News

2 മലയാളികള്‍ ഉള്‍പ്പെടെ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 4 ഇന്ത്യന്‍ കര്‍ദ്ദിനാളുമാര്‍

പ്രവാചകശബ്ദം 02-05-2025 - Friday

വത്തിക്കാന്‍ സിറ്റി: മെയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കുന്ന കോണ്‍ക്ലേവിലേക്കാണ് ആഗോള ശ്രദ്ധ മുഴുവനും. പത്രോസിന്റെ അടുത്ത പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുക ആരായിരിക്കും? പ്രവചനാതീതമായ പരിശുദ്ധാത്മാവിന്റെ തീരുമാനപ്രകാരം യാഥാര്‍ത്ഥ്യമാകുന്ന ആ തെരഞ്ഞെടുപ്പ് ഫലത്തിനായി ലോകം കാത്തിരിക്കുകയാണ്. കോൺക്ലേവിൽ പ്രവേശിക്കാൻ അർഹതയുള്ള കർദ്ദിനാളന്മാരുടെ സംഖ്യ 135 ആണെങ്കിലും രണ്ടു പേർ ആരോഗ്യപരമായ കാരണങ്ങളാൽ വിട്ടുനില്‍ക്കുന്നതിനാല്‍ 133 ആയിരിയ്ക്കും 80 വയസ്സിന് താഴെയുള്ള വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം.

പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതിന് കോൺക്ലേവിൽ പ്രവേശിക്കുന്നതിന് അർഹതയുള്ള 135 കർദ്ദിനാളന്മാരിൽ നാലുപേർ ഇന്ത്യക്കാരാണ്. ഇതില്‍ മലയാളികള്‍ക്ക് അഭിമാനമായി രണ്ടു കര്‍ദ്ദിനാളുമാരുണ്ടെന്നതും ശ്രദ്ധേയം. സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പായ കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ചങ്ങനാശ്ശേരി അതിരൂപതാംഗമായ കര്‍ദ്ദിനാള്‍ മാർ ജോർജ് ജേക്കബ് കൂവക്കാട്, കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി, കര്‍ദ്ദിനാള്‍ അന്തോണി പൂള എന്നീ കർദ്ദിനാളുന്മാരാണ് 80 വയസ്സിൽ താഴെ പ്രായമുള്ള വോട്ടവകാശമുള്ള ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍.

കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട് കേവലം ആറ് മാസത്തിനകം നടക്കാന്‍ പോകുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുവാനുള്ള അപൂര്‍വ്വഭാഗ്യമാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാടിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെ കത്തോലിക്ക സഭയുടെ ഹയരാർക്കിയിൽ രണ്ടാം സ്ഥാനത്തുള്ള കർദ്ദിനാള്‍ പദവിയിലേക്ക് ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തിയത്. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ തലവന്‍ കൂടിയാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്.

സീറോ മലങ്കര കത്തോലിക്ക സഭയിലെ പ്രഥമ കര്‍ദ്ദിനാളായി ബസേലിയോസ്‌ ക്ലിമീസ് ബാവയെ ഉയര്‍ത്തിയത് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കാലത്തായിരിന്നു. 2012 ഒക്ടോബർ 24-നായിരിന്നു ഔദ്യോഗിക പ്രഖ്യാപനം. അതേവര്‍ഷം നവംബർ 24-ന് കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. 2013-ല്‍ നടന്ന കോണ്‍ക്ലേവില്‍ പങ്കെടുത്ത കര്‍ദ്ദിനാളുമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണം നേടിയ വ്യക്തി കൂടിയായിരിന്നു കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്. ഫ്രാന്‍സിസ് പാപ്പയെ തെരഞ്ഞെടുത്ത അന്നത്തെ കോണ്‍ക്ലേവില്‍ പങ്കെടുക്കുമ്പോള്‍ 53 വയസ്സായിരിന്നു കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവയുടെ പ്രായം.

ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരിയെയും ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂളയെയും കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് ഫ്രാന്‍സിസ് പാപ്പയായിരിന്നു. 2022 ആഗസ്റ്റ് 27നു വിളിച്ചുകൂട്ടിയ കൺസിസ്റ്ററിയിൽവെച്ചാണ് കർദ്ദിനാള്‍ സ്ഥാനത്തേക്ക് ഇരുവരും ഉയര്‍ത്തപ്പെട്ടത്. ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരില്‍ സീറോ മലബാര്‍ സഭയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മുംബൈ മുന്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനും 80 വയസ്സു കഴിഞ്ഞതിനാൽ പാപ്പയെ തിരഞ്ഞെടുക്കുന്നതിന് ഇത്തവണ വോട്ടവകാശം ഇല്ല.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »