News

അടിച്ചമർത്തപ്പെടുമ്പോൾ സത്യത്തിനു സാക്ഷ്യം വഹിക്കുകയാണ്: പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 18-11-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ക്രിസ്ത്യാനികൾ വിവേചനവും പീഡനവും അനുഭവിക്കുന്നുണ്ടെന്നും അടിച്ചമർത്തപ്പെടുമ്പോൾ അവര്‍ സത്യത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും ലെയോ പാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകര്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ബംഗ്ലാദേശ്, നൈജീരിയ, മൊസാംബിക്, സുഡാൻ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെന്നും അവിടെ നിന്ന് സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ നാം പലപ്പോഴും കേൾക്കാറുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി.

വാസ്തവത്തിൽ ക്രിസ്തു രണ്ടുതവണ, തന്റെ നാമത്തെ പ്രതി അനേകർ പീഡനം അനുഭവിക്കുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് ആയുധങ്ങളിലൂടെയും മോശമായി പെരുമാറുന്നതിലൂടെയും മാത്രമല്ല, വാക്കുകൾ കൊണ്ടും - നുണകളിലൂടെയും പ്രത്യയശാസ്ത്രപരമായ കൃത്രിമത്വത്തിലൂടെയും പീഡിപ്പിക്കുന്നു. പ്രത്യേകിച്ചും ശാരീരികവും ധാർമ്മികവുമായ തിന്മകളാൽ നാം അടിച്ചമർത്തപ്പെടുമ്പോൾ, ലോകത്തെ രക്ഷിക്കുന്ന സത്യത്തിലേക്കും, അടിച്ചമർത്തലിൽ നിന്ന് ജനങ്ങളെ വീണ്ടെടുക്കുന്ന നീതിയിലേക്കും, എല്ലാവർക്കും സമാധാനത്തിലേക്കുള്ള വഴി കാട്ടുന്ന പ്രത്യാശയിലേക്കും സാക്ഷ്യം വഹിക്കാൻ നാം വിളിക്കപ്പെടുന്നു.

പ്രിയ സുഹൃത്തുക്കളെ, സഭയുടെ ചരിത്രത്തിലുടനീളം, വീണ്ടെടുപ്പിന്റെ അടയാളമായി അക്രമത്തെപ്പോലും രൂപാന്തരപ്പെടുത്താൻ ദൈവകൃപയ്ക്ക് കഴിയുമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത് രക്തസാക്ഷികളാണ്. അതുകൊണ്ട്, യേശുവിന്റെ നാമത്തിനുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരോടൊപ്പം ചേരുമ്പോൾ, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ അർത്ഥന നമുക്ക് ആത്മവിശ്വാസത്തോടെ തേടാം. എല്ലാ പരീക്ഷണങ്ങളിലും പ്രയാസങ്ങളിലും പരിശുദ്ധ കന്യകാമറിയം നമ്മെ ആശ്വസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യട്ടെയെന്നും പാപ്പ പറഞ്ഞു. കോംഗോയിലും യുക്രൈനിലും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിൽ ലെയോ മാർപാപ്പ ഖേദം പ്രകടിപ്പിച്ചു. യുക്രൈന്‍ സമൂഹത്തോടുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ച പാപ്പ അവിടെ നീതിയും ശാശ്വതവുമായ സമാധാനവും സംജാതമാകാന്‍ പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്തു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »