News

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാള്‍ പൗരോഹിത്യം സ്വീകരിച്ചിട്ട് 20 വര്‍ഷം

പ്രവാചകശബ്ദം 05-05-2025 - Monday

മെല്‍ബണ്‍/ വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായ മൈക്കോള ബൈചോക്ക് സിഎസ്ആർ പൗരോഹിത്യം സ്വീകരിച്ചിട്ട് 20 വര്‍ഷം. പൗരസ്ത്യസഭയായ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭാംഗമായ കർദ്ദിനാള്‍ മൈക്കോള തിരുപ്പട്ടം സ്വീകരിച്ചതിന്റെ ഇരുപതാം വാര്‍ഷികം ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് ലളിതമായി ആചരിച്ചത്. പത്രോസിന്റെ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാൾ ഇലക്ടർ കൂടിയാണ് മൈക്കോള ബൈചോക്ക്.

ഓസ്‌ട്രേലിയയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കോണ്‍ക്ലേവില്‍ പങ്കുചേരുന്നതിനായി വത്തിക്കാനില്‍ തുടരുകയാണ്. 1980-ൽ പടിഞ്ഞാറൻ യുക്രൈനിലെ ടെർനോപിലിലാണ് ബൈചോക്ക് ജനിച്ചത്. 1997 ജൂലൈയിൽ അദ്ദേഹം റിഡംപ്റ്റോറിസ്റ്റു സമൂഹത്തില്‍ ചേർന്നു. യുക്രൈനിലും പോളണ്ടിലും വൈദിക പരിശീലനം പൂര്‍ത്തിയാക്കി അവിടെ അദ്ദേഹം പാസ്റ്ററൽ തിയോളജിയിൽ ലൈസൻസ് നേടി. 2003 ഓഗസ്റ്റ് 17-ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു. 2005 മെയ് 3-ന് ലിവിവിലെ യുക്രൈന്‍ കത്തോലിക്കാ അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി.

തിരുപ്പട്ടം സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന് വെറും 25 വയസ്സായിരുന്നു പ്രായം. 2020 മുതൽ മെൽബണിലെ യുക്രൈന്‍ രൂപതയുടെ അധ്യക്ഷ പദവി തുടരുന്ന അദ്ദേഹത്തെ 2024 ഡിസംബർ 7ന് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുകയായിരിന്നു. 2025-ലെ പേപ്പല്‍ കോൺക്ലേവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന ഖ്യാതിയോടെയാണ് അദ്ദേഹം വോട്ടെടുപ്പിന് ഒരുങ്ങുന്നത്. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ അദ്ധ്യക്ഷനും കീവ് ആർച്ച് ബിഷപ്പുമായ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് തിരുപ്പട്ട സ്വീകരണത്തിന്റെ ആശംസകള്‍ നേര്‍ന്നു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »