News - 2025

കോൺക്ലേവ് താരതമ്യേന നീണ്ടു നില്‍ക്കാന്‍ സാധ്യതയെന്ന് ജര്‍മ്മന്‍ കര്‍ദ്ദിനാള്‍

പ്രവാചകശബ്ദം 30-04-2025 - Wednesday

വത്തിക്കാന്‍ സിറ്റി: മെയ് ഏഴിന് ആരംഭിക്കുന്ന കോൺക്ലേവ് താരതമ്യേന നീണ്ടു നില്‍ക്കാന്‍ സാധ്യതയെന്ന് ജര്‍മ്മനിയിലെ കൊളോൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ റെയ്‌നർ മരിയ. വരാനിരിക്കുന്ന കോൺക്ലേവ് 2013-ൽ ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞടുത്ത താരതമ്യേന ഹ്രസ്വമായ കോൺക്ലേവിനേക്കാൾ കൂടുതൽ നാള്‍ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞെടുത്ത 2013-ലെ കോൺക്ലേവ് രണ്ട് ദിവസം മാത്രം നീണ്ടുനിന്നുള്ളൂ, ആധുനിക ചരിത്രത്തിലെ ഏറ്റവും ചെറിയ കോൺക്ലേവുകളിൽ ഒന്നായിരുന്നു അത്.

ഇതിന് സമാനമായ സാഹചര്യം ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് കർദ്ദിനാൾ റെയ്‌നർ മരിയ പറയുന്നത്. മിക്ക കർദ്ദിനാൾമാരും വളരെക്കാലമായി പരസ്പരം കണ്ടിട്ടില്ല, പലര്‍ക്കും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെയും അനുഭവം അതായിരുന്നു. കര്‍ദ്ദിനാളുമാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗത്തിലെ മീറ്റിംഗുകൾ വളരെ ശ്രദ്ധ കേന്ദ്രീകരിച്ചതും, ശാന്തവുമായിരിന്നു. വ്യത്യസ്ത സംസ്കാരങ്ങളും മാനസികാവസ്ഥകളുമുള്ള വിവിധ കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങൾക്കിടയിലും കൂട്ടായ്മയില്‍ നല്ല സഹകരണം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുവിശേഷവൽക്കരണം, സിനഡാലിറ്റി, വർദ്ധിച്ചുവരുന്ന മതേതരവൽക്കരണം, കൃത്രിമബുദ്ധിയുടെ ധാർമ്മിക പ്രത്യാഘാതങ്ങൾ, നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ, സാമൂഹികവും രാഷ്ട്രീയവുമായ ധ്രുവീകരണം, സ്വേച്ഛാധിപത്യങ്ങൾ, ജനാധിപത്യ വെല്ലുവിളികള്‍ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങള്‍ കർദ്ദിനാൾമാർ അഭിസംബോധന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. കോണ്‍ക്ലേവ് നീണ്ടുപോകാമെന്ന് താന്‍ പറഞ്ഞത് ഒരുപക്ഷേ തെറ്റാണെന്ന് തെളിയിക്കപ്പെടാമെന്നും അതിൽ താന്‍ സന്തോഷിക്കുകയേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ രണ്ടാമത്തെ കോൺക്ലേവിനുള്ള തയാറെടുപ്പിലാണ് കർദ്ദിനാൾ വോൾക്കി.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍



More Archives >>

Page 1 of 1080