News

പാപ്പയില്ലാതെ ദൈവകരുണയുടെ തിരുനാള്‍; പങ്കുചേര്‍ന്നത് രണ്ടുലക്ഷത്തോളം വിശ്വാസികള്‍

പ്രവാചകശബ്ദം 28-04-2025 - Monday

വത്തിക്കാന്‍ സിറ്റി: ദൈവകരുണയുടെ തിരുനാള്‍ ഇന്നലെ ആഗോള കത്തോലിക്ക സഭ ആചരിച്ചപ്പോഴും ഫ്രാന്‍സിസ് പാപ്പയുടെ ശൂന്യത നിഴലിക്കുകയായിരിന്നു. ഇന്നലെ ദൈവകരുണയുടെ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ദിവ്യബലിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ അധ്യക്ഷത വഹിച്ചു. ദൈവകരുണയുടെ തിരുനാള്‍ കൂടാതെ ഫ്രാന്‍സിസ് പാപ്പയുടെ വിയോഗാര്‍ത്ഥമുള്ള ദുഃഖാചരണത്തിന്റെ രണ്ടാം ദിവസം അര്‍പ്പിച്ച ദിവ്യബലിയിൽ ഏകദേശം 200,000 പേർ പങ്കെടുത്തതായി വത്തിക്കാന്‍ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്തു.

ദൈവകാരുണ്യ ഞായറാഴ്ചയിൽ നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയെ നാം സ്നേഹത്തോടെ ഓർക്കുകയാണെന്ന് കര്‍ദ്ദിനാള്‍ പരോളിൻ ആമുഖത്തില്‍ പറഞ്ഞു. ഇന്നത്തെ ലോകത്ത് കരുണയുടെ ഉപകരണങ്ങളായി മാറേണ്ടതിന് ഫ്രാൻസിസ് മാർപാപ്പയുടെ കാൽച്ചുവടുകൾ പിന്തുടരേണ്ടതുണ്ട്. കരുണ മാത്രമേ ഒരു പുതിയ ലോകത്തെ സുഖപ്പെടുത്തുകയും സൃഷ്ടിക്കുകയും ചെയ്യുന്നുള്ളൂവെന്നു ഫ്രാൻസിസ് മാർപാപ്പ നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിച്ചു. നമ്മുടെ പരിമിതികളേക്കാളും കണക്കുകൂട്ടലുകളേക്കാളും വലുതായ പിതാവിന്റെ കാരുണ്യമാണ് ഫ്രാൻസിസ് പാപ്പയുടെയും അദ്ദേഹത്തിന്റെ തീവ്രമായ അപ്പോസ്തോലിക പ്രവർത്തനത്തിന്റെയും സവിശേഷത.

അന്തരിച്ച പാപ്പയോടുള്ള ആളുകളുടെ സ്നേഹം വെറും ഒരു വികാരമായി മാത്രം നിലനിൽക്കരുത്. ദൈവത്തിന്റെ കാരുണ്യത്തിന് സ്വയം തുറന്നുകൊടുത്തും പരസ്പരം കരുണ കാണിച്ചും സഭ അദ്ദേഹത്തിന്റെ പൈതൃകത്തെ സ്വാഗതം ചെയ്യണമെന്നും കര്‍ദ്ദിനാള്‍ പരോളിൻ പറഞ്ഞു. ഇറ്റലിയിലെ സ്കൗട്ട്സ് ഡി’യൂറോപ്പ പോലുള്ള നിരവധി യൂറോപ്യൻ സ്കൗട്ട്സ് ഗ്രൂപ്പുകളും, വിർജീനിയയിലെ അലക്സാണ്ട്രിയയിലുള്ള സെന്റ് മേരി ബസിലിക്കയിലെ യുവജനങ്ങളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് ഇന്നലത്തെ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍



More Archives >>

Page 1 of 1079