News

ആരോപണങ്ങളെ ഭയപ്പെടരുത്: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 26-11-2024 - Tuesday

വത്തിക്കാന്‍ സിറ്റി: ഉപരിപ്ലവമായ കുറ്റപ്പെടുത്തലുകളെ ആരും ഭയക്കേണ്ടതില്ലെന്നും, മിഥ്യാധാരണകളിൽ മുഴുകാതെ, യാഥാർഥ്യം വ്യക്തമായി മനസിലാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുരാജന്റെ തിരുനാൾ ദിനമായ നവംബർ ഇരുപത്തിനാലാം തീയതി ഞായറാഴ്ച ഫ്രാൻസിസ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വിശുദ്ധ ബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു വചന സന്ദേശം നൽകുകയായിരിന്നു പാപ്പ. തന്റെ സന്ദേശത്തിൽ, ജീവിതത്തിൽ ഓരോ വ്യക്തിയും നേരിടുന്ന അസ്വസ്ഥമായ ചോദ്യങ്ങളെ അടിസ്ഥാനമാക്കി മൂന്നു ചിന്തകൾ പാപ്പ പങ്കുവച്ചു.

യേശുവിനെ കുറ്റാരോപിതരുടെ പട്ടികയിൽപ്പെടുത്തി, അവനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതുപോലെ, യുവജനങ്ങളുടെ ജീവിതത്തിൽ യേശുവിനെ പിഞ്ചെല്ലുന്നതിനെ കുറ്റപ്പെടുത്തുന്ന ധാരാളം ആളുകൾ ഉണ്ടായേക്കാമെന്ന് പാപ്പ പറഞ്ഞു. എന്നാൽ ഉപരിപ്ലവമായ ഈ കുറ്റപ്പെടുത്തലുകളെ ആരും ഭയക്കേണ്ടതില്ലെന്നും, മിഥ്യാധാരണകളിൽ മുഴുകാതെ, യാഥാർഥ്യം വ്യക്തമായി മനസിലാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

രണ്ടാമതായി ആദർശങ്ങളെ അടിയറവു വയ്ക്കുന്ന ആസക്തികളെ ഒഴിവാക്കണമെന്നു പാപ്പ മുന്നറിയിപ്പ് നല്‍കി. 'തന്റെ രാജ്യം ഈ ലോകത്തിന്റേതല്ല' എന്ന് പറഞ്ഞുകൊണ്ട് സമവായത്തിന് തയാറാകാത്ത, യേശുവിന്റെ മനോഭാവം എല്ലാ യുവജനങ്ങളും തങ്ങളുടെ ജീവിതത്തിൽ പുലർത്തണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. "നിങ്ങളുടെ അന്തസ്സ് വിൽക്കാനുള്ളതല്ല. ഇത് വിൽപ്പനയ്ക്കുള്ളതല്ല! സൂക്ഷിക്കണം"- പാപ്പ പറഞ്ഞു. ജീവിതത്തിൽ ചൂഷണങ്ങൾക്ക് വിധേയരാകരുതെന്നും, ഉദാരമനോഭാവം എപ്പോഴും പുലർത്തണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

ക്രിസ്തു "സത്യത്തിന് സാക്ഷ്യം നല്കാനാണ്" ലോകത്തിലേക്ക് വന്നത് എന്ന വചന ഭാഗം ഉദ്ധരിച്ചുകൊണ്ട്, ഇന്നത്തെ ലോകത്തിൽ സത്യത്തിന്റെ പ്രവാചകരാകുവാൻ പാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഞാൻ എന്ന ഭാവം വെടിഞ്ഞുകൊണ്ട് മറ്റുള്ളവരെ ചേർത്തുനിർത്തുവാൻ സാധിക്കണം. നമ്മെ ബാധിക്കുന്ന പല തിന്മകളും ദുഷ്ടത, തിന്മ നിറഞ്ഞ മനുഷ്യന്റെ പ്രവര്‍ത്തികൾ ആണെന്നും, അതിനാൽ അവസാന വിധിദിവസം നമ്മോടുള്ള ചോദ്യങ്ങളെ പറ്റിയുള്ള അവബോധം നമുക്ക് ഉണ്ടായിരിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായവും മധ്യസ്ഥതയും യാചിച്ചാണ് പാപ്പയുടെ സന്ദേശം സമാപിക്കുന്നത്.


Related Articles »