News

സ്പെയിനില്‍ രക്തസാക്ഷിത്വം വരിച്ച ബ്രദര്‍ ലികാരിയോൺ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ

പ്രവാചകശബ്ദം 14-07-2025 - Monday

ബാര്‍സലോണ: 116 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്പെയിനിലെ ബാര്‍സലോണ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഉണ്ടായ ആക്രമണ പരമ്പരയില്‍ രക്തസാക്ഷിത്വം വരിച്ച മാരിസ്റ്റ് സന്യാസ സമൂഹാംഗമായ ബ്രദര്‍ ലികാരിയോണിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. കഴിഞ്ഞ ശനിയാഴ്ച (ജൂലൈ 12) ബാഴ്സലോണയിലെ വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിൻറെ നാമത്തിലുള്ള ഇടവകയില്‍ നടന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർസെല്ലൊ സെമെരാറോയാണ് ബ്രദര്‍ ലികാരിയോണിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.

സ്വിറ്റ്സർലണ്ടിലെ ബാഞ്ഞെ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിൻറെ ജനനം. കത്തോലിക്ക വിശ്വാസത്തിൽ വളർന്ന ലികാരിയോൺ പതിനെട്ടാമത്തെ വയസ്സിൽ മാരിസ്റ്റ് സന്യാസ സമൂഹത്തിൽ ചേർന്നു. 1888 ആഗസ്റ്റ് 15-ന് സന്യാസ വസ്ത്ര സ്വീകരണ സമയത്താണ് ലികാരിയോൺ മെയ് എന്ന പേരു സ്വീകരിച്ചത്. 1893 ആഗസ്റ്റ് 15നു നിത്യവ്രതവാഗ്ദാനം നടത്തി. സ്പെയിനിലേക്കു അയയ്ക്കപ്പെട്ട ലികാരിയോൺ പിന്നീട് ബാര്‍സലോണയില്‍ ഒരു വിദ്യാലയം തുടങ്ങാനും അതിൻറെ ചുക്കാൻ പിടിക്കാനും നിയുക്തനായി. എന്നാൽ ഇതേ പ്രദേശത്തുതന്നെ മതവിരുദ്ധാശയങ്ങളാൽ മുദ്രിതമായ ഒരു വിദ്യാലയവും സ്ഥാപിതമായി. ഒരു മതവിരുദ്ധ സംഘടനയും അവിടെ പ്രവർത്തനിരതമായിരുന്നു.

ഇവ രണ്ടും ലികാരിയോൺ നയിക്കുന്ന വിദ്യാലയത്തിന് എതിരായി നിലക്കൊണ്ടിരിന്നു. അതിനിടെ, സാമൂഹ്യ ഞെരുക്കങ്ങളുടെ ഫലമായി അവിടെ ജനകീയ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടു. സർക്കാരിൻറെ നിർബന്ധിത സൈനികസേവന ഉത്തരവിനെ ജനങ്ങൾ എതിർത്തതോടെ അരാജകവാദികൾ, കമ്മ്യൂണിസ്റ്റുകൾ, റിപ്പബ്ലിക്കന്മാർ എന്നിവരുടെ പിന്തുണയോടെ, കലാപം തുറന്ന ഏറ്റുമുട്ടലുകളായി പരിണമിച്ചു. ദേവാലയങ്ങളും സന്ന്യാസാശ്രമങ്ങളും, കത്തോലിക്കാ വിദ്യാലയങ്ങളും കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു.

1909 ജൂലൈ 26നും 27നും ഇടയ്ക്കുള്ള രാത്രിയിൽ, മാരിസ്റ്റ് സന്യസ്ത സമൂഹങ്ങളുടെ വിദ്യാലയം അഗ്നിയ്ക്കിരയാക്കി. ജൂലൈ 27നു രാവിലെ വ്യാജ അറിയിപ്പുണ്ടായതിനെ തുടർന്ന് ആശ്രമവാസികൾ പുറത്തേക്കിറങ്ങിയ ഉടനെ അവർക്കു നേരെ വെടവെയ്പ്പുണ്ടാകുകയായിരിന്നു. ഇവര്‍ക്കു മുന്നിലായിരുന്ന ബ്രദര്‍ ലികാരിയോൺ വെടിയേറ്റു വീണു. തുടർന്ന് അക്രമികൾ കല്ലുകളും വടിവാളുകളും ഉപയോഗിച്ച് അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. 1909 ജൂലൈ 26 – ആഗസ്റ്റ് 2 വരെ നടന്ന അക്രമപരമ്പരയെ “ദുരന്ത വാരം” എന്ന പേരിലാണ് അറിയപ്പെടുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »