News

വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം; ഔദ്യോഗിക പ്രഖ്യാപനം മെയ് 31ന്

പ്രവാചകശബ്ദം 10-05-2025 - Saturday

വിളക്കന്നൂര്‍: നീണ്ട പതിനൊന്നു വര്‍ഷത്തെ പഠനത്തിന് ഒടുവില്‍ തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള വിളക്കന്നൂര്‍ ക്രിസ്തു രാജ ദേവാലയത്തില്‍ ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ അത്ഭുതത്തിന് സഭാതല സ്ഥിരീകരണം. ഇത് സംബന്ധിച്ച പരിശുദ്ധ സിംഹാസനത്തിന്റെ അറിയിപ്പ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വിശ്വാസികളെ അറിയിച്ചു. ഇന്നലെ വിളക്കന്നൂര്‍ ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേയായിരിന്നു ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. ഈ അത്ഭുതം പരിശുദ്ധ കത്തോലിക്ക സഭയ്ക്ക് പരിശുദ്ധ കുര്‍ബാനയിലുള്ള സത്യ വിശ്വാസത്തെ പരിപോഷിക്കുന്നത് ആകയാല്‍ അതിനെ ദിവ്യകാരുണ്യ അത്ഭുതമായി കരുതുന്നതിന് തടസങ്ങള്‍ യാതൊന്നുമില്ലായെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചതായി മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

പരിശുദ്ധ കുര്‍ബാനയ്ക്കു നല്‍കുന്ന അതേ ആദരവും ബഹുമാനവും ഈ തിരുവോസ്തിക്ക് നല്കാനും അതിനെ ആരാധിക്കുവാനും ശ്ലൈഹീക സിംഹാസനം അനുവാദം നല്‍കിയിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. എന്നാല്‍ പരിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ തിരുസാന്നിധ്യം എന്നത് കേവലം ഏതെങ്കിലും ഒരു അടയാളമോ അത്ഭുതമോ ആയി ബന്ധപ്പെട്ടതല്ലായെന്ന സനാതന സത്യം എല്ലാ വിശ്വാസികളും ഹൃദയത്തില്‍ സൂക്ഷിക്കേണ്ടതാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

മെയ് 31 ശനിയാഴ്ച ഉച്ചക്കഴിഞ്ഞു രണ്ടര മണിക്ക് വിളക്കന്നൂര്‍ ക്രിസ്തു രാജ ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറെല്ലി സംബന്ധിക്കുകയും പരിശുദ്ധ കുര്‍ബാന പ്രതിഷ്ഠിക്കുകയും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും പ്രഖ്യാപനം നടത്തുന്നതുമാണെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

2013 നവംബർ 15നു വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ഫാ. തോമസ് പതിക്കൽ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേയാണ് അത്ഭുതമുണ്ടായത്. വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പ്രത്യക്ഷപ്പെടുകയായിരിന്നു. പിന്നീട് തിരുവോസ്തി വത്തിക്കാന്‍ മാര്‍ഗ്ഗരേഖ അനുശാസിക്കുന്നത് പ്രകാരം അതിരൂപതാ കാര്യാലയത്തിലേക്ക് മാറ്റി. നാലുവര്‍ഷത്തിലധികമായി അതിരൂപതാകേന്ദ്രത്തില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തിക്ക് യാതൊരു മാറ്റവും ഇല്ലാത്തതിനാല്‍ ദിവ്യകാരുണ്യം 2018 സെപ്റ്റംബര്‍ 20നു വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തിലെത്തിച്ചു. തുടര്‍ന്നു 2020 ജനുവരി വരെ പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരിന്നു.

നേരത്തെ തന്നെ വിളക്കന്നൂര്‍ സംഭവത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ വിശദമായ പഠനം നടത്തുകയും പ്രസ്തുത സംഭവം ഒരു ദിവ്യകാരുണ്യ അത്ഭുതം ആയി ഉയര്‍ത്തപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിന്‍ പ്രകാരം 2020 ജനുവരി രണ്ടാം വാരത്തില്‍ തിരുവോസ്തി സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് എത്തിച്ചു. കൊച്ചിയില്‍ എത്തിയ അന്നത്തെ ഭാരതത്തിന്റെ അപ്പസ്തോലിക ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊയ്ക്കു തിരുവോസ്തി കൈമാറിയിരിന്നു. നീണ്ട പഠനത്തിന് ഒടുവില്‍ ദിവ്യകാരുണ്യ അത്ഭുതത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിക്കൊണ്ടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം വന്നതിന്റെ വലിയ ആഹ്ളാദത്തിലാണ് വിളക്കന്നൂരിലെ വിശ്വാസികള്‍.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »