News
“പ്രോ എലിജേന്തൊ പൊന്തീഫിച്ചെ”; കോണ്‍ക്ലേവിന് മുന്നോടിയായി ദിവ്യബലി ആരംഭിച്ചു
പ്രവാചകശബ്ദം 07-05-2025 - Wednesday
വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന് മുന്നോടിയായി വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ദിവ്യബലി ആരംഭിച്ചു. “പ്രോ എലിജേന്തൊ പൊന്തീഫിച്ചെ” (pro eligendo Pontifice) അഥവാ "റോമൻ പൊന്തിഫിന്റെ തിരഞ്ഞെടുപ്പിനായി" എന്നതാണ് ദിവ്യബലിയര്‍പ്പണത്തിന്റെ പ്രത്യേക പേര്. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ വോട്ടവകാശമുള്ളവരും വോട്ടവകാശം ഇല്ലാത്തവരുമായ കര്‍ദ്ദിനാളുമാരും മെത്രാന്മാരും വൈദികരും സന്യസ്തരും അല്‍മായരും പങ്കെടുക്കുന്നുണ്ട്.
വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി കര്‍ദ്ദിനാളുമാര്‍ പ്രദിക്ഷണമായാണ് അള്‍ത്താരയ്ക്കരികെ എത്തിയത്. വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നാണ് പ്രത്യേക ബലിയര്‍പ്പണം ആരംഭിച്ചത്. കർദ്ദിനാൾ സംഘത്തിൻറെ തലവൻ കർദ്ദിനാൾ ജിയോവാന്നി ബത്തീസ്ത റേയുടെ മുഖ്യകാർമ്മികത്വത്തിലാണ് ബലിയര്‍പ്പണം നടക്കുന്നത്. 220 കർദ്ദിനാളന്മാർക്കു പുറമെ മെത്രാന്മാരും വൈദികരും സഹകാർമ്മികരാണ്.
സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പായ കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ചങ്ങനാശ്ശേരി അതിരൂപതാംഗമായ കര്‍ദ്ദിനാള്‍ മാർ ജോർജ് ജേക്കബ് കൂവക്കാട്, കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി, കര്‍ദ്ദിനാള്‍ അന്തോണി പൂള എന്നിവര്‍ ഉള്‍പ്പെടെയുള്ളവരും മലയാളി വൈദികരും വിശ്വാസികളും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നുണ്ട്. ഈ വിശുദ്ധ കുർബാനയ്ക്കു ശേഷം വത്തിക്കാന്‍ സമയം വൈകുന്നേരം 4.30-നായിരിക്കും പാപ്പയെ തിരഞ്ഞെടുക്കുന്ന “കോൺക്ലേവ്” ഔദ്യോഗികമായ തുടക്കമാകുക.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
