News
ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ വിശുദ്ധ കുര്‍ബാന അര്‍പ്പണം 18ന്
പ്രവാചകശബ്ദം 10-05-2025 - Saturday
വത്തിക്കാൻ സിറ്റി: വിശുദ്ധ പത്രോസിന്റെ പുതിയ പിന്‍ഗാമി ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഈ മാസം 18നു നടക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ അന്നേദിവസം പ്രാദേശികസമയം രാവിലെ പത്തിനായിരിക്കും (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആഘോഷമായ വിശുദ്ധ കുർബാന നടക്കുക. വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പതിനാലാമൻ പാപ്പ ഇന്നലെ സിസ്റ്റൈൻ ചാപ്പലിൽ ആദ്യത്തെ പൊന്തിഫിക്കൽ കുർബാന അർപ്പിച്ചു. കർദ്ദിനാളുമാർ സഹകാർമികരായിരുന്നു. മാർപാപ്പ ഇന്ന് കർദ്ദിനാൾമാരുമായി കുടിക്കാഴ്ച നടത്തും.
നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് ചത്വരത്തിലെ വിശ്വാസികളോടൊപ്പം 12 മണിക്ക് ത്രികാലജപം ചൊല്ലും. തിങ്കളാഴ്‌ച വത്തിക്കാനിലുള്ള ലോകമെങ്ങും നിന്നുള്ള മാധ്യമപ്രവർത്തകരുമായും 16ന് വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. മെയ് 20, ചൊവ്വാഴ്ച സെന്റ് പോള്‍ പേപ്പൽ ബസിലിക്കയുടെ അധികാര സ്ഥാനമേറ്റെടുക്കല്‍ നടത്തും.
ഈമാസം 21 നായിരിക്കും പോൾ ആറാമൻ ഹാളിൽ നടന്നുവരാറുള്ള ആദ്യത്തെ പ്രതിവാര പൊതുജന സമ്പർക്ക പരിപാടി. 24ന് റോമൻ കൂരിയയുമായും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും. മെയ് 25 ഞായറാഴ്ച, സന്ദേശവും ത്രികാലജപ പ്രാര്‍ത്ഥനയും നടക്കും. സെന്റ് ജോൺ ഓഫ് ലാറ്ററൻ പേപ്പൽ ബസിലിക്കയുടെയും സെന്റ് മേരി മേജർ പേപ്പൽ ബസിലിക്കയുടെയും അധികാര സ്ഥാനമേറ്റെടുക്കലും നടത്തും.
