News - 2025

സാത്താന്‍ സ്പെയിനിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അന്തരിച്ച മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ ശരിക്കും പറഞ്ഞിട്ടുണ്ടോ?

പ്രവാചകശബ്ദം 17-11-2023 - Friday

അന്തരിച്ച മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ സ്പെയിനിനേക്കുറിച്ചും, സാത്താനേക്കുറിച്ചും നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സ്പെയിനിന്റെ മുന്‍ ആഭ്യന്തരമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഡിയാസ് ആണ് ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ചയാക്കിയത്. മുന്‍പാപ്പ ശരിക്കും അങ്ങിനെ പറഞ്ഞിട്ടുണ്ടോ എന്നതിന്റെ നിജസ്ഥിതി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളമാണ്. ഇക്കഴിഞ്ഞ നവംബര്‍ 11­-ന് കത്തോലിക്കാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ‘എക്സ’ല്‍ കുറിച്ച് ഒരു പോസ്റ്റ്‌ വൈറല്‍ ആയിരുന്നു. “ചരിത്രത്തിലുടനീളം സ്പെയിന്‍ ചെയ്തതെന്താണെന്ന് സാത്താനറിയാം: അമേരിക്കന്‍ വന്‍കരയുടെ സുവിശേഷവല്‍ക്കരണം, പ്രതി-നവീകരണ സമയത്ത് സ്പെയിന്‍ വഹിച്ച് പങ്ക്...സാത്താന്‍ ഇതില്‍ കൂടുതല്‍ ആക്രമിക്കും, സാത്താന്‍ സ്പെയിനിനെ ആക്രമിക്കും” എന്ന് മുന്‍പാപ്പ പറഞ്ഞിട്ടുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഈ പരാമര്‍ശത്തേക്കുറിച്ച് മുന്‍പാപ്പയുടെ പ്രസംഗങ്ങളിലോ രചനകളിലോ യാതൊന്നും പറയുന്നില്ല. 2015 ജൂണ്‍ 17-ന് മാറ്റര്‍ ഏക്ലെസ്യ ആശ്രമത്തില്‍ വെച്ച് താനും ബെനഡിക്ട് പതിനാറാമനും തമ്മില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ വെച്ചാണ് മുന്‍പാപ്പ ഇങ്ങിനെ പറഞ്ഞതെന്നാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറയുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സില്‍ വെച്ച് മുന്‍പാപ്പ പറഞ്ഞതിനെക്കുറിച്ച് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വിവരിച്ചു എന്നാണ് കത്തോലിക്കാ ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് ഭാഷാ പങ്കാളിയായ എ.സി.ഐ പ്രെന്‍സായുടെ 2020 ജൂണ്‍ 14-ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാറ്റലോണിയന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളാല്‍ രാജ്യം പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സ്പെയിനിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോഴാണ് മുന്‍പാപ്പ ഈ അഭിപ്രായ പ്രകടനം നടത്തിയതെന്നാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞത്. 2017 ഒക്ടോബറില്‍ കാറ്റലോണിയന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യത്തേക്കുറിച്ച് ഒരു ജനഹിതപരിശോധന നടത്തി. സ്പാനിഷ് സര്‍ക്കാര്‍ ഇതിന് നിയമസാധുത നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കാറ്റലോണിയക്ക് സ്വാതന്ത്ര്യം വേണമെന്നും വേണ്ട എന്നും പറഞ്ഞുകൊണ്ട് നിരവധി പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി. സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയും, ജുണ്ട്സ് പെര്‍ കാറ്റലോണിയയും (ടുഗെദര്‍ ഫോര്‍ കാറ്റല്‍ലോണിയ) തമ്മില്‍ ഉണ്ടാക്കിയ ഒരു കരാറിന്റെ പേരില്‍ സ്പെയിനില്‍ ഇപ്പോള്‍ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉള്ളത്. രാജ്യത്തിന്റെ പരമോന്നത കോടതി രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിച്ച കാറ്റലോണിയന്‍ വിഘടനവാദികള്‍ക്ക് പൊതുമാപ്പ് നല്‍കണമെന്നും ഈ കരാറില്‍ പറയുന്നുണ്ട്. ഈ രാഷ്ട്രീയ കരാറിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി. ‘അധാര്‍മ്മികം’ എന്നാണ് ചില കത്തോലിക്കാ മെത്രാന്‍മാര്‍ ഈ കരാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.