News
ഇസ്ലാമിന്റെ ആഗമനവും മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സഭകളുടെ തിരോധാനവും | ലേഖനപരമ്പര 12
ഡോ. തോമസ് കറുകക്കളം 02-06-2024 - Sunday
ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭം മധ്യപൂർവദേശത്താണ്. അവിടെ ക്രിസ്തീയ വിശ്വാസത്തിന് 2000 വർഷത്തെ പഴക്കമുണ്ട്. നാലുമുതൽ പതിമൂന്നുവരെയുള്ള നൂറ്റാണ്ടുകൾ പൊതുവേ ക്രൂരമായ മതപീഡനങ്ങളുടെ കാലമായിരുന്നെങ്കിലും മധ്യപൂർവദേശത്ത് അതു ക്രിസ്തുമതത്തിന്റെ സുവർണകാലഘട്ടമായിരുന്നു. ഈ കാലയളവിലാണ് ക്രൈസ്തവവിശ്വാസം ചൈനയിലേക്കും മധ്യപൂർവ ഏഷ്യയിലേക്കും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചത്. റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റയിൻ എ.ഡി. 313-ൽ ക്രിസ്ത്യാനിയായതോടെ ക്രിസ്തുമതത്തിനു റോമാസാമ്രാജ്യത്തിൽ സ്വാതന്ത്ര്യം ലഭിക്കുകയും അഭൂതപൂർവകമായ വളർച്ച അതിനുണ്ടാവുകയും ചെയ്‌തു. 7-ാം നൂറ്റാണ്ടിൽ ബൈസന്റയിൻ സാമ്രാജ്യം ലോകത്തിലെ വലിയ രണ്ടു രാഷ്ട്രീയ-മതശക്തികളിൽ ഒന്നായി. അതുകൊണ്ടുതന്നെ സഭയുടെ ആദ്യത്തെ സാർവത്രിക സൂനഹദോസുകൾ ബൈസൻ്റയിൻ സാമ്രാജ്യത്തിലാണു വിളിച്ചു ചേർക്കപ്പെട്ടതും.
ഏഷ്യൻ ഭൂഖണ്ഡത്തിൽപ്പെട്ട അറേബ്യ, ഇസ്ലാമിൻ്റെ വരവിനു മുമ്പ് ഒരു സെമിറ്റിക് മേഖലയായിരുന്നു. സെമിറ്റിക് വിഭാഗത്തിൽപ്പെട്ട ഹീബ്രു, അറമായ, സുറിയാനി, അറബിക് തുടങ്ങിയ ഭാഷകൾ സംസാരിച്ചിരുന്ന ബാബിലോണിയക്കാർ, അസീറിയക്കാർ, ഫിനീഷ്യർ, യഹൂദർ, അറബികൾ എന്നിവരായിരുന്നു ഇവിടത്തെ നിവാസികൾ. അറേബ്യയിലെ ഗോത്രവർഗക്കാർ പൊതുവേ ബഹു ദൈവവിശ്വാസികൾ ആയിരുന്നുവെങ്കിലും ഏകദൈവവിശ്വാസികളായ യഹൂദരും ക്രൈസ്‌തവരും അവിടെ പാർത്തിരുന്നു. ഇസ്ലാമിന്റെ തുടക്കത്തിൽ അറേബ്യയിൽ മൂന്നു വിഭാഗം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു: നെസ്തോറിയൻസ്, ഏകസ്വഭാവവാദികൾ, മെൽക്കയിറ്റ് ക്രിസ്ത്യാനികൾ. ഇവർ പ്രബുദ്ധരും ശ്രേഷ്ഠമായ ധാർമികജീവിതം നയിക്കുന്നവരുമായിരുന്നു.
എ.ഡി. 624-ൽ ഒരു മക്കക്കാരന്റെ വാണിജ്യസംഘത്തെ ആക്രമിച്ചും സമ്പത്തിനും സ്വത്തുവകകൾക്കും വേണ്ടി 70 പേരെ വധിച്ചുകൊണ്ടുമാണ് മുഹമ്മദിന്റെ അധിനിവേശത്തിന്റേയും ആധിപത്യത്തിന്റെയും ചരിത്രം ആരംഭിക്കുന്നത്. 630-നും 632-നുമിടയിൽ മുഹമ്മദിൻ്റെ നേത്യത്വത്തിൽ മുസ്ലീങ്ങൾ അറേബ്യയുടേയും തെക്കൻ പലസ്‌തീനയുടെ ഭൂരിഭാഗവും അധിനിവേശങ്ങളിലൂടെ കീഴടക്കി. ഈ അധിനിവേശങ്ങളെ അദ്ദേഹം 'വിശുദ്ധ യുദ്ധം' എന്നാണു വിശേഷിപ്പിച്ചത്.
മുഹമ്മദിനുശേഷം പുതിയ മുസ്ലീം ഖലീഫ ആയിരുന്ന അബു ബക്കർ (എ. ഡി. 632-634) ഇസ്ലാമിക് അധിനിവേശങ്ങളും കീഴ്പ്പെടുത്തലുകളും തുടർന്നു. ബൈസൻ്റയിൻ സാമ്രാജ്യത്തിൻ്റെ സമ്പന്ന ഭാഗങ്ങൾ അവരുടെ കൈവശമായി. കിഴക്കുദേശത്തുനിന്നു ക്രിസ്തു മതത്തെ പൂർണമായി ഉന്മൂലനം ചെയ്‌തു. അബൂബക്കറിനുശേഷം വന്ന ഒമർ ഖലീഫ (എ. ഡി. 634-644) പലസ്‌തീന, സിറിയ, ഈജിപത്, പേർഷ്യ എന്നീ രാജ്യങ്ങൾ കീഴടക്കി. പ്രശസ്‌ത ക്രിസ്‌തീയ കേന്ദ്രമായിരുന്ന അന്ത്യോക്യൻ പാത്രിയാർക്കേറ്റ് 637-ലും നമ്മുടെ കർത്താവിന്റെ രക്ഷാകരസംഭവങ്ങളുടെ വേദിയായ ജറൂസലേം പാത്രിയാർക്കേറ്റ് 636-ലും അലക്‌സാൻഡ്രിയൻ പാത്രിയാർക്കേറ്റ് 641-ലും പൂർണമായി മുസ്ലീം ഭരണത്തിൻ കീഴിലായി.
വിശ്വാസസത്യങ്ങളെക്കുറിച്ച് ക്രിസ്‌ത്യാനികളുടെ തന്നെ ഇടയിൽ ഉണ്ടായിരുന്ന വിവാദങ്ങളും അതുമൂലമുണ്ടായ ഭിന്നതകളും ഈ ക്രിസ്തീയ കേന്ദ്രങ്ങളുടെമേലുള്ള മുസ്ലീം അധിനിവേശം എളുപ്പമാക്കിത്തീർത്തു. ഖാലിഫ് ഉസ്‌മാൻ (എ. ഡി. 644-656) അർമേനിയയും സൈപ്രസും പിടിച്ചെടുക്കുകയും കാർത്തേജ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ദമാസ്‌കസിൽ ഖാലിഫേറ്റ് സ്ഥാപിച്ച് ഉമയാദ് വംശം (എ. ഡി. 661-750) ഇൻഡ്യയും തുർക്കിയും വരെയുള്ള പ്രദേശങ്ങളും ആഫ്രിക്കയുടെ പടിഞ്ഞാറെ തീരവും കീഴടക്കി സ്പെയിനിലെത്തി.
ചുരുക്കത്തിൽ, 1500 വർഷം നീളുന്ന മുസ്ലീം അധിനിവേശത്തിൽ നൂറുകണക്കിനു രാജ്യങ്ങൾ മുസ്ലീം ആധിപത്യത്തിൻ കീഴിലായി. അവർ പിടിച്ചെടുത്ത സ്ഥലങ്ങളിലെല്ലാം ജനങ്ങളുടെ ഇഷ്ടത്തിനു വിപരീതമായി ഇസ്ലാമികനിയമം പരമപ്രധാനമായി അടിച്ചേല്പ്പിച്ചു. അറബിഭാഷ നിർബന്ധമാക്കി; പരസ്യാരാധന മുടക്കി അറേബ്യയിൽനിന്നു ക്രൈസ്‌തവരേയും യഹൂദരേയും നാടുകടത്തി.
തത്‌ഫലമായി, ശക്തമായ ക്രിസ്‌തീയ സാന്നിദ്ധ്യം ഉണ്ടായിരുന്ന പല സ്ഥലങ്ങളിലും സഭ ക്ഷയിച്ചു. അധീനപ്പെടുത്തിയ സ്ഥലങ്ങളിൽ അവർ രണ്ടുതരം പൗരന്മാരെ സൃഷ്ടിച്ചു. മുസ്ലീങ്ങളും അമുസ്ലീങ്ങളും. മുസ്ലീങ്ങൾ അല്ലാത്തവർക്ക് ഭാരിച്ച നികുതി (ജിസ്യ) ചുമത്തി. അന്യായമായ വ്യവസ്ഥകളുള്ള ഉമറിൻ്റെ ഉടമ്പടി (Pact of Umar) പോലുള്ള കരാറുകൾ അമുസ്ലീങ്ങളുടെമേൽ അവർ അടിച്ചേല്പിച്ചു. അതുപ്രകാരം, ക്രിസ്‌ത്യാനികൾക്കോ യഹൂദർക്കോ ഒരു പുതിയ ദൈവാലയം നിർമിക്കുന്നതിനോ പഴയവ പുനരുദ്ധരിക്കുന്നതിനോ അവകാശമില്ലായിരുന്നു. ആരാധനാലയങ്ങളും ഭവനങ്ങളും മോസ്കിനെക്കാൾ ഉയരം കുറഞ്ഞവയായിരിക്കണം. ക്രിസ്ത്യന്‍ പള്ളികളിലും ഭവനങ്ങളിലും മുസ്ലീങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കയറുകയും താമസിക്കുകയും ചെയ്യാം. ക്രിസ്ത്യാനികൾ വിശ്വാസാചാരങ്ങളോ മതകർമങ്ങളോ പരസ്യമായി നടത്താൻ പാടില്ല. ചുരുക്കത്തിൽ, ഈ പ്രദേശങ്ങളിൽ ഖുർആൻ നിയമമനുസരിച്ചു മാത്രമേ അമുസ്ലീങ്ങൾക്കു ജീവിക്കുവാൻ സാധിക്കുമായിരുന്നുള്ളു.
മുസ്ലീങ്ങൾ അധിനിവേശം നടത്തിയ ആദ്യ പ്രദേശങ്ങളിലൊന്നായിരുന്നു പലസ്‌തീൻ. എ.ഡി. 636-ൽ ആരംഭിച്ച കീഴടക്കൽ പിൽക്കാലത്ത് വടക്കേ ആഫ്രിക്കയിലേക്കും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇസ്ലാംമതം സ്വീകരിക്കാൻ എല്ലാവരും നിർബന്ധിക്കപ്പെട്ടതോടെ ക്രിസ്‌തീയ കേന്ദ്രങ്ങൾ മിക്കവാറും നാമാവശേഷമായിത്തീർന്നു. ബൈസന്റയിൻ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ ഒന്നാമൻ (എ.ഡി. 532-537) പണികഴിപ്പിച്ചതായിരുന്നു ഹഗിയ സോഫിയ (Hagia Sophia) അല്ലെങ്കിൽ ചർച്ച് ഓഫ് ദി ഡിവൈൻ വിസ്‌ഡം (Church of the Divine Wis- dom) എന്നറിയപ്പെടുന്ന ദൈവാലയം. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിൻ്റെ കത്തീഡ്രൽ ആയിരുന്ന ഈ ദൈവാലയത്തെ, 1453-ൽ കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കിയ തുർക്കികൾ ഒരു മോസ്‌ക് ആക്കിമാറ്റി.
അന്ത്യോക്യയിലെ സഭ
ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യകാല കേന്ദ്രങ്ങളിലൊന്നായിരുന്നു അന്ത്യോക്യ. ഇവിടെവച്ചാണ് ഈശോയിൽ വിശ്വസിക്കുന്നവർ ആദ്യമായി “ക്രിസ്ത്യാനികൾ' എന്ന് വിളിക്കപ്പെട്ടത് (നടപടി 11:26). സിറിയായിൽ ആധുനിക അൻടെക്കിയാക്കടുത്തുള്ള പുരാതന പട്ടണമാണ് അന്ത്യോക്യ. യവന റോമാസാമ്രാജ്യത്തിലെ ഏറ്റവും പ്രധാന പട്ടണങ്ങളിൽ ഒന്നായിരുന്നു ഇത്. സ്തേഫാനോസിൻ്റെ മരണത്തെതുടർന്ന് ജറുസലേമിൽനിന്നു ചിതറിക്കപ്പെട്ട് അന്ത്യോക്യയിൽ ചെന്നെത്തിയ വിശ്വാസികളുടെ സാക്ഷ്യം മൂലം വളരെ പേര്‍ മാനസാന്തരപ്പെട്ട് ക്രൈസ്തവവിശ്വാസം സ്വീകരിച്ചു (നടപടി 11,19-22). അന്ത്യോക്യയിലെ സഭ വളരെ ധനികമായിരുന്നു (നടപടി 11,27-30). കൂടാതെ, പ്രവാചകന്മാരാൽ സമ്പന്നവുമായിരുന്നു (നടപടി 11,27). പൗലോസ് ശ്ലീഹായുടെ പ്രേഷിതയാത്രകൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ് (നടപടി 13,1-4). എ.ഡി. 4-ാം നൂറ്റാണ്ടോടുകൂടി അന്ത്യോക്യ ഏറ്റവും പ്രധാന ദൈവശാസ്ത്രകേന്ദ്രമായി. ആദിമസഭയിലെ അഞ്ചു പാത്രിയാർക്കേറ്റുകളിൽ ഒന്നായിരുന്നു അന്ത്യോക്യ. ഈ സഭ നിരവധി രക്തസാക്ഷികളെയും വിശുദ്ധരെയും സഭാപിതാക്കന്മാരെയും സാർവത്രികസഭയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്.
പേർഷ്യക്കാർ 538-40-ലും 611-ലും അന്ത്യോക്യ കീഴടക്കുകയും നശിപ്പിക്കുകയും ചെയ്‌തു. ബൈസന്റയിൻ ചക്രവർത്തിയായ ഹെരാക്ലിയൂസ് പേർഷ്യക്കാരെ പരാജയപ്പെടുത്തി; എങ്കിലും 638-ൽ വീണ്ടും മുസ്ലീങ്ങൾ ഇവിടെ കീഴടക്കി. തുടർന്നു മുസ്ലീങ്ങൾ ജറുസലേം, ഗാസ, അലക്സാൻഡ്രിയ എന്നിവിടങ്ങളിലെല്ലാം ആധിപത്യമുറപ്പിച്ചു. 742-ൽ മുസ്ലീം ആധിപത്യം പൂർണമായി അറബിഭാഷ നിർബന്ധമാക്കിയതോടെ അന്നുവരെ വലിയ സ്വാധീനമുണ്ടായിരുന്ന ഗ്രീക്കുഭാഷ ക്ഷയിച്ചു; ക്രമേണ ഇവിടുത്തെ സഭ നാമ മാത്രമായി ചുരുങ്ങുകയും ചെയ്തു.
സുവിശേഷം എഴുതപ്പെട്ട സഭകൾ
പുതിയനിയമത്തിലെ നാലു സുവിശേഷങ്ങള്‍ (മത്തായി മർക്കോസ്, ലൂക്കാ, യോഹന്നാൻ) നാലു വ്യത്യസ്‌ത സ്ഥലങ്ങളിലെ സഭകൾക്കുവേണ്ടി എഴുതപ്പെട്ടവയാണ്. മത്തായി യൂദയായിലെയും മർക്കോസ് റോമിലെയും ലൂക്കാ ഈജിപ്ത്‌തിലെയും യോഹന്നാൻ എഫേസൂസിലെയും സഭകൾക്കെഴുതി, ശക്തമായ സഭാസമൂഹങ്ങളുണ്ടായിരുന്ന ഈ സഭകൾക്ക് പിൽക്കാലത്ത് എന്തു സംഭവിച്ചു? ഈ സ്ഥലങ്ങളിൽ ഇന്ന് വിശ്വാസികളുടെ അവസ്ഥ എന്താണ്?
ജറുസലേമിൻ്റെ പതനത്തിനു ശേഷം (എ.ഡി. 70) സിറിയാപോലെയുള്ള രാജ്യങ്ങളിൽ അഭയം നേടിയ യഹൂദ ക്രിസ്ത്യാനികൾക്ക് വേണ്ടിയാവാം മത്തായി സുവിശേഷം എഴുതിയത്. ജറുസലേമിന്റെ പതനത്തിനുശേഷം (എ.ഡി. 70) സിറിയാപോലെയുള്ള രാജ്യങ്ങളിൽ അഭയം നേടിയ യഹൂദ ക്രിസ്ത്യാനികൾക്ക് വേണ്ടിയാവാം മത്തായി സുവിശേഷം എഴുതിയത്. ഈശോയുടെ പരസ്യജീവിതവും രക്ഷാകര സംഭവങ്ങളായ സഹന-മരണ-ഉത്ഥാന-സ്വർഗാരോഹണങ്ങളും അരങ്ങേറിയ സ്ഥലങ്ങളായിരുന്നു ഗലീലി, സമറിയ, യൂദാ എന്നിവ. യൂദയായുടെ തലസ്ഥാനമായ ജറുസലേമിലാണ് പന്തക്കുസ്താദിനത്തിൽ വി. പത്രോസിൻ്റെ പ്രസംഗത്തിന്റെ ഫലമായി സഭ ആദ്യമായി രൂപംകൊണ്ടത്. എ.ഡി. 7-ാം നൂറ്റാണ്ടിൽ ഇസ്ലാമികഭരണം യൂദയായിൽ എത്തിയപ്പോൾമുതൽ സഭ ഞെരുക്കപ്പെടുവാൻ തുടങ്ങി. 'യൂദയാ' എന്ന പേരുപോലും അപ്രത്യക്ഷമായി; പകരം 'വെസ്റ്റ് ബാങ്ക്' എന്ന പേര് നിലവിൽ വന്നു. ഇന്ന് അവിടെ സഭ നാമമാത്രമായേയുള്ളു. വിശുദ്ധ നാട്ടിലെ ഒട്ടുമിക്കവാറും സ്ഥലങ്ങൾ ഇന്നു മുസ്ലീങ്ങളുടെ അധീനതയിലാണ്.
ലൂക്കാ സുവിശേഷം അറിയിച്ച ഈജിപ്ത‌് എ.ഡി. 6-ാം നൂറ്റാണ്ടിൽ ബൈസന്റയിൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്നു. അതിപുരാതനമായ ഒരു ക്രിസ്‌തീയരാജ്യവും ശക്തമായ വിശ്വാസ കേന്ദ്രവുമായിരുന്ന ഈജിപ്ത് എ.ഡി. 7-ാം നൂറ്റാണ്ടുമുതൽ മുസ്ലീം ആധിപത്യത്തിലായി. എ.ഡി. 10-ാം നൂറ്റാണ്ടോടെ ഈജിപ്ത് ഒരു ഇസ്ലാമിക രാജ്യമായി. ഇപ്പോൾ 10% ൽ താഴെ ക്രിസ്‌ത്യാനികൾ മാത്രമേ അവിടെയുള്ളൂ. ഇന്നും നിരന്തരം പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സഭയാണ് ഈജിപ്‌തിലേത്.
എഫേസൂസിലെ സഭ
പുതിയനിയമത്തിൽ ഏഷ്യാമൈനർ എന്നറിയപ്പെടുന്നത് ഇന്നത്തെ തുർക്കിയാണ്; അവിടെയാണ് ബൈസന്റയിൻ സാമ്രാജ്യത്തിലായിരുന്ന എഫേസൂസ്. നൂറുശതമാനം ക്രിസ്‌ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന ബൈസൻ്റയിൻ സാമ്രാജ്യത്തിൽ തുർക്കികളുടെ ആധിപത്യത്തോടെ ഇപ്പോൾ 0.01% ക്രിസ്ത്യാനികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വിശുദ്ധ പൗലോസിൻ്റെ രണ്ടും മൂന്നും പ്രേഷിതയാത്രകളുടെ (എ.ഡി. 52- 57) പ്രധാന കേന്ദ്രം എഫേസൂസായിരുന്നു (നട 18;19-21) 19:8-10; 1 തിമോ 1:3).
യോഹന്നാൻ ശ്ലീഹായും എഫേസൂസിൽ സുവിശേഷപ്രഘോഷണം നടത്തിയിരുന്നു; അദ്ദേഹത്തിൻ്റെ സുവിശേഷ വിവരണവും എഫേസൂസിലെ സഭയ്ക്ക വേണ്ടിയായിരുന്നു. എല്ലാറ്റിലും ഉപരിയായി വെളിപാട് പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന ആറു സഭകൾ എഫേസൂസിൽനിന്നുള്ള പ്രേഷിതപ്രവർത്തനങ്ങളുടെ ഫലമായി രൂപംകൊണ്ടവയായിരുന്നു. ഇത്രമാത്രം ശക്തമായിരുന്ന സഭയാണ് മുസ്ലീം ആധിപത്യത്തിൽ ഇന്നു നാമാവശേഷമായിത്തീർന്നിരിക്കുന്നത്.
സായുധ മാർഗത്തിലൂടെയുള്ള ഇസ്ലാമിൻ്റെ വ്യാപനം മുസ്ലീങ്ങളുടെ മതപരമായ കടമയായിട്ടാണ് ആരംഭകാലംമുതൽ കരുതപ്പെടുന്നത്. ലോകം മുഴുവൻ ഇസ്ലാമിൻ്റെ കീഴിൽ ആകുന്നതുവരെ ജിഹാദ് തുടർന്നുകൊണ്ടിരിക്കുക (സൂറ 9,29) എന്നതാണു പ്രമാണം. ചരിത്രത്തിൽ വിവരിക്കപ്പെടുന്ന ഇസ്ലാമിക അധിനിവേശങ്ങളെല്ലാം അവരുടെ മതഗ്രന്ഥമായ ഖുർആനിലും ഹദീസുകളിലും പ്രസ്‌താവിച്ചിരിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ്.
ഇസ്ലാമിക അധിനിവേശങ്ങളെ മുസ്ലീങ്ങൾ പരോപകാര പ്രവൃത്തികളായാണു വ്യാഖ്യാനിക്കുന്നത്. ഇവയെ 'തുറക്കൽ' എന്നർത്ഥമുള്ള 'ഫുതൂഹ്' (Futuh) എന്നവർ വിളിക്കുന്നു. അതായത് കീഴടക്കിയ രാജ്യങ്ങളെ ഇസ്ലാമിന്റെ വെളിച്ചത്തിലേക്കു “തുറക്കുന്നു' എന്നർത്ഥം. അതിനാൽ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അധിനിവേശങ്ങൾ ഒരു പുണ്യകർമ്മം മാത്രമാണ്.
ഇസ്ലാമിന്റെ ഉദയത്തിനുമുമ്പ് പുരാതന പേർഷ്യയിലെ ക്രിസ്ത്യാനികൾ അതിക്രൂരമായ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. അന്ത്യോക്യാ, എദേസ്സ എന്നിവിടങ്ങളിൽനിന്നുള്ള മിഷനറിമാരുടെ പ്രവർത്തനഫലമായി പേർഷ്യൻ സഭയ്ക്കുണ്ടായ വളർച്ചയിൽ അസൂയാലുക്കളായ സൊറാസ്ട്രിയൻ മതവിശ്വാസികളായിരുന്ന പേർഷ്യൻ ഭരണാധികാരികൾ എ.ഡി. 340 മുതൽ 40 വർഷക്കാലം തുടർന്ന മതപീഡനത്തിൽ 190,000 പേർഷ്യൻ ക്രിസ്‌ത്യാനികൾ രക്തസാക്ഷികളായതായി കണക്കാക്കപ്പെടുന്നു.
ഏഴാം നൂറ്റാണ്ടിനുശേഷം വന്ന മുസ്ലീങ്ങൾ പേർഷ്യൻ സാമ്രാജ്യത്തിലെ ക്രിസ്‌ത്യാനികളോട് ആദ്യമൊക്കെ സഹിഷ്ണുത പുലർത്തിയെങ്കിലും പിന്നീടു വലിയ പീഡകരായി മാറി. അവർ സഭയെ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും രക്തസാക്ഷികളുടെ ചുടുനിണത്തിൽ സഭ ശക്തമായി വളർന്നു. ചുരുക്കത്തിൽ അധികാരികൾ ഒരു ക്രിസ്ത്യാനിയെ വധിക്കുമ്പോൾ മറ്റൊരിടത്ത് അനേകർ ക്രിസ്ത്യാനികളായി മാറിയിരുന്നു. "ക്രിസ്‌ത്യാനികൾ ഒരു മുസ്ലീം പട്ടണത്തിലും കുരിശ് പ്രദർശിപ്പിക്കരുത്, പള്ളി പണിയരുത്, മറിയത്തിന്റെ പുത്രനായ ഈശോയെക്കുറിച്ച് ഒരു മുസ്ലീമിനോടും പറയരുത്" തുടങ്ങിയ നിയന്ത്രണങ്ങൾ അടിച്ചേല്പ്പിക്കപ്പെട്ടു. ക്രിസ്ത്യാനികൾ ഒരു മുസ്ലീമിനേയും സുവിശേഷവൽക്കരിക്കാൻ ശ്രമിക്കാതിരിക്കുന്നിടത്തോളംകാലം അവർ സഹിഷ്ണുത പുലർത്തി. അനുസരിക്കാത്തവരെ നിർദയം വധിച്ചു. ഒന്നുകിൽ ക്രിസ്‌ത്യാനികൾ സുവിശേഷവേല നടത്തി മരിക്കുക, അല്ലെങ്കിൽ നിശബ്ദത പാലിച്ചു ജീവിക്കുക: ഇതായിരുന്നു അവസ്ഥ. ക്രമേണ ജീവഭയം മൂലം പലരും നിശബ്ദത പാലിച്ചു ജീവിച്ചു. സുവിശേഷം പ്രഘോഷിക്കാത്ത ഒരു സഭയ്ക്ക് സുവിശേഷം നിലനിർത്താൻ കഴിയില്ല.
മുസ്ലീം അധിനിവേശങ്ങൾ ഉണ്ടായ സ്ഥലങ്ങളിലെല്ലാം ഇപ്രകാരമാണു സഭ നാമാവശേഷമായത്.
ക്രിസ്‌തുമതം കീഴ്പ്പെടുത്തപ്പെടുന്നതിനുണ്ടായ മറ്റൊരു കാരണം, അവർക്കിടയിൽത്തന്നെ ഉണ്ടായിരുന്ന അനൈക്യവും ദൈവശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളുമാണ്. ചിലപ്പോഴെങ്കിലും, ഒരു ക്രിസ്‌തീയ വിഭാഗത്തെ പരാജയപ്പെടുത്താൻ ഇതര സഭാവിഭാഗങ്ങൾ മുസ്ലീങ്ങളുടെപോലും സഹായം തേടിയതിനു ചരിത്ര തെളിവുകളുണ്ട്. ഇന്നും ക്രൈസ്തവസഭകൾക്കുള്ളിലും തമ്മിൽത്തമ്മിലുമുള്ള തർക്കങ്ങളും കലഹങ്ങളും മറ്റുള്ളവർ വേഗം നമ്മെ കീഴ്പ്പെടുത്താനും തകർക്കാനും ഇടയാക്കും.
➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).
➤➤ (തുടരും...)
➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ പതിനൊന്നു ഭാഗങ്ങള്‍ ഈ ലേഖനത്തിന് ഏറ്റവും താഴെ നല്‍കുന്നു: ➤➤➤
സഹായഗ്രന്ഥങ്ങൾ
1. Moffett Samuel Heigh, A History of Christianity in Asia, Vol. 1, Michigan 1992, 144.
2. Spencer Robert, The Truth About Muhammad: Founder of the World's Most Intolerant Religion, Regnery Press, Washington DC 2006.
3. ........ The Politically Incorrect Guide to Islam (And the Crusades), Regnery Press, Washington DC 2005.
4......... Not Peace but a Sword: The Great Chasm between Christianity and Islam. Catholic Answers. California 2013.
5......... The Complete Infidels Guide to the Koran. Regnery Press, Washington DC 2009, 260.
6. Tritton A.S., The Caliphs and their Non Muslim Subjects, Creative Media Printers, 2015, 13.
ഈ ലേഖനപരമ്പരയുടെ ആദ്യ പതിനൊന്നു ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു:
⧪ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര
⧪ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01
⧪ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02
⧪ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03
⧪ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04
⧪ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05
⧪ വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06
⧪ ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07
⧪ ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08
⧪ വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09
⧪ സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10
⧪ സ്വർഗ്ഗം: ഇസ്ലാമിക വീക്ഷ്ണത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 11
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക