News

നോട്രഡാം കത്തീഡ്രൽ തുറക്കുമ്പോള്‍ ദേവാലയങ്ങളില്‍ മണി മുഴക്കുവാന്‍ യു‌എസ് മെത്രാന്‍ സമിതിയുടെ ആഹ്വാനം

പ്രവാചകശബ്ദം 03-12-2024 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരീസിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ ഡിസംബർ 7ന് വീണ്ടും തുറക്കാൻ തയാറെടുക്കുമ്പോൾ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളവുമായി മണിനാദം മുഴക്കുവാന്‍ ആഹ്വാനവുമായി അമേരിക്കൻ ബിഷപ്പുമാർ. ദേവാലയം തുറക്കുന്ന ദിവസം വിവിധ രൂപതകളിലെ ദേവാലയങ്ങളിലെ മണി മുഴക്കി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനാണ് ആഹ്വാനം. യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക് കോൺഫറൻസ് ഓഫ് ബിഷപ്പ്സ് (USCCB) സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ ആഹ്വാനം നല്‍കിയിരിക്കുന്നത്.

ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. 2019 ലെ വിനാശകരമായ തീപിടുത്തത്തെത്തുടർന്ന് പാരീസിലെ നോട്രഡാം കത്തീഡ്രലിൻ്റെ വാതിലുകൾ അടച്ചിട്ടിരിക്കുകയാണ്. വീണ്ടും വാതിലുകൾ തുറക്കുമ്പോൾ, യുഎസിലെ പ്രാദേശിക പള്ളികൾ ഐക്യത്തിൻ്റെ ഭാഷയില്‍ മണികൾ മുഴക്കുവാന്‍ ക്ഷണിക്കുന്നുവെന്നാണ് 'എക്സി'ല്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറയുന്നത്. മറ്റൊരു പോസ്റ്റില്‍ ഡിസംബർ 7ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടിന് മണി മുഴക്കുവാനാണ് ആഹ്വാനം.

പ്രാദേശിക ദേവാലയങ്ങളെ പാരീസ് കത്തീഡ്രലുമായി ഒന്നിപ്പിക്കുന്ന ഈ ചലനം അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന് പൂർവ്വികർ വളരെയധികം സംഭാവന നൽകിയ സഭയുടെ മൂത്ത മകളോടുള്ള തങ്ങളുടെ കൂടിച്ചേരലിൻ്റെ മറ്റൊരു അടയാളമായിരിക്കുമെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തിമോത്തി പോൾ ആൻഡ്രൂ ബ്രോഗ്ലിയോ പ്രസ്താവിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15-നാണ് ചരിത്ര പ്രസിദ്ധമായ നോട്രഡാം ദേവാലയം അഗ്നിയ്ക്കിരയായത്. 760 മില്യൺ ഡോളറിൻ്റെ പുനർനിർമ്മാണ പദ്ധതിക്ക് ശേഷമാണ് ദേവാലയം പുനരുദ്ധരിച്ചിരിക്കുന്നത്.


Related Articles »