പയേ കുറിച്ച് അനുസ്മരിച്ചിട്ടുണ്ട്. അദ്ദേഹവുമായുള്ള ബന്ധം തന്നെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞിട്ടുണ്ട്.

മുന്‍ പാപ്പ രോഗബാധിതനായതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 28-ന് ഫ്രാന്‍സിസ് പാപ്പ മാതര്‍ എക്ളേസ്യ ആശ്രമത്തിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരിന്നു. ഡിസംബർ 31നാണ് ബെനഡിക്ട് പാപ്പ നിത്യതയിലേക്ക് യാത്രയായത്.


Related Articles »