India - 2026

സങ്കടങ്ങളും സംഘർഷവും സ്വർഗത്തിലേക്ക് ഉയർത്താനുമുള്ള ഗോവണിയാണ് വിശുദ്ധ അൽഫോൻസാമ്മ: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 29-07-2026 - Wednesday

ഭരണങ്ങാനം: ദൈവത്തിന്റെ അനുഗ്രഹങ്ങളെ താഴേക്കിറക്കാനും നമ്മുടെ സങ്കടങ്ങളും സംഘർഷവും സ്വർഗത്തിലേക്ക് ഉയർത്താനുമുള്ള ഗോവണിയാണ് വിശുദ്ധ അൽഫോൻസാമ്മയെന്ന് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ പ്രധാന തിരുനാൾ ദിനമായിരുന്ന ഇന്നലെ ഭരണങ്ങാനം ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ.

അൽഫോൻസാമ്മ വലിയ ശക്തിയാണ്. സഭയുടെ പ്രേഷിതപ്രവർത്തനങ്ങളുടെ മുഴുവൻ മധ്യസ്ഥയായ ലിസ്യൂവിലെ കൊച്ചുത്രേസ്യായുടെ പതിപ്പാണ് അൽഫോൻസാമ്മ. കേരള കത്തോലിക്ക സഭയുടെ ലിസ്യൂവാണ് ഭരണങ്ങാനം. സങ്കടങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്നത് കർത്താവി ന്റെ അനുഗ്രഹത്താൽ നിറയാനുള്ള വലിയ അവസരമാണ്. സഹോദരങ്ങളുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും നമുക്ക് കൂട്ടുപങ്കാളിത്തമുണ്ട്. എവിടെയാണ് സഹനമുള്ളത് അവിടെയാണ് നന്മ വിരിയുന്നത്. സഹനങ്ങളെ സ്വർഗത്തിലേക്ക് ഉയർത്തുന്നത് രക്ഷയ്ക്കുള്ള വലിയ അവസരമാണ്. കത്തോലിക്കാ വിശ്വാസം തകരാതെയും തളരാതെയും സൂക്ഷിക്കാൻ അൽഫോൻസാമ്മ സഹായിക്കുന്നതായും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.

ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ജോസ് കിഴക്കേതിൽ, ഫാ. പ്രിൻസ് വള്ളോംപുരയിടം, ഫാ. ഡോണി കുറുവന്താനം എന്നിവർ സഹകാർമികരായിരുന്നു. തീർത്ഥാടനകേന്ദ്രത്തിലെത്തിയ മാർ റാഫേൽ തട്ടിൽ അൽഫോൻസാമ്മയുടെ കബറിങ്കൽ പ്രാർത്ഥിച്ചശേഷമാണ് ഫൊറോന പള്ളിയിലെത്തി വിശുദ്ധ കുർബാന അർപ്പിച്ചത്.

വിശുദ്ധ കുർബാനയെ തുടർന്ന് തിരുനാൾപ്രദക്ഷിണവും ഉണ്ടായിരുന്നു. പ്രധാന തിരുനാൾ ദിനമായിരുന്ന ഇന്നലെ പുലർച്ചെ മുതൽ പാതിരാ വരെ പതിനായിരങ്ങളാണ് എത്തിയത്. പുലർച്ചെ മുതൽ രാത്രി ഒന്‍പതു വരെ തുടർച്ചയായി വിശുദ്ധകുർബാനയും ഉണ്ടായിരുന്നു. രാവിലെ ഏഴിന് ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറന്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. 8.30ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.


Related Articles »