India - 2026
സാക്ഷര കേരളത്തിന്റെ രൂപീകരണത്തിൽ സഭാസ്ഥാപനങ്ങൾക്കു വലിയ പങ്ക്: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 21-05-2026 - Thursday
തൃശൂർ: സർക്കാർ സാക്ഷരതയ്ക്കുവേണ്ടി ചെയ്‌തതിൻ്റെ എത്രതോ ഇരട്ടി സഭയുടെ സ്ഥാപനങ്ങൾവഴി നടപ്പാക്കിയെന്ന ഓര്‍മ്മപ്പെടുത്തലുമായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ തൃശൂർ അതിരൂപതദിനാഘോഷത്തിനു ദീപം തെളിയിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ആദ്യ ബിഷപ് അഡോൾഫ് മെഡ്‌ലിക്കോട്ട് ചരിത്രകാരനായിരുന്നു. അദ്ദേഹം ബാക്കിവച്ചതു വലിയൊരു പുസ്തകശേഖരമാണ്. മാർ ജോൺ മേനാച്ചേരിയും മാർ ജോർജ് ആലപ്പാട്ടും തുടർന്നു പാവങ്ങളുടെ ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളവും രൂപതയെ നയിച്ചു. കുണ്ടുകുളം പിതാവാണ് മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആദ്യമായി പെരിങ്ങണ്ടൂരിലെ പോപ്പ് പോൾ മേഴ്‌സി ഹോം സ്ഥാപിച്ചത്.
സർക്കാരിനു ലക്ഷംവീട് പദ്ധതി ഉപദേശിച്ചത് അദ്ദേഹമാണ്. പിന്നീടു ജൂബിലി മെഡിക്കൽ കോളജടക്കം ആരംഭിച്ച മാർ ജേക്കബ് തൂങ്കുഴിയും നയിച്ചു. ഇപ്പോഴത് മാർ ആൻഡ്രൂസ് താഴത്തിൽ എത്തിനിൽക്കുന്നു. പിന്നാക്കംനിൽക്കുന്ന മേഖലയെ മുന്നിലെത്തിക്കാൻ തൃശൂർ രൂപത വഹിച്ച പങ്ക് വലുതാണ്. ഈ കൂട്ടായ്മ്‌മ സഹോദര സ്നേഹം കൊണ്ട് സംഭവിക്കുന്നതാണ്. രൂപത ചെയ്‌ത ശുശ്രൂഷകൾ സ്വത്തു സമ്പാദിക്കാൻ ആയിരുന്നില്ല. സർക്കാർ സാക്ഷരതയ്ക്കുവേണ്ടി ചെയ്‌തതിൻ്റെ എത്രതോ ഇരട്ടി സഭയുടെ സ്ഥാപനങ്ങൾവഴി നടപ്പാക്കി. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങളും ഉണ്ടാകണമെന്നു പറഞ്ഞതു ചാവറയച്ചനാണ്. പിന്നീടാണു സർക്കാർ അതു കൊണ്ടുവന്നത്.
ഞങ്ങളുടെ ലാഭം സ്വർഗത്തിലെ ലാഭമാണ്. തൃശൂർ നഗരത്തിലുണ്ടായിരുന്ന കുഷ്‌ഠരോഗികളെ മാറ്റിപ്പാർപ്പിക്കാൻ ച ങ്കൂറ്റം കാണിച്ചതു സഭയാണ്. ഇന്നു കുഷ്‌ഠരോഗം കേരളത്തിൽ തുടച്ചുനീക്കി. പള്ളിക്കുള്ളിൽ തുടങ്ങി പള്ളിക്കകത്ത് അവസാനിക്കേണ്ടതല്ല ക്രൈസ്‌തവസമൂഹം. സ്വന്തം അൾത്താരയിൽ മുറിക്കപ്പെടുന്ന അപ്പം സ്വന്തം സഹോദരങ്ങൾ ക്കായി മുറിക്കപ്പെടുന്ന ജീവിതമായി പകർത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ലെയോ പതിനാലാമൻ മാർപാപ്പ തൃശൂർ അതിരൂപത വൈദികരായ ഫാ. തോമസ് കാക്കശേരി, ഫാ. ജോസ് വല്ലൂരാൻ എന്നിവർക്കു നൽകിയ പ്രത്യേക ബഹുമതികളും, ഡേവിസ് എടക്കളത്തൂർ, ഡോ. മേരി റെജീന, പ്രഫ.കെ.എം. ഫ്രാൻ സിസ്, അഡ്വ. ബിജു കുണ്ടുകുളം എന്നിവർക്കു നൽകിയ ഷെവലിയർ പദവിയും, ബ്രദർ ജോസ് ചുങ്കത്ത്, സാന്റി എബ്രഹാം വടയാറ്റുകുഴി എന്നിവർക്ക് അതിരൂപതയുടെ അവാർഡുകളും മാർ റാഫേൽ തട്ടിൽ സമ്മാനിച്ചു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















