India

തൂങ്കുഴി പിതാവ് മാനന്തവാടിയുടെ പിതാവ്

ബിഷപ്പ് ജോസ് പൊരുന്നേടം 18-09-2025 - Thursday

1973 മാർച്ച് 18 അന്ന് തലശ്ശേരി സെൻ്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അവിസരണീയമായ ഒന്നാണ്. വിദ്യാഭ്യാസവർഷം അവസാനിക്കുന്നതേയുള്ളു. ഞങ്ങളെല്ലാം പരീക്ഷകൾക്ക് ശേഷം അവധിക്കു പോകാൻ ഒരു ഒരുങ്ങുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് മാർച്ച് 18 ന് ഉച്ചകഴിഞ്ഞ് ഏകദേശം 3 മണി സമയത്ത് തലശ്ശേരി മെത്രാനായിരുന്ന അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് സെമിനാരിയോട് ചേർന്നുള്ള കത്തീഡ്രൽ ദൈവാലയത്തിലെത്തിയതായി ഞങ്ങളെ വൈസ് റെക്ടറച്ചൻ അറിയിച്ചത്.

എന്തോ പ്രത്യേക കാര്യം അറിയിക്കാനാണ് എന്നാണ് പറഞ്ഞത്. സെമിനാരിയിലെ പൾസേറ്റർ ആയിരുന്ന എന്നോടു അദ്ദേഹം പറഞ്ഞു വള്ളോപ്പിള്ളി പിതാവ് ഒരു പ്രത്യേക കാര്യം അവിടെ പ്രഖ്യാപിക്കും, അത് കഴിഞ്ഞാൽ ഉടനെ കത്തീഡ്രൽ പള്ളിയുടെ മണിമാളികയിൽ കയറി മണി മുഴക്കണമെന്ന്. വള്ളോപ്പിള്ളി പിതാവ് തൻ്റെ കയ്യിലുണ്ടായിരുന്ന കടലാസിൽ നിന്ന് വായിച്ചപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്, അത് മാനന്തവാടി രൂപത സ്ഥാപിച്ചുകൊണ്ടും ഞങ്ങളുടെ റെക്ടറായിരുന്ന ജേക്കബ് തൂങ്കുഴി അച്ചനെ പുതിയ രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചുകൊണ്ടും പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള അറിയിപ്പായിരുന്നെന്ന്.

അഭിവന്ദ്യ ജേക്കബ് തൂങ്കുഴിപ്പിതാവിൻ്റെ മെത്രാഭിഷേകം മെയ് ഒന്നിന് മാനന്തവാടി ബിഷപ്പ്സ് ഹൗസ് സ്ഥിതിചെയ്യുന്ന കൽക്കണ്ടിക്കുന്നിലായിരുന്നു. ഞങ്ങൾ സെമിനാരി വിദ്യാർത്ഥികൾക്കെല്ലാം ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. വയനാട്ടിലേക്കുള്ള യാത്ര ചുരത്തിന് താഴെ നിന്നുള്ള എന്നെപ്പോലുള്ളവർ ഒരു പുതുമയുമായിരുന്നു.

മൈനർ സെമിനാരി പഠനം കഴിഞ്ഞ് ആലുവ കാർമ്മൽ ഗിരി സെമിനാരിയിലേക്കാണ് തത്വശാസ്ത്രപഠനത്തിന് ഞാൻ അയക്കപ്പെട്ടത്. അവിടെ രണ്ട് വർഷം കഴിയുന്ന സമയത്താണ് മാനന്തവാടിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞു കൊണ്ട് അഭിവന്ദ്യ തൂങ്കുഴിപ്പിതാവിൻ്റെ ഒരു കത്ത് കിട്ടിയത്. അതെത്തുടർന്ന് അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിൻ്റെ അനുവാദത്തോടെ ഞാൻ മാനന്തവാടിക്ക് ചേർന്ന് പഠനം തുടർന്നു. പിന്നീട് റോമിൽ ദൈവശാസ്ത്രം പഠിക്കാൻ അവസരം തന്നതും പഠനാനന്തരം എൻ്റെ സ്വന്തം ഇടവകയായ മാലോത്ത് വച്ച് എന്നെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് നയിച്ചതും എല്ലാം തൂങ്കുഴിപ്പിതാവ് തന്നെയാണ്.

1973 ൽ തൂങ്കുഴിപ്പിതാവും ഞാനുമായി ആരംഭിച്ച ആത്മബന്ധം അദ്ദേഹത്തിൻ്റെ മരണം വരെ തുടർന്നു. ഏകദേശം ഒരു മാസം മുമ്പ് തൃശൂർ ജൂബിലി മെഡിക്കൽ കോളേജിലാണ് അവസാനമായി ഞാനദ്ദേഹത്തെ കണ്ടത്. സംസാരിക്കാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നെങ്കിലും ഞാൻ പറഞ്ഞ തമാശകൾക്ക് അദ്ദേഹം സ്വതസിദ്ധമായ പുഞ്ചിരിയിലുടെ പ്രത്യുത്തരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് കണ്ട് ഞാൻ മടങ്ങി.

തൂങ്കുഴിപ്പിതാവ് മാനന്തവാടിയിൽ നിന്ന് 1996 ൽ സ്ഥലം മാറിപ്പോകുന്നതുവരെ എൻ്റെ പൗരോഹിത്യ ശുശ്രുഷ നിർവഹിച്ചത് ഏറിയ പങ്കും അദ്ദേഹത്തോടൊപ്പമാണ്. പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു അദ്ദേഹം എന്ന് ഞാൻ നേരിട്ടും മനസ്സിലാക്കിയിട്ടുണ്ട്. ആ ദൈവാശ്രയബോധമാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനവും.

സൗമ്യതയാണ് തൂങ്കുഴിപ്പിതാവിൻ്റെ മുഖമുദ്രയായി ഞാൻ കണ്ടിട്ടുള്ളത്. അദ്ദേഹം ആരോടും ദേഷ്യപ്പെടുകയോ കയർക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ദേഷ്യം വരുമ്പോഴും അത് പ്രകടിപ്പിച്ചിരുന്നത് സൗമ്യമായിത്തന്നെയാണ്. തൻ്റെ സഹപ്രവർത്തകർക്ക് കൊടുത്തിരുന്ന പ്രവർത്തന സ്വാതന്ത്ര്യമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഒരാളെ ഒരു ഉത്തരവാദിത്വം ഏല്പിച്ചാൽ പിന്നെ അതെപ്പറ്റി നിരന്തരം അന്വേഷിച്ച് ശല്യപ്പെടുത്തുന്ന രീതി അദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ട് തന്നെ ഏല്പിക്കപ്പെട്ടയാളിൻ്റ ഉത്തരവാദിത്വവും വലുതായിരുന്നു. അദ്ദേഹത്തിൻ്റെ ഈ പ്രത്യേകത എന്നെ വളരെയധികം വളർത്തി.

സഹമെത്രാന്മാർ എന്ത് പറയും എന്ന ചിന്തയൊന്നും കൂടാതെ നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ രൂപതയിൽ തുടങ്ങൻ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു. കേരളത്തിലെ ഒരു രൂപതയിലും തുടങ്ങാതിരുന്നിട്ടും സെമിനാരി വിദ്യാർത്ഥികൾക്ക് ഇന്ന് സർവ്വസാധാരണമായ റീജൻസിപരിശീലനം അദ്ദേഹം ആരംഭിച്ചു. അതുപോലെ തന്നെ റോമിലെ ഉർബാനോ കോളേജിൽ പഠനത്തിനായി വൈദിക വിദ്യാർത്ഥികളെ പറഞ്ഞയക്കാൻ മറ്റ് മെത്രാന്മാർ മടി കാണിച്ചപ്പോഴും അദ്ദേഹം അതിന് ധൈര്യം കാണിച്ചു. അങ്ങനെയാണ് എനിക്കും റോമിൽ പഠിക്കാൻ അവസരം കിട്ടിയത്.

മാനന്തവാടി രൂപതയിൽ ഇന്ന് കാണുന്ന ഒട്ടുമിക്ക അടിസ്ഥാനസൗകര്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ആരംഭശില്പി അഭിവന്ദ്യ തൂങ്കുഴിപ്പിതാവാണ്. ഞാനുൾപ്പെടെ പിന്നീട് വന്നവർ അതിന്മേൽ കെട്ടിപ്പെടുക്കുകയാണ് ചെയ്തത്. ഈ ഭൂമിയിലെ തൻ്റെ പ്രവർത്തനങ്ങൾക്ക് ശേഷം തൻ്റെ ദേശാന്തര വാസക്കാലം ഒരു നൂറ്റാണ്ട് തികയുന്നതിന് അല്പം മാത്രം ബാക്കിനിൽക്കെ അദ്ദേഹം തൻ്റെ നിത്യവസതിയിലേക്ക് യാത്രയായിരിക്കുന്നു. ഇത്തരുണത്തിൽ മാനന്തവാടി രൂപതാംഗങ്ങൾ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു,

** (ബിഷപ്പ് ജോസ് പൊരുന്നേടം - മാനന്തവാടി രൂപതയുടെ മെത്രാൻ)

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »