Meditation. - August 2025

രക്തസാക്ഷികളുടെ ചുടുചോരയാല്‍ വളര്‍ച്ച പ്രാപിക്കുന്ന സഭയില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതില്‍ നിങ്ങള്‍ വിമുഖത കാണിച്ചിട്ടുണ്ടോ?

സ്വന്തം ലേഖകന്‍ 03-08-2016 - Wednesday

''മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായി കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചു ചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും'' (ലൂക്ക 6:22-23).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 3

ദൈവവചനം പ്രസംഗിക്കുമ്പോള്‍ നിങ്ങള്‍ അത്യധികമായ നിഷേധങ്ങളും, എതിര്‍പ്പുകളും, മറ്റുള്ളവരുടെ നിന്ദയും അനുഭവിക്കും. പ്രവാചകന്മാര്‍ ഈ കഷ്ടത അനുഭവിച്ചിട്ടുണ്ട്. യേശു നമുക്ക് തന്ന മുന്നറിയിപ്പ് നാം വിസ്മരിക്കരുത്, "എന്നെ പ്രതി നിങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്മാര്‍". ലജ്ജ കൂടാതെ അവന് സാക്ഷ്യം വഹിക്കുവാനുള്ള ധൈര്യം ഉള്ളവരാകാനാണ് നമ്മളെല്ലാം വിളിക്കപ്പെട്ടിരിക്കുന്നത്.

ഈ പരീക്ഷകളെ അതിജീവിച്ചവനാണ് വിശുദ്ധ പൗലോസ്. തന്റെ ശിഷ്യനായ തിമോത്തിയോസിന് വിശുദ്ധന്‍ നല്‍കിയ മുന്നറിയിപ്പ് കേട്ടിട്ടില്ലേ? ''ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നല്‍കിയത്; ശക്തിയുടേയും സ്‌നേഹത്തിന്റേയും ആത്മനിയന്ത്രണത്തിന്റേയും ആത്മാവിനെയാണ്. നമ്മുടെ കര്‍ത്താവിന് സാക്ഷ്യം നല്‍കുന്നതില്‍ നീ ലജ്ജിക്കരുത്, അവന്റെ തടവുകാരനായ എന്നെ പ്രതിയും ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയില്‍, ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്ക് വഹിക്കുക.''

ലിയോണ്‍സിലെ രക്തസാക്ഷികള്‍ അതിഭയങ്കരമായ ക്രൂരതകള്‍ സഹിച്ചു. ഈ ചരിത്രം ഇന്ന് മറ്റ് സ്ഥലങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവിടെ, നിങ്ങളുടെ തലമുറയ്ക്ക് രക്തം ചൊരിയാന്‍ പോലുമുള്ള സാഹചര്യം ഇല്ല. എന്നിട്ടും, സുവിശേഷത്തിന്റെ മാര്‍ഗ്ഗങ്ങളായ സ്‌നേഹവും സത്വാന്വേഷണവും പ്രചരിപ്പിക്കാന്‍ നിങ്ങള്‍ വിമുഖത കാണിച്ചിട്ടുണ്ടോ? സത്യ ദൈവമായ അവിടുത്തോട് അവിശ്വസ്തത കാണിക്കുന്നവരാണോ നമ്മള്‍?

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »