News

മൈക്കലാഞ്ചലോയുടെ സുപ്രസിദ്ധമായ 'അന്ത്യവിധി' ചിത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തികളുമായി വത്തിക്കാൻ

പ്രവാചകശബ്ദം 18-08-2025 - Monday

വത്തിക്കാന്‍ സിറ്റി: അന്ത്യവിധിയെ കേന്ദ്രമാക്കി വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലെ അള്‍ത്താരയില്‍ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ മൈക്കലാഞ്ചലോയുടെ 'ദി ലാസ്റ്റ് ജഡ്ജ്മെന്റ്' (അന്ത്യവിധി) എന്ന പെയിന്‍റിംഗ് കലാസൃഷ്ടിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 2026 ജനുവരിയിൽ ആരംഭിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. പെയിന്റിംഗുകളുടെയും മരം ഉള്‍പ്പെടെയുള്ള വസ്തുക്കളുടെയും പുനഃസ്ഥാപനത്തിനായുള്ള വത്തിക്കാൻ മ്യൂസിയങ്ങളുടെ ലബോറട്ടറിയുടെ പുതിയ ഡയറക്ടറായ പൗലോ വയലിനിയാണ് പദ്ധതി സ്ഥിരീകരിച്ചത്. വിശുദ്ധ വാരത്തിന് തൊട്ടുമുമ്പ്, 2026 മാർച്ചോടെ പുനരുദ്ധാരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും വത്തിക്കാന്‍ അറിയിച്ചു.

1536 നും 1541 നും ഇടയിൽ സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താര ഭിത്തിയിൽ മൈക്കലാഞ്ചലോ വരച്ച സുപ്രസിദ്ധ ചിത്രമാണ് 'ദി ലാസ്റ്റ് ജഡ്ജ്മെന്റ്'. പോൾ മൂന്നാമൻ പാപ്പയുടെ കാലയളവിലാണ് ഈ ചിത്രം പൂര്‍ത്തീകരിക്കപ്പെട്ടത്. ക്രിസ്തുവിന്റെ രണ്ടാം വരവിനെയും ആത്മാക്കളുടെ അന്തിമ ന്യായവിധിയെയും ചിത്രീകരിക്കുന്ന മനോഹരമായ ചിത്രം കോടികണക്കിന് തീര്‍ത്ഥാടകരുടെ ശ്രദ്ധാകേന്ദ്രമാണ്. ക്രിസ്തുവിനെ വിശുദ്ധന്മാരാലും മാലാഖമാരാലും ചുറ്റപ്പെട്ട ഒരു ശക്തനായ കേന്ദ്ര വ്യക്തിയായി ചിത്രീകരിച്ചിരിക്കുന്നു. വിശാലമായ രചനയിൽ മുന്നൂറിലധികം രൂപങ്ങളാണ് ഉൾപ്പെടുന്നത്. വാഴ്ത്തപ്പെട്ടവർ സ്വർഗത്തിലേക്ക് ഉയരുന്നതും ശപിക്കപ്പെട്ടവർ നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതും ചിത്രത്തിലുണ്ട്.

മൂന്ന് മാസത്തെ പദ്ധതിയിൽ, സ്കാഫോൾഡിംഗ് ഉപയോഗിച്ച് 12 ജോലിക്കാര്‍ ഒരേ സമയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വത്തിക്കാൻ മ്യൂസിയങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പുറത്തുനിന്നുള്ള ജീവനക്കാരുടെ പിന്തുണയോടെ ഏകദേശം 26 വിദഗ്ധർ ഈ പദ്ധതികളിൽ പ്രവർത്തിക്കുമെന്ന് പൗലോ വയലിനി വ്യക്തമാക്കി. മഹത്തായ കലാസൃഷ്ടികൾ സംരക്ഷിക്കുക മാത്രമല്ല, അവയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ക്രിസ്തീയ സന്ദേശവും വിശ്വാസവും സംരക്ഷിക്കുക എന്നതാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »