News - 2025
'ആധുനിക ക്രൈസ്തവ രക്തസാക്ഷികളുടെ' പട്ടികയിൽ ആഫ്രിക്ക ഒന്നാമത്
പ്രവാചകശബ്ദം 16-09-2025 - Tuesday
വത്തിക്കാൻ സിറ്റി: മൂന്നാം സഹസ്രാബ്ദത്തിലെ ക്രൈസ്തവ രക്തസാക്ഷികളുടെ സംഭവബഹുലമായ ജീവിതകഥകള്‍ ഗവേഷണം ചെയ്യുന്നതിനും പട്ടികപ്പെടുത്തുന്നതിനുമായി 2023-ൽ ഫ്രാൻസിസ് മാർപാപ്പ രൂപം നല്‍കിയ "കമ്മീഷൻ ഓഫ് ന്യൂ മാർട്ടിേഴ്സ്" സമാഹരിച്ച പട്ടിക പ്രകാരം 'ആധുനിക രക്തസാക്ഷികളുടെ' പട്ടികയിൽ ആഫ്രിക്ക ഒന്നാമത്. ഈ നൂറ്റാണ്ടില്‍ മറ്റ് ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് ആഫ്രിക്കയിലെ ക്രൈസ്തവരാണ് കൂടുതലായി കൊല്ലപ്പെട്ടതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിഅറുനൂറിലധികം പുരുഷന്മാരും സ്ത്രീകളും ക്രൈസ്തവരായതിന്റെ പേരിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനെ (ACN) ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇതിൽ 643 പേർ സബ്-സഹാറൻ ആഫ്രിക്കയിലും ഏഷ്യയിലും ഓഷ്യാനിയയിലും 357 പേരും 304 പേർ അമേരിക്കന്‍ ഐക്യ നാടിലും 277 പേർ മിഡിൽ ഈസ്റ്റിലും യൂറോപ്പില്‍ 43 പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കയിലെ ക്രൈസ്തവര്‍ നേരിടുന്ന ഭീകരമായ പീഡനത്തിന്റെ നേര്‍സാക്ഷ്യമാണ് റിപ്പോര്‍ട്ട്. അതേസമയം രക്തസാക്ഷികളുടെ എണ്ണം പൂർണ്ണമായി എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തതിനാൽ, വിദൂര പ്രദേശങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നാണ് വത്തിക്കാൻ കമ്മീഷൻ ഡെപ്യൂട്ടിയും സാന്റ് എജിഡിയോ കമ്മ്യൂണിറ്റി സ്ഥാപകയുമായ ആൻഡ്രിയ റിക്കാർഡി പറയുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ക്രിസ്ത്യൻ പീഡനം നടക്കുന്നതായി പറയപ്പെടുന്ന നൈജീരിയയിൽ, ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ക്രിസ്ത്യാനികളായതിന്റെ പേരിൽ 7,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) എന്ന സംഘടനയുടെ കണക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയയിൽ ഓരോ ദിവസവും ശരാശരി 30 ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നുണ്ടെന്ന് ഇന്റർ സൊസൈറ്റി കണക്കാക്കുന്നു. ആഫ്രിക്കയില്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന് പിന്നില്‍ ഇസ്ളാമിക തീവ്രവാദികളാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
