News
പാപ്പയെ പ്രഖ്യാപിക്കുന്ന സോഷ്യൽ മീഡിയ; ക്രിസ്ത്യാനികൾ ഇനിയെങ്കിലും പാഠം പഠിക്കുമോ?
പ്രവാചകശബ്ദം 09-05-2025 - Friday
സമൂഹ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ മനസിലാക്കാതെ ഉടനെ വൈകാരികമായി പ്രതികരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. വത്തിക്കാനില്‍ രണ്ടു ദിവസമായി നടന്നുവരികയായിരിന്ന കോണ്‍ക്ലേവില്‍ ഔദ്യോഗിക ഫലസൂചന നല്‍കിക്കൊണ്ട് ഇന്നലെ വത്തിക്കാന്‍ സമയം വൈകീട്ട് 6:11 (ഇന്ത്യന്‍ സമയം രാത്രി 9.41)നു സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക പ്രത്യക്ഷപ്പെട്ടതോടെ കുപ്രചരണങ്ങളും അതിവേഗം കത്തിപടരുകയായിരിന്നു.
സോഷ്യല്‍ മീഡിയ പ്രഖ്യാപിച്ച പാപ്പ
വെളുത്ത പുക സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ പ്രത്യക്ഷപ്പെട്ട് നിമിഷ നേരം കൊണ്ട് മലയാളി സമൂഹത്തിനിടെയില്‍ ഒരു പോസ്റ്റ് അതിവേഗം പടര്‍ന്നു. ഫിലിപ്പീന്‍സില്‍ നിന്നുള്ള മനില ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ കത്തോലിക്ക സഭയുടെ പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടുവെന്നായിരിന്നു ആ പോസ്റ്റ്. ലൂയിസ് ഒന്നാമന്‍ എന്ന പേര് സ്വീകരിച്ചതായും ഈ പോസ്റ്റിനൊപ്പം കുറിപ്പുണ്ടായിരിന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഈ പോസ്റ്റ് വാട്സാപ്പിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായി.
ഫിലിപ്പീന്‍സുകാര്‍ പോലും അറിഞ്ഞില്ല, പക്ഷേ മലയാളികള്‍ അറിഞ്ഞു..!
ഏഷ്യയില്‍ നിന്നും ആദ്യമായി ഒരു മാര്‍പാപ്പയെ ലഭിച്ചു, ഫിലിപ്പീന്‍സില്‍ നിന്നുള്ളതാണ് കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന്‍ എന്ന രീതിയില്‍ നിരവധി പോസ്റ്റുകള്‍ മലയാളി സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ കത്തിപടര്‍ന്നിരിന്നു. എന്നാല്‍ ഇത്തരം ഒരു പ്രചരണം ഫിലിപ്പീന്‍സുകാര്‍ക്ക് ഇടയില്‍ പോലും പ്രചരിച്ചിട്ടില്ലായിരിന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. കര്‍ദ്ദിനാള്‍ ടാഗ്ലെയ്ക്കു സാധ്യത കല്‍പ്പിക്കപ്പെട്ടിരിന്നെങ്കിലും ഔദ്യോഗിക ഫലം വരുന്നത് വരെ ഫിലിപ്പീന്‍സിലെ ജനങ്ങള്‍ കാത്തിരിന്നുവെന്നതാണ് അഭിനന്ദനാര്‍ഹമായ വസ്തുത. ഏതോ ഒരു മലയാളി പടച്ചുവിട്ട പോസ്റ്റില്‍ നെല്ലേത്, പതിരേത് എന്നു തിരിച്ചറിയാനുള്ള വിവേകം മലയാളി ക്രൈസ്തവര്‍ കാണിച്ചില്ലായെന്നതാണ് സത്യം.
പാപ്പയായി പോയവര്‍ കര്‍ദ്ദിനാളുമാരായി മടങ്ങി
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, ഹംഗേറിയന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ഡോ, കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ എന്നിവര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയും ലോക മാധ്യമങ്ങളും പുതിയ പാപ്പയായി വരാന്‍ സാധ്യത കല്‍പ്പിച്ചിരിന്നവരുടെ ലിസ്റ്റില്‍ സാധ്യത ഒട്ടും കല്‍പ്പിക്കപ്പെടാതിരിന്ന വ്യക്തിയാണ് പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട റോബർട്ട് പ്രെവോസ്റ്റ്. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെയുള്ള കോണ്‍ക്ലേവിന്റെ രഹസ്യാത്മക സ്വഭാവത്തെ കുറിച്ച് ഈ നാളുകളില്‍ മാധ്യമങ്ങളില്‍ ഏറെ വാര്‍ത്തയായിരിന്നെങ്കിലും അതിനെ ഗൗനിക്കാനോ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്നു പ്രോട്ടോഡീക്കന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കാനോ സോഷ്യല്‍ മീഡിയ കണ്ണുമടച്ച് വിശ്വസിക്കുന്ന നിരവധി മലയാളികള്‍ തയാറായില്ലായെന്നതാണ് ഖേദകരമായ വസ്തുത.
ഇനിയെങ്കിലും തിരിച്ചറിയാം..!
നവമാധ്യമങ്ങളില്‍ എന്തെങ്കിലും ഒരു പോസ്റ്റ് കണ്ടാല്‍ അതിവൈകാരികമായി പ്രതികരിക്കുന്ന അപകടകരമായ പ്രവണത മലയാളികളായ ക്രൈസ്തവര്‍ക്ക് ഇടയില്‍ സമീപകാലത്ത് വര്‍ദ്ധിച്ച് വരുന്നുണ്ട്. സത്യം എന്താണെന്ന് അറിയാനുള്ള വിവേകം പോലും കാണിക്കാതെ അതിവൈകാരിക തലത്തില്‍ കാണുന്നതെല്ലാം പ്രചരിപ്പിക്കുന്നവര്‍ക്ക് കൂടിയുള്ള താക്കീത് കൂടിയാണ് പുതിയ പാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനം. "നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍" (സങ്കീര്‍ത്തനങ്ങള്‍ 15:2) കര്‍ത്താവിന്റെ കൂടാരത്തില്‍ വസിക്കുമെന്ന വചനം ഓര്‍ക്കാം. വ്യാജ പ്രചരണങ്ങളുടെ ലോകത്ത് യഥാര്‍ത്ഥ സത്യത്തെ അറിയുവാനും പ്രഘോഷിക്കുവാനും നമ്മുക്ക് പരിശ്രമിക്കാം.
