News - 2025

വിവിധ നിയമനങ്ങളുമായി ലെയോ പതിനാലാമൻ പാപ്പ

പ്രവാചകശബ്ദം 19-05-2025 - Monday

വത്തിക്കാന്‍ സിറ്റി: റോമിലെ ജോൺ പോൾ രണ്ടാമൻ ദൈവശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചാൻസിലറായി കർദ്ദിനാൾ ബാൽഡസാരെ റെയ്നയെയും, വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തിന്റെ സമാപന ആഘോഷങ്ങളിലേക്ക് തന്റെ പ്രതിനിധിയായി അജാക്സിയോ രൂപതയുടെ മെത്രാൻ കർദ്ദിനാൾ ഫ്രാങ്കോയിസ് സേവ്യര്‍ ബുസ്റ്റിലോയെയെയും ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പേരിൽ സ്ഥാപിതമായ, കുടുംബം, വിവാഹം എന്നിവയെ സംബന്ധിക്കുന്ന കത്തോലിക്കാ സഭയുടെ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ തിയോളജിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട്. റോമൻ രൂപതയുടെ പാപ്പയുടെ വികാരി ജനറാളും, പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയുടെ ചാൻസലറുമാണ് കർദ്ദിനാൾ ബാൽഡസാരെ. ഇതുസംബന്ധിച്ച അറിയിപ്പ് ഇന്നു മെയ് പത്തൊൻപതാം തീയതിയാണ് പരിശുദ്ധ സിംഹാസനം അറിയിച്ചത്.

2025 ജൂൺ 27 ന് ഫ്രാൻസിലെ പാരായ് - ലെ മോണിയൽ തീർത്ഥാടനകേന്ദ്രത്തിൽ വച്ച് നടക്കുന്ന, വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തിന്റെ സമാപന ആഘോഷങ്ങളിൽ തന്റെ പ്രത്യേക പ്രതിനിധിയായി അജാക്സിയോ രൂപതയുടെ മെത്രാൻ, ഫ്രാങ്ക്സ്‌വെ സവിയെ ബുസ്‌തില്ലിയോയെയും, പരിശുദ്ധ പിതാവ് നിയമിച്ചിട്ടുണ്ട്. വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തോടനുബന്ധിച്ചാണ്, ഫ്രാൻസിസ് പാപ്പ ഡിലെക്സിത്ത് നോസ് എന്ന തന്റെ അവസാന ചാക്രിക ലേഖനം രചിച്ചത്.

1673 ഡിസംബർ 27 നും 1675 ജൂൺ 18 നും ഇടയിൽ ഫ്രഞ്ച് സന്യാസിനിയായിരുന്ന മാർഗരറ്റ് മേരി അലക്കോക്കിനു ലഭിച്ച ദർശനങ്ങളാണ് തിരുഹൃദയ ഭക്തി ലോകം മുഴുവൻ വ്യാപാരിക്കുന്നതിനു കാരണമായത്. ഈ തിരുഹൃദയഭക്തി ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പ്രചരിപ്പിക്കണമെന്നത് അലക്കോക്കിനു ദൈവം നൽകിയ നിർദേശമായിരുന്നു. 2023 ലാണ് ആദ്യ ദർശനത്തിന്റെ മുന്നൂറ്റിയൻപതാമത് വാർഷികം ആഘോഷിക്കപ്പെട്ടത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »