News

യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ?: സ്വയം ചോദിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 08-04-2024 - Monday

വത്തിക്കാന്‍ സിറ്റി: യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ തന്നെ അനുവദിക്കുന്നുണ്ടോയെന്നു സ്വയം ചോദിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനാ വേളയിൽ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവിൻറെ പുനരുത്ഥാനത്തിന്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ? യേശു ഉയിർത്തെഴുന്നേറ്റുവെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? പാപത്തിന്റെയും ഭയത്തിന്റെയും മരണത്തിന്റെയും മേലുള്ള അവന്റെ വിജയത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ? കർത്താവായ യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ? എന്റെ സഹോദരീ സഹോദരന്മാരെ സ്നേഹിക്കാനും അനുദിനം പ്രത്യാശ പുലർത്താനുമുള്ള പ്രചോദനം അവനിൽ നിന്നു സ്വീകരിക്കാൻ ഞാൻ എന്നെ അനുവദിക്കുമോ? എല്ലാവരും ഇതിനെക്കുറിച്ച് ചിന്തിക്കണമെന്നും പാപ്പ പറഞ്ഞു.

പലതും ആസ്വദിക്കാനും കൈവശപ്പെടുത്താനുമുള്ള ഭ്രാന്തമായ ഓട്ടത്തിലേക്ക് അസ്തിത്വത്തെ ചുരുക്കുന്നവരുണ്ട്: തിന്നുകയും കുടിക്കുകയും ചെയ്യുക, ആസ്വദിക്കുക, പണവും വസ്തുക്കളും സമ്പാദിക്കുക, ശക്തവും നൂതനവുമായ വികാരങ്ങൾ അനുഭവിക്കുക തുടങ്ങിയവ. ആദ്യനോട്ടത്തിൽ ആസ്വാദ്യകരമെന്നു തോന്നാമെങ്കിലും ഹൃദയത്തെ തൃപ്തിപ്പെടുത്താത്ത ഒരു പാതയാണിത്. ഇങ്ങനെയല്ല ഒരുവന് "ജീവൻ" ഉണ്ടാകുക, കാരണം ആനന്ദത്തിൻറെയും അധികാരത്തിൻറെയും പാതയിലൂടെ ഒരുവൻ സന്തോഷം കണ്ടെത്തില്ല. വാസ്‌തവത്തിൽ, അസ്‌തിത്വത്തിൻറെ പല മാനങ്ങളും ഉത്തരം കിട്ടാതെ കിടക്കുന്നു. ഉദാഹരണത്തിന്, സ്‌നേഹം, വേദനയുടെയും പരിമിതികളുടെയും മരണത്തിൻറെയുമായ അനിവാര്യ അനുഭവങ്ങൾ.

ഇനി നമുക്കെല്ലാവർക്കും പൊതുവായ സ്വപ്നം സഫലമാകാതെ കിടക്കുന്നു: എന്നേക്കും ജീവിക്കാമെന്നും അനന്തമായി സ്നേഹിക്കപ്പെടാമെന്നുമുള്ള പ്രതീക്ഷ. നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്ന ജീവിതത്തിൻറെ ഈ പൂർണ്ണത യേശുവിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് സുവിശേഷം പറയുന്നു: അവിടന്നാണ് നമുക്ക് ജീവൻറെ പൂർണ്ണത നൽകുന്നത്. എന്നാൽ അതിലേക്ക് എങ്ങനെ പ്രവേശിക്കാനാകും, എങ്ങനെ അത് അനുഭവിച്ചറിയാം? സുവിശേഷത്തിൽ ശിഷ്യന്മാർക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്ക് നോക്കാം.

ജീവിതത്തിലെ ഏറ്റവും ദാരുണമായ നിമിഷത്തിലൂടെയാണ് അവർ കടന്നുപോകുന്നത്: പീഢാനുഭവത്തിൻറെ നാളുകൾക്ക് ശേഷം അവർ പേടിച്ച് നിരാശരായി സെഹിയോൻശാലയിൽ അടച്ചിരിക്കുന്നു. ഉത്ഥിതൻ അവരുമായി കൂടിക്കാഴ്ചനടത്താൽ എത്തുന്നു, ആദ്യംതന്നെ അവിടന്ന് തൻറെ മുറിവുകൾ കാണിക്കുന്നു (യോഹന്നാൻ 20,20). അവ കഷ്ടപ്പാടുകളുടെയും വേദനയുടെയും അടയാളങ്ങളായിരുന്നു, കുറ്റബോധം ഉണർത്താൻ പോന്നവയായിരുന്നു അവ. എന്നിരുന്നാലും യേശുവിൽ അവ കരുണയുടെയും ക്ഷമയുടെയും ചാലുകളായി മാറുന്നു.

അങ്ങനെ യേശുവിനോടുകൂടെയാകുമ്പോൾ ജീവൻ എപ്പോഴും ജയിക്കുമെന്നും മരണവും പാപവും തോൽപ്പിക്കപ്പെടുമെന്നും ശിഷ്യന്മാർ കാണുകയും കൈകൊണ്ട് തൊട്ടറിയുകയും ചെയ്യുന്നു. ഒരു പുതിയ ജീവൻ പ്രദാനം ചെയ്യുന്ന അവിടത്തെ ആത്മാവിൻറെ ദാനം അവർ, സന്തോഷവും സ്നേഹവും പ്രത്യാശയും നിറഞ്ഞ വത്സലമക്കളെന്ന നിലയിൽ, സ്വീകരിക്കുന്നു. ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കുന്നു: നിങ്ങൾക്ക് പ്രതീക്ഷയുണ്ടോ? എല്ലാവരും സ്വയം ചോദിക്കുക: എന്റെ പ്രതീക്ഷ എങ്ങനെ പോകുന്നു?

ക്രൂശിതനും ഉത്ഥിതനുമായ യേശുവിൽ നിങ്ങളുടെ നോട്ടം ഉറപ്പിക്കുക, കൂദാശകളിലും പ്രാർത്ഥനയിലും അവനുമായി കൂടിക്കാഴ്ച നടത്തുക, അവൻറെ സാന്നിധ്യം തിരിച്ചറിയുക, അവനിൽ വിശ്വസിക്കുക, അവൻറെ കൃപയാൽ സ്പർശിക്കപ്പെടാനും അവൻറെ മാതൃകയാൽ നയിക്കപ്പെടാനും സ്വയം അനുവദിക്കുക, അവനെപ്പോലെ സ്നേഹിക്കുന്നതിലുള്ള സന്തോഷം അനുഭവിക്കുക. യേശുവുമായുള്ള ഓരോ കണ്ടുമുട്ടലും, അവനുമായുള്ള ഒരോ സജീവകൂടിക്കാഴ്ചയും കൂടുതൽ ജീവനുണ്ടാകാൻ നമ്മെ അനുവദിക്കുന്നു. യേശുവിനെ തേടുക, നമ്മെ കാണാൻ അവനെ അനുവദിക്കുക - കാരണം അവൻ നമ്മെ അന്വേഷിക്കുന്നു, യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കായി നമ്മുടെ ഹൃദയം തുറക്കണമെന്നും പാപ്പ പറഞ്ഞു. യുക്രൈനും പലസ്തീനും ഇസ്രായേലിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനും ആഹ്വാനം നല്‍കിക്കൊണ്ടാണ് പാപ്പ സന്ദേശം ചുരുക്കിയത്.


Related Articles »