India - 2026

ഷെവ. പ്രഫ. ജെ. ഫിലിപ്പിന് വിട; വിശ്വാസത്തെ മുറുകെ പിടിച്ച വ്യക്തിത്വമെന്ന് മേജർ ആര്‍ച്ച് ബിഷപ്പ്

പ്രവാചകശബ്ദം 21-02-2026 - Saturday

ബാംഗ്ലൂര്‍: മാനേജ്‌മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവും ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിക്കുകയും ചെയ്ത പ്രഫ. ജെ. ഫിലിപ്പ് അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. പ്രഫ. ജെ. ഫിലിപ്പിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുശോചനം അറിയിച്ചു. ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ച് മാനേജ്‌മെന്റ് പഠനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു പ്രഫ. ജെ. ഫിലിപ്പ് എന്ന് മേജർ ആർച്ചുബിഷപ്പ് അനുസ്മരിച്ചു.

മാനേജ്‌മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായ എക്സ്. ഐ. എം. ഇ യുടെ സ്ഥാപകൻ, ഐ.ഐ.എം (IIM) ബാംഗ്ലൂർ ഡയറക്ടർ, എക്സ്.എൽ.ആർ.ഐ (XLRI) ഡീൻ എന്നീ നിലകളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ അദ്ദേഹം, ക്രൈസ്തവ മൂല്യങ്ങൾ എങ്ങനെ വിദ്യാഭ്യാസ ദർശനത്തിൽ സമന്വയിപ്പിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു.

ചങ്ങനാശേരി അതിരൂപതയിലെ പുന്നക്കുന്നത്തുശേരി ഇടവകയിൽ നിന്ന് വളർന്ന് ആഗോളതലത്തിൽ ശ്രദ്ധേയനായപ്പോഴും തന്റെ വിശ്വാസത്തെയും സഭാപരമായ വേരുകളെയും അദ്ദേഹം മുറുകെപ്പിടിച്ചു. വിദ്യാഭ്യാസ മേഖലയ്ക്കും സഭയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി ലെയോ പതിനാലാമൻ മാർപാപ്പ 'ഷെവലിയർ' പദവി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായും വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »