News

മെത്രാനായിട്ട് 10 വര്‍ഷം, കര്‍ദ്ദിനാളായിട്ട് ഒന്നര വര്‍ഷം, ഇരട്ട പൗരത്വം; ലെയോ പതിനാലാമന്‍ പാപ്പയുടെ ജീവചരിത്രം

പ്രവാചകശബ്ദം 09-05-2025 - Friday

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പ പദവിയിലെത്തിയ ആദ്യ അമേരിക്കന്‍ കര്‍ദ്ദിനാള്‍, പെറുവിലും അമേരിക്കയിലും പൗരത്വം, ഇംഗ്ലീഷും ലാറ്റിനും ഇറ്റാലിയനും സ്പാനിഷും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അഗാധ പ്രാവീണ്യമുള്ള വ്യക്തി, പെറുവിലെ സാധാരണക്കാരുടെ ഹൃദയം അറിഞ്ഞ വ്യക്തി, വിശുദ്ധ അഗസ്റ്റിന്റെ പാത പിന്തുടര്‍ന്നുള്ള അഗസ്റ്റീനിയന്‍ സമൂഹത്തില്‍ നിന്നുള്ള പാപ്പ... എന്നിങ്ങനെ നീളുകയാണ് പുതിയ പാപ്പയെ കുറിച്ചുള്ള വിശേഷണങ്ങള്‍. ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷനായ ലെയോ പതിനാലാമന്‍ പാപ്പയുടെ ജീവചരിത്രമാണ് ഈ ലേഖനത്തില്‍ പങ്കുവെയ്ക്കുന്നത്.

ജനനവും ബാല്യവും ‍

1955 സെപ്റ്റംബർ 14 ന് ഇല്ലിനോയിസിലെ ബ്രോൺസ്‌വില്ലയിലെ മേഴ്‌സി ഹോസ്പിറ്റലിലാണ് പ്രെവോസ്റ്റിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ലൂയിസ്, ഇറ്റാലിയൻ - ഫ്രഞ്ച് വേരുകളുള്ള വ്യക്തിയായിരിന്നു. ന്യൂ ഓർലിയാൻസിൽ നിന്നുള്ള മിൽഡ്രഡ് മാർട്ടിനെസാണ് അമ്മ. പ്രെവോസ്റ്റിന് ലൂയിസ്, ജോൺ എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്. സെന്റ് മേരി ഓഫ് ദി അസംപ്ഷൻ ഇടവകയിലാണ് പ്രെവോസ്റ്റ് തന്റെ ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചത്. അവിടെ അദ്ദേഹം ഗായകസംഘത്തിൽ പാടിയും അൾത്താര ബാലനായി ക്രിസ്തു കേന്ദ്രീകൃത ജീവിതത്തിന് വേര് പാകി.

പഠനത്തില്‍ പുലര്‍ത്തിയ മികവ് ‍

1973-ൽ മിഷിഗണിലെ ഫെൽറ്റ് മാൻഷനിലെ മൈനർ സെമിനാരിയായ സെന്റ് അഗസ്റ്റിൻ സെമിനാരി ഹൈസ്കൂളിൽ നിന്ന് റോബര്‍ട്ട് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാദമിക് മികവിന് ലെറ്റർ ഓഫ് കമൻഡേഷൻ ബഹുമതി നേടി. സ്ഥിരമായി ഇയർബുക്ക് ചീഫ് എഡിറ്റർ, സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി, നാഷണൽ ഓണർ സൊസൈറ്റി അംഗം എന്നീ നിലകളിൽ സ്കൂളില്‍ ശ്രദ്ധേയനായിരിന്നു. പ്രസംഗത്തിലും സംവാദത്തിലും അവന്‍ വലിയ മികവ് പുലര്‍ത്തിയിരിന്നു.

സെമിനാരി പ്രവേശനം ‍

1977 ൽ സെന്റ് അഗസ്റ്റിൻ (OSA) സന്യാസ സമൂഹത്തിന്റെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1981 ൽ വ്രത വാഗ്ദാനം നടത്തി. 1977 ൽ വില്ലനോവ സർവ്വകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സയൻസ് ബിരുദവും, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. റോമിലെ സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ കോളേജിൽ നിന്ന് കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി.

തിരുപ്പട്ട സ്വീകരണവും പുതിയ ഉത്തരവാദിത്വങ്ങളും ‍

1982 ജൂൺ 19-ന് റോമിൽ വെച്ച് അഗസ്റ്റീനിയന്‍ അംഗങ്ങള്‍ക്കായി നടന്ന തിരുപ്പട്ട സ്വീകരണത്തില്‍ ആർച്ച് ബിഷപ്പ് ജീൻ ജാഡോട്ടില്‍ നിന്നു വൈദിക പട്ടം സ്വീകരിച്ചു അഭിഷിക്തനായി. ഇതിനിടെ ചിക്കാഗോയിലെ സെന്റ് റീത്ത ഓഫ് കാസിയ ഹൈസ്കൂളിൽ ഭൗതികശാസ്ത്ര, ഗണിത അധ്യാപകനായി റോബര്‍ട്ട് സേവനമനുഷ്ഠിച്ചു. വൈദിക പട്ടം സ്വീകരിച്ചതിനുശേഷം, 1985-ൽ പെറുവിലെ അഗസ്തീനിയൻ മിഷനിൽ ചേർന്നു. 1985 മുതൽ 1986 വരെ ഒരു വര്‍ഷം പെറുവിലെ ചുലുക്കാനസ് മേഖലയുടെ ചാൻസലറായി സേവനം ചെയ്തു.

അധ്യാപന ജീവിതവും മറ്റ് പദവികളും ‍

1987 മുതൽ 1988 വരെ അമേരിക്കയിൽ ഷിക്കാഗോയിലെ അഗസ്തീനിയൻ പ്രോവിന്‍സിന്റെ ദൈവവിളി വിഭാഗത്തില്‍ പാസ്റ്ററായും മിഷൻ ഡയറക്ടറായും അദ്ദേഹം ചെലവഴിച്ചു. തുടർന്ന് വീണ്ടും പെറുവിലേക്ക് മടങ്ങി. അവിടെ ട്രൂജില്ലോയിലെ അഗസ്തീനിയൻ സെമിനാരിയുടെ തലവനായും രൂപതാ സെമിനാരിയിൽ കാനോൻ നിയമം പഠിപ്പിച്ചും അദ്ദേഹം സേവനം ചെയ്തു. ഒരു പതിറ്റാണ്ട് നീണ്ട സേവനമായിരിന്നു അത്. ഇടവക വൈദികന്‍, രൂപതാ ഉദ്യോഗസ്ഥൻ, ഫോര്‍മേഷന്‍ ഡയറക്ടർ, സെമിനാരി അധ്യാപകൻ, ജുഡീഷ്യൽ വികാരി തുടങ്ങിയ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1998-ൽ, ചിക്കാഗോ ആസ്ഥാനമായുള്ള സെന്റ് അഗസ്റ്റിൻ പ്രോവിൻസിന്റെ പ്രോവിൻഷ്യലായി പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു, 1999 മാർച്ച് 8-ന് ആ സ്ഥാനം ഏറ്റെടുത്തു.

തേടിയെത്തിയ മെത്രാന്‍ പദവിയും ‍ഇരട്ട പൗരത്വവും

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ എല്ലാം ഭംഗിയായി നിറവേറ്റിയ അദ്ദേഹം അനേകരുടെ മുന്നില്‍ സ്വീകാര്യനായിരിന്നു. 2014 നവംബർ 3-ന് ഫ്രാൻസിസ് മാർപാപ്പ പ്രെവോസ്റ്റിനെ പെറുവിലെ ചിക്ലായോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. 2014 ഡിസംബർ 12-ന് ചിക്ലായോയിലെ സെന്റ് മേരീസ് കത്തീഡ്രലിൽവെച്ച് മെത്രാഭിഷേകം നടന്നു. 2015 സെപ്റ്റംബർ 26-ന് അദ്ദേഹത്തെ ചിക്ലായോയിലെ ബിഷപ്പായി നിയമിച്ചു. നയതന്ത്ര ഉടമ്പടി പ്രകാരം, ബിഷപ്പാകുന്നതിന് മുമ്പ് പ്രെവോസ്റ്റ് പെറുവിലെ പൗരത്വം നേടി. അതായത് അമേരിക്കയിലെ പൗരത്വവും ഉള്‍പ്പെടെ ഇരട്ട പൗരത്വം.

വത്തിക്കാന്‍ തിരുസംഘത്തിലേക്ക്

2019 ജൂലൈ 13-ന്, പ്രീവോസ്റ്റിനെ ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ വൈദികർക്കായുള്ള തിരുസംഘത്തിലെ അംഗമായി നിയമിച്ചു. 2019-ൽ തന്നെ വിദ്യാഭ്യാസ സാംസ്കാരിക കമ്മീഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ പെറുവിലെ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. 2020 ഏപ്രിൽ 15-ന് പെറുവിന്റെ തലസ്ഥാനമായ ലിമായിലെ കാലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. 2018–2020 കാലയളവില്‍ പെറുവിലെ എപ്പിസ്കോപ്പൽ കോൺഫറൻസിൽ, അദ്ദേഹം സ്ഥിരം കൗൺസില്‍ അംഗമായി. 2020 നവംബർ 21-ന് അദ്ദേഹം ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയില്‍ അംഗമായി.

2023 ജനുവരി 30-ന്, ഫ്രാൻസിസ് മാർപാപ്പ, ചിക്ലായോയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് എന്ന പദവിയോടെ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ നിയമിച്ചു. ലോകമെമ്പാടു നിന്നുമുള്ള മെത്രാന്‍ സ്ഥാനാർത്ഥികളെ വിലയിരുത്തുന്നതിലും ശുപാർശ ചെയ്യുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 2023 ഏപ്രിൽ 12നു ലാറ്റിൻ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായി സ്ഥാനമേറ്റു.

കര്‍ദ്ദിനാള്‍ പദവി

2023 ജൂലൈ 9 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ആയിരങ്ങളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ തിരുസഭയ്ക്കു 21 കര്‍ദ്ദിനാളുമാരെ പ്രഖ്യാപിച്ചിരിന്നു. അതില്‍ ഒരു പേര് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്നായിരിന്നു. 2023 സെപ്റ്റംബർ 30-ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി.

പ്രവചനങ്ങളെ മാറ്റിമറിച്ച് തിരുസഭയുടെ പരമാദ്ധ്യക്ഷ പദവിയിലേക്ക്

ഫ്രാന്‍സിസ് പാപ്പ ദിവംഗതനായപ്പോള്‍ മുതല്‍ പുതിയ പാപ്പയെ കുറിച്ചുള്ള പ്രവചനങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിന്നു. മുഖ്യ പ്രചരണങ്ങളില്‍ ഒന്നിലും കര്‍ദ്ദിനാള്‍ റോബർട്ട് പ്രെവോസ്റ്റ് ഉണ്ടായിരിന്നില്ല. കോണ്‍ക്ലേവില്‍ വോട്ട് അവകാശമുള്ള 133 കര്‍ദ്ദിനാളുമാരില്‍ (135 പേര്‍ ഉണ്ടെങ്കിലും രണ്ടു പേര്‍ വിട്ടുനിന്നിരിന്നു) ഒരാളായി കോണ്‍ക്ലേവില്‍ പ്രാര്‍ത്ഥനയോടെ പ്രവേശിച്ച വ്യക്തി. സാധ്യതകളെയും പ്രവചനകളെയും മാറ്റി മറിക്കുന്ന കോണ്‍ക്ലേവ് മെയ് 7നു ആരംഭിക്കുന്നു. രണ്ടാം ദിനമായ ഇന്നലെ വത്തിക്കാന്‍ സമയം വൈകീട്ട് 6:11 (ഇന്ത്യന്‍ സമയം രാത്രി 9.41). സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക.

തിരുസഭയ്ക്കു പുതിയ മാര്‍പാപ്പയെ ലഭിച്ചിരിക്കുന്നു. പതിനായിരങ്ങള്‍ വത്തിക്കാന്‍ ചത്വരത്തില്‍. കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമൂസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്. ലെയോ പതിനാലാമന്‍ പാപ്പ എന്ന സ്ഥാനിക നാമത്തില്‍ അറിയപ്പെടും. ലോകം കാത്തിരിന്ന ആ വാര്‍ത്തയ്ക്കു ഔദ്യോഗിക സ്ഥിരീകരണം.

ലെയോ പതിനാലാമന്‍ പാപ്പയ്ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.


Related Articles »