News - 2025

പശ്ചിമേഷ്യയിൽ സമാധാനത്തിന് വേണ്ടി നിനവേ ഉപവാസവും പ്രാർത്ഥനയുമായി ഇറാഖി ക്രൈസ്തവർ

പ്രവാചകശബ്ദം 24-01-2024 - Wednesday

ബാഗ്ദാദ്: ഇറാഖിലും, വിശുദ്ധ നാട്ടിലും ലോകത്തിൻറെ പല സ്ഥലങ്ങളിലും സമാധാനം പുലരാനായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നിനവേ ഉപവാസവുമായി ഇറാഖി ക്രൈസ്തവർ. കൽദായ കത്തോലിക്ക സഭയുടെ തലവൻ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ നേതൃത്വത്തിലാണ് ഉപവാസ പ്രാർത്ഥന നടക്കുന്നത്. നോമ്പുകാലത്തിനു മുന്നോടിയായി എല്ലാവർഷവും നടക്കുന്ന ഈ ഉപവാസത്തിന് 'ബവോതാ ഡി നിനവേ' എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഈ വർഷം ഇരുപത്തിരണ്ടാം തീയതി മുതൽ ഇന്നു ജനുവരി 24 വരെയാണ് ഉപവാസ പ്രാർത്ഥന. യുദ്ധം കൂടാതെ തന്നെ സമാധാനം തേടാൻ ലോക നേതാക്കൾക്ക് പ്രചോദനം ലഭിക്കുന്നതിന് വേണ്ടി ദൈവത്തോട് ശക്തമായി പ്രാർത്ഥിക്കാൻ കർദ്ദിനാൾ സാക്കോ ആഹ്വാനം നൽകി. പ്രശ്ന പരിഹാരങ്ങൾ സാധ്യമാക്കാനും, സഹോദര ബന്ധങ്ങളും, സ്നേഹവും ഊഷ്മളമാക്കാനും പ്രാർത്ഥിക്കണമെന്നും അദ്ദേഹത്തിന്റെ ആഹ്വാനത്തിലുണ്ട്.

യോനാ പ്രവാചകന്‍ മത്സ്യത്തിന്റെ ഉദരത്തിൽ മൂന്നുദിവസം കിടന്നതിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാവർഷവും നിനവേ ഉപവാസം അനുഷ്ഠിക്കപ്പെടുന്നത്. ഇതോടൊപ്പം യോനാ പ്രവാചകൻ നൽകിയ പ്രായശ്ചിത്തത്തിന്റെ ആഹ്വാനം നിനവേ നഗരം ഏറ്റെടുത്ത് ഉപവാസം അനുഷ്ഠിച്ചതിന്റെ ഓർമ്മയും ഇതിലൂടെ ആചരിക്കപ്പെടുന്നു.

രാത്രി മുതൽ ഉച്ചവരെ ക്രൈസ്തവർ ഭക്ഷണത്തിൽ നിന്നും, പാനീയങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട്. നിരവധി പേർ ഈ ദിവസങ്ങളിൽ മാംസം വർജിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭ കാലഘട്ടം മുതൽ ചരിത്രം ഉള്ളവരാണ് ഇറാഖിലെയും സിറിയൻ ക്രൈസ്തവർ. അസ്ഥിരതയ്ക്കും, യുദ്ധത്തിനും ഇടയിലും ഇവരുടെ വിശ്വാസം ഏറെ ആഴപ്പെട്ടതാണെന്നാണ് ശ്രദ്ധേയമായ വസ്തുത.


Related Articles »