News

മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞാല്‍ മാത്രമേ നാം അവിടുത്തെ ഉത്ഥാനത്തിന്റെ വിജയത്തിൽ പങ്കുകാരാകൂ: മാര്‍ ജോസഫ് സ്രാമ്പിക്കൽ

പ്രവാചകശബ്ദം 30-03-2024 - Saturday

പ്രസ്റ്റണ്‍: മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞും അവനെപ്രതി ശൂന്യരായിതീർന്നും മാത്രമേ നാമും അവിടുത്തെ ഉത്ഥാനത്തിന്റെ വിജയത്തിൽ പങ്കുകാരാകൂവെന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഈസ്റ്ററിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ഉത്ഥാനത്തിൽ വിശ്വസിക്കുകയും ഉത്ഥിതനെ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ ഈശോയാകുന്ന യഥാർത്ഥ സമാധാനത്തെയാണ് നാം സ്വീകരിക്കുന്നതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മപ്പെടുത്തി.

സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം: ‍

'തിരുനാളുകളുടെ തിരുനാളെന്ന്' വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കർത്താവിൻ്റെ തിരുവുത്ഥാനത്തിന്റെ സമാധാനവും സന്തോഷവും എല്ലാവർക്കും ആശംസിക്കുന്നു. മിശിഹായുടെ ഉത്ഥാനം പാപത്തിന്റെയും മരണത്തിൻ്റെയുംമേലുള്ള സമ്പൂർണ്ണ വിജയാഘോഷമാണ്. മിശിഹായുടെ ഉത്ഥാ നവും അവിടുന്ന് പ്രവർത്തിച്ച പുനരുജ്ജീവനങ്ങളുമായുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടതുണ്ട്. മിശിഹാ പുനരുജ്ജീവിപ്പിച്ചവർ (ജായ്‌റോസിൻ്റെ മകൾ, നായിനിലെ വിധവയുടെ മകൻ, ബഥാനിയായിലെ ലാസർ) മരണത്തിൻ്റെ നിയമത്തിന് വീണ്ടും വിധേയരായവരാണ്. ആ പുനരുജ്ജീവനങ്ങൾ ഈശോ ജീവൻ്റെ നാഥനാണെന്ന് വെളിപ്പെടുത്തുന്ന അടയാളങ്ങളായിരുന്നു. എന്നാൽ മിശിഹായുടെ ഉത്ഥാനമാകട്ടെ, മരണത്തിൻ്റെമേലുള്ള സമ്പൂർണ്ണ വിജയവും മർത്യതയിൽ നിന്ന് അമർത്യതയിലേക്കും, മാനുഷികതയിൽ നിന്ന് ദൈവികതയിലേക്കുമുള്ള പരിപൂർണ്ണ രൂപാന്തരീകരണവുമാണ്.

ഉത്ഥാനം ചെയ്‌ത മിശിഹായിലുള്ള വിശ്വാസം വഴി നാം പ്രത്യാശിക്കുന്നത് അവിടുത്തേതിന് തുല്യമായ ഉത്ഥാന മഹത്വത്തെയാണ്. "കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെതന്നെ ശുന്യനാക്കിയാണ് മിശിഹാ പാപത്തിൻ്റെയും മരണത്തിൻ്റെയും മേൽ വിജയം ആഘോഷിക്കുകയും എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം അവന് നൽകപ്പെടുകയും ചെയ്തതെങ്കിൽ"(ഫിലിപ്പി 2:9), മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞും അവനെപ്രതി ശൂന്യരായിതീർന്നും മാത്രമേ നാമും അവിടുത്തെ ഉത്ഥാനത്തിൻ്റെ വിജയത്തിൽ പങ്കുകാരാകൂ. നോമ്പിൻ്റ 50 ദിവസങ്ങൾ മിശിഹായോടൊപ്പം നമ്മെ ശൂന്യരാക്കിയ കാലമായിരുന്നല്ലോ.

ഉത്ഥാനം ചെയ്ത മിശിഹാ നമുക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം അവിടുത്തെ സമാധാനമാണ്. "സമാധാനം നിങ്ങളോടുകൂടെ" എന്നതാണാല്ലോ ഉത്ഥിതൻ്റെ ആദ്യത്തെ ആശംസ, ഈശോ തന്നെയാണ് യഥാർത്ഥ സമാധാനം. അവിടുന്ന് നമുക്ക് തന്നെത്തന്നെയാണ് നൽകുന്നത്. അതിനാൽ ഉത്ഥാനത്തിൽ വിശ്വസിക്കുകയും ഉത്ഥിതനെ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ ഈശോയാകുന്ന യഥാർത്ഥ സമാധാനത്തെയാണ് നാം സ്വീകരിക്കുന്നത്. ആശങ്കകളും, ഭയവും, അസമാധാനവും നിറഞ്ഞ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ "സമാധാനത്തിൻ്റെ ദൈവം നിങ്ങൾ ഓരോരുത്തരുടെയും കൂടെ ഉണ്ടായിരിക്കട്ടെ" (ഫിലിപ്പി 4:9) എന്ന് പ്രാർത്ഥിക്കുകയും, ഉയിർപ്പു തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.

മിശിഹായിൽ സ്‌നേഹപൂർവ്വം,

ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ (ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കി).

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »