News - 2025
ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ബലി നാളെ; ലോക നേതാക്കള്‍ എത്തും
പ്രവാചകശബ്ദം 17-05-2025 - Saturday
വത്തിക്കാൻ സിറ്റി: പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം ബലി നാളെ നടക്കും. പ്രാദേശികസമയം രാവിലെ പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) തിരുക്കർമങ്ങൾ ആരംഭിക്കുക. വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദ്ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയയും മറ്റ് അനേകം കത്തോലിക്ക മാധ്യമങ്ങളും തത്സമയസംപ്രേക്ഷണം നടത്തും.
ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാന യ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും. സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വത്തിക്കാനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ട റി മാർക്കോ റുബിയോയും പങ്കെടുക്കും. നിരവധി യുഎസ് കോൺഗ്രസ് അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാളെ വത്തിക്കാനിൽ എത്തിയേക്കുമെന്നും സൂചനകളുണ്ട്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്‌കി, പെറു പ്രസിഡന്റ് ദിന എർസിലിയ ബൊലാർതെ സെഗാര, ബ്രിട്ടനിലെ എഡ്വേർഡ് രാജകുമാരൻ, നൈജീരിയൻ പ്രസിഡൻ്റ് ബൊല അഹമ്മദ് ടിനുബു, ഡെന്മാർക്കിൽനിന്ന് മാക്സിമ രാജ്ഞി, പ്രധാനമന്ത്രി ഡിക് ഷുഫ്, ഇസ്രേലി പ്രസിഡൻ്റ ഐസക് ഹെർസോഗ്, യൂ റോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല ഫോൺ ദെർ ലെയെൻ, ഇറ്റാലിയൻ പ്രസി ഡന്റ് സെർജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കൾ എത്തും. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിനു വിശ്വാസികളും നാളെ വത്തിക്കാനിലെത്തും.
