India - 2026
സഭയ്ക്കും സമൂഹത്തിനും മാർ ജേക്കബ് തൂങ്കുഴി നൽകിയതു സമാനതകളില്ലാത്ത സംഭാവനകള്‍: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 18-09-2026 - Friday
കോഴിക്കോട്: സഭയ്ക്കും സമൂഹത്തിനും മാർ ജേക്കബ് തൂങ്കുഴി നൽകിയതു സമാനതകളില്ലാത്ത സംഭാവനകളായിരിന്നുവെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോഴിക്കോട് കോട്ടൂളിയിലെ എസ്കെഡി ജനറലേറ്റിൽ ചേർന്ന മാ ർ ജേക്കബ് തൂങ്കുഴി അനുസ്‌മരണ ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മാർ ജേക്കബ് തൂങ്കുഴി പിതാവ് വാക്കുകൾകൊണ്ടു വിവരിക്കാൻ കഴിയാത്തവിധം വലുപ്പമുള്ള വാത്സല്യനിധിയായ പിതാവായിരുന്നുവെന്ന് മേജർ ആർച്ച് ബിഷപ്പ് അനുസ്മരിച്ചു.
സഭയ്ക്കും സമൂഹത്തിനും മാർ ജേക്കബ് തൂങ്കുഴി നൽകിയതു സമാനതകളില്ലാത്ത സംഭാവനകളാണ്. ദൈവജനത്തോടു ചേർന്നുനിന്ന് അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുചേർന്ന ഇടയനായിരുന്നു മാർ തൂങ്കുഴി ലാളിത്യവും സ്നേഹവും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിത ശൈലിയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും സഭയ്ക്ക് എപ്പോഴും വഴികാട്ടിയാണ്. മറ്റുള്ളവരെ കേൾക്കുന്നതിൽ തൂങ്കുഴി പിതാവ് കാണിച്ച അനിതരസാധാരണമായ മനസ് അനുകരണീയമായിരുന്നു.
ഓരോ കേൾവിയും ഓരോ ഗർഭധാരണമാണെന്നു പിതാവ് പറയുമായിരുന്നു. ഹൃദയവിശാലതയുള്ള, വിശാലമായ കാഴ്‌ചപ്പാടുള്ള ആത്മീയാചാര്യനായിരുന്നു പിതാവ്. ഒരു അമ്മയെപ്പോലെ വൈദികൻ ജനങ്ങൾക്ക് ആശ്വാസം പകരുന്നവനാകണമെന്നു പിതാവ് സ്വജീവിതത്തിലൂടെ കാണിച്ചുതന്നു. നല്ല ഇടയനെക്കു റിച്ചുള്ള തിരുവചനങ്ങളെല്ലാം പിതാവിന് അനുയോജ്യമാണ്.
താലന്തുകൾ വർധിപ്പിച്ച വിവേകമതിയായ വിശ്വസ്‌തദാസനായിരുന്നു അദ്ദേഹം. എവിടെയൊക്കെ ജോലി ചെയ്‌തുവോ അവിടെയൊക്കെ താ ലന്തുകൾ വർധിപ്പിക്കാൻ ആ വിനീത ദൈവദാസന് കഴിഞ്ഞു. കണ്ണുനീരിൻ്റെ കൽഭരണികളിൽ മാധുര്യമുള്ള വീഞ്ഞുനിറയ്ക്കുന്നവരാകണം വൈദികരെന്നു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കാണിച്ചുതന്ന ശ്രേഷ്‌ഠനായിരുന്നു തൂങ്കുഴി പിതാവെന്നും മാർ റാഫേൽ തട്ടിൽ അ നുസ്മരിച്ചു.
വിശുദ്ധ കുർബാനക്ക് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാനന്തവാ ടി ബിഷപ് മാർ ജോസ് പൊരുന്നേടം, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ബിഷപ്പ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ, ബിഷപ്പ് എമരിറ്റസ് മാർ തോമസ് ഇലവനാൽ തുടങ്ങിയവർ സഹകാർമികരായിരുന്നു. അനുസ്മരണ സമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്‌തു.
ബിഷപ്പ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, ജസ്റ്റീസ് കുര്യൻ ജോസഫ്, താമരശേരി രൂപത വികാ രി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, എസ്എച്ച് കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ സിസ്റ്റർ ആൻസി പോൾ, ജോസ് പുന്നക്കുഴി, തൂങ്കുഴി കുടുംബയോഗം സെക്രട്ടറി മാത്യു സക്കറിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
എസ്കെഡി മദർ ജനറൽ സിസ്റ്റർ ടീന കുന്നേൽ സ്വാഗതവും സിസ്റ്റർ മെറീന കുറ്റിയാനിക്കൽ എസ്കെഡി നന്ദിയും പറഞ്ഞു. മാർ ജേക്കബ് തൂ ങ്കുഴിയെക്കുറിച്ചുള്ള പുസ്‌തകം ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിലിനു നൽകി പ്രകാശനം ചെയ്‌തു. മാർ ജേക്കബ് തൂങ്കുഴി മെമ്മോറിയൽ വിദ്യാഭ്യാസ ഫണ്ട് ബിഷപ്പ് എമരിറ്റസ് മാർ തോമസ് ഇലവനാൽ സിസ്റ്റർ മെർലി മഞ്ഞപ്പള്ളിലിനു കൈമാറി ഉദ്ഘാടനം ചെയ്തു.

















