News - 2025

മാരോണൈറ്റ് പാത്രിയാർക്കീസ് ഇസ്തിഫാൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

പ്രവാചകശബ്ദം 01-08-2024 - Thursday

എഹ്ദേന്‍: പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരിന്ന മാരോണൈറ്റ് പാത്രിയാർക്കീസ് ധന്യനായ ഇസ്തിഫാൻ അൽ ദുവയ്ഹിയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നാളെ നടക്കും. മാരോണൈറ്റ് പാത്രിയാർക്കേറ്റിൻറെ ആസ്ഥാനമായ ലെബനോനിലെ ബിക്കെർക്കേയിൽ നാളെ ആഗസ്റ്റ് രണ്ട് വെള്ളിയാഴ്‌ച നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ തിരുസംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ മർസെല്ലോ സെമരാറോ മുഖ്യകാർമ്മികത്വം വഹിക്കും. അമ്പത്തിയേഴാം പാത്രിയാർക്കീസായിരുന്ന ധന്യനായ ഇസ്തിഫാന്റെ നാമകരണത്തിനായി ഏറെ നാളുകളായി പൌരസ്ത്യ സഭകളില്‍ ഒന്നായ മാരോണൈറ്റ് സഭയിലെ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ച് വരികയായിരിന്നു.

1630 ആഗസ്റ്റ് 2നു ലെബനോനിലെ എഹ്ദേനിലായിരുന്നു ഇസ്തിഫാൻ അൽ ദുവയ്ഹിയുടെ ജനനം. വൈദികാർത്ഥിയായ അദ്ദേഹം റോമിൽ കോളേജിൽ വൈദിക പരിശീലനത്തിനെത്തി. അതിനിടെ ഗുരുതര നേത്രരോഗ ബാധിതനായ ഇസ്തിഫാൻ സുഖം പ്രാപിക്കുകയും ഈ സൗഖ്യം പരിശുദ്ധ കന്യകാമറിയത്തിൻറെ അത്ഭുതകരമായ ഇടപെടലിലൂടെയാണ് സംഭവിച്ചതെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. 1656 മാർച്ച് 25-ന് പൗരോഹിത്യം സ്വീകരിച്ചു. 1668 ജൂലൈ 8-ന് മെത്രാനായി അഭിഷിക്തനായി. 1670-ൽ മാരോണൈറ്റ് പാത്രിയാർക്കീസായി തെരഞ്ഞെടുക്കപ്പെട്ടു.

പതിനേഴാം നൂറ്റാണ്ടിലെ ഭരണകൂടത്തിൻറെ അനീതികൾക്കെതിരെ ശക്തമായി ശബ്ദമുയർത്തിയ പാത്രിയാർക്കീസ് ഇസ്തിഫാൻ മാരോണൈറ്റ് സഭയുടെ പരിഷ്ക്കർത്താവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. സഭയ്ക്കെതിരായ നടപടികൾ അഴിച്ചുവിട്ട ഓട്ടോമൻ അധികാരികൾ അദ്ദേഹത്തെ തുടര്‍ച്ചയായി വേട്ടയാടിയിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ പ്രധാന ലെബനീസ് ചരിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം "മാരോണൈറ്റ് ചരിത്രത്തിൻ്റെ പിതാവ്", "മാരോണൈറ്റ് ചർച്ചിൻ്റെ സ്തംഭം", "രണ്ടാം ക്രിസോസ്റ്റം" എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടിരിന്നു. 73-ാമത്തെ വയസ്സിൽ 1704 മെയ് 3-നാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.


Related Articles »