News - 2025

പത്രോസിന്റെ പിൻഗാമിയുടെ സംരക്ഷണത്തിനായി ജീവനേകിയ സ്വിസ് ഭടന്മാരെ അനുസ്മരിക്കാന്‍ വത്തിക്കാൻ

പ്രവാചകശബ്ദം 05-05-2025 - Monday

വത്തിക്കാന്‍ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ പത്രോസിന്റെ പിൻഗാമിയുടെ സംരക്ഷണത്തിനായി സ്വജീവന്‍ സമര്‍പ്പിച്ച സ്വിസ് ഭടന്മാരെ അനുസ്മരിക്കാന്‍ വത്തിക്കാൻ. ക്ലെമെന്റ് ഏഴാമൻ പാപ്പയെ സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട 147 സ്വിസ് ഭടന്മാരുടെ അനുസ്മരണ ചടങ്ങ് നടത്തുവാനാണ് വത്തിക്കാന്‍ തയാറെടുക്കുന്നത്. നാളെ മെയ് ആറാം തീയതി ചൊവ്വാഴ്ച തികച്ചും സ്വകാര്യമായ ചടങ്ങാണ് വത്തിക്കാനിൽ ഒരുക്കിയിരിക്കുന്നത്. 1527-ൽ, റോം കൊള്ളയടിക്കപ്പെട്ട വേളയില്‍ അന്ന് പാപ്പയായിരുന്ന ക്ലെമെന്റ് ഏഴാമനെ ചാൾസ് അഞ്ചാമൻ രാജാവിന്റെ സേനയിൽനിന്ന് സംരക്ഷിക്കുന്നതിനിടെ 147 സ്വിസ് ഭടന്മാര്‍ കൊല്ലപ്പെടുകയായിരിന്നു.

ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിന്റെയും വത്തിക്കാനിൽ നടന്നുവരുന്ന കർദ്ദിനാള്‍ സമ്മേളനങ്ങളുടെയും കോൺക്ലേവിന്റെയും പശ്ചാത്തലത്തിൽ തികച്ചും സ്വകാര്യമായ ചടങ്ങുകളായിരിക്കും വത്തിക്കാനിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുക. സാധാരണയായി ഈ ദിവസത്തിൽ അതാത് കാലത്തെ മാര്‍പാപ്പമാര്‍ സ്വിസ്സ് ഗാർഡുകൾക്ക് കൂടിക്കാഴ്ച അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്യാറുണ്ട്. സ്വിസ്സ് ഗാർഡുകളുടെ താവളത്തിലുള്ള പ്രത്യേക ഇടത്ത് രാവിലെ 11 മണിക്കായിരിക്കും ചടങ്ങുകളെന്ന് പൊന്തിഫിക്കൽ സ്വിസ്സ് ഗാർഡുകളുടെ ഓഫീസ് പത്രക്കുറിപ്പ് വഴി അറിയിച്ചു.

പാപ്പയ്ക്കുവേണ്ടി ജീവൻ വെടിഞ്ഞ സ്വിസ്സ് പടയാളികൾക്കായുള്ള സ്മാരകത്തിന് മുന്നിൽ പുഷ്പചക്രം സമർപ്പിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ ആരംഭിക്കുക. പൊന്തിഫിക്കൽ സ്വിസ്സ് ഗാർഡുകളുടെ കമാൻഡർ കേണൽ ക്രിസ്റ്റോഫ് ഗ്രാഫ് പ്രഭാഷണം നടത്തും. തുടർന്ന്, പരിശുദ്ധ പിതാവിന്റെ സംരക്ഷണത്തിന് വേണ്ടി ജീവനേകിയ തങ്ങളുടെ മുൻഗാമികളുടെ ജീവത്യാഗത്തിന് സ്വിസ്സ് പടയാളികൾ ആദരാജ്ഞലി അർപ്പിക്കും. സാധാരണയായി പാപ്പയുടെ മുന്‍പാകെ സ്വിസ് ഭടന്മാര്‍ സത്യപ്രതിജ്ഞ ചൊല്ലുന്നതും ഇതേ ദിവസമായിരിന്നു. ഇത്തവണ മാര്‍പാപ്പയുടെ അഭാവത്തില്‍ ചടങ്ങ് പിന്നീട് നടത്തുവാനാണ് തീരുമാനം.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »