News
പീഡിത ക്രൈസ്തവരുടെ സ്മരണയില്‍ ഇറാഖില്‍ പുതിയ ദേവാലയം തുറക്കും
പ്രവാചകശബ്ദം 22-08-2025 - Friday
ക്വാരഘോഷ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമായ വേട്ടയാടല്‍ നടത്തിയ ഇറാഖില്‍ പീഡിത ക്രൈസ്തവരുടെ സ്മരണയില്‍ പുതിയ ദേവാലയം തുറക്കും. പീഡിത ക്രിസ്ത്യാനികളുടെ അമ്മയായ മറിയത്തിന് സമർപ്പിച്ചിരിക്കുന്ന പുതിയ ദേവാലയം വടക്കൻ ഇറാഖിലെ ക്വാരഘോഷില്‍ ഒക്ടോബറിലാണ് കൂദാശ ചെയ്യുക. 2014 ലെ ഐസിസിന്റെ ക്രൂരമായ ആക്രമണത്തിന്റെ മുറിവുകളിൽ നിന്ന് ഇപ്പോഴും പൂര്‍ണ്ണമായി മുക്തി നേടാത്ത പ്രദേശമാണ് ക്വാരഘോഷ്. അമേരിക്ക, ഇംഗ്ലണ്ട്, സ്വീഡൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് പണിത ദേവാലയങ്ങളുടെ പട്ടികയില്‍ ഇടം നേടാനിരിക്കുന്ന ആഗോളതലത്തിൽ നിര്‍മ്മിക്കുന്ന ഏഴാമത്തെ ദേവാലയമാണിത്.
ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് യുഎസ് ആസ്ഥാനമായുള്ള നസറേൻ.ഓർഗ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ദേവാലയം യാഥാര്‍ത്ഥ്യമാക്കിയത്. ദേവാലയത്തിന്റെ കൂദാശ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒക്ടോബറില്‍ നടത്തും. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തിനിടെ ബാർട്ടല്ലയിൽ നിന്ന് നാടുകടത്തപ്പെട്ട സിറിയന്‍ കത്തോലിക്ക ഡീക്കൻ ഇബ്രാഹീം യാൽഡോ നിർമ്മിച്ച മരിയന്‍ രൂപമാണ് ആരാധനാലയത്തിന്റെ കേന്ദ്രബിന്ദു. അറമായ ഭാഷയിൽ "മറിയം; പീഡിപ്പിക്കപ്പെട്ടവരുടെ അമ്മ" എന്ന്‍ ആലേഖനം ചെയ്തിട്ടുണ്ട്.
പ്രാദേശിക വിശ്വാസി സമൂഹത്തെ ശക്തിപ്പെടുത്തുക, പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളെ ഓർക്കാനും പ്രാർത്ഥിക്കാനും പടിഞ്ഞാറൻ രാജ്യങ്ങളിലെ ക്രൈസ്തവരോട് ആഹ്വാനം ചെയ്യുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ ദേവാലയം വിഭാവനം ചെയ്യുന്നതെന്ന് ആർച്ച് ബിഷപ്പ് ഹാനോ പറഞ്ഞു. 2003 ന് മുമ്പ് ഏകദേശം 1.5 ദശലക്ഷമുണ്ടായിരിന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തിനെ തുടര്‍ന്നുണ്ടായ സംഘർഷം, പീഡനം, കുടിയേറ്റം എന്നിവയെ തുടര്‍ന്നു 150,000 ആയി കുറഞ്ഞിരിക്കുകയാണ്. പ്രദേശത്ത് തുടരുന്ന ക്രൈസ്തവര്‍ക്ക് പ്രത്യാശ പകരുവാന്‍ പുതിയ ആരാധനാലയം വഴി തെളിയിക്കുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
