News

നിഖ്യ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാർഷികാഘോഷത്തിന് ആരംഭം

പ്രവാചകശബ്ദം 21-05-2025 - Wednesday

ഇസ്താംബൂള്‍: ക്രൈസ്തവസഭാ ചരിത്രത്തിലെ ആദ്യത്തെ സാർവ്വത്രിക സൂനഹദോസായ നിഖ്യാ സൂനഹദോസിൻറെ 1700-ാമതു വാർഷികത്തിന് തുർക്കിയിലെ ഇസ്‌നിക്ക് (പുരാതന നിഖ്യ) പട്ടണത്തിൽ തുടക്കം. എഡി 325ൽ അന്നൊരു ക്രൈസ്‌തവ രാജ്യമായിരുന്ന ഏഷ്യാ മൈനറിലെ (ഇന്നത്തെ തുർക്കി) നിഖ്യായിൽ കോൺസ്റ്റൻ്റെൻ ചക്രവർത്തിയാണ് സൂനഹദോസ് വിളിച്ചുകൂട്ടിയത്. ക്രൈസ്തവസഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണം നിർവ്വചിച്ചു ക്രമപ്പെടുത്തിയത് ഒന്നാം നിഖ്യാ സൂനഹദോസിലാണ്. ഏതാണ്ട് 318 മെത്രാന്മാർ വിവിധ പ്രദേശങ്ങളിൽ നിന്നായി ആ സഭാ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.

പ്രധാനമായും ആര്യൻ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമിൻറെ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻറെയിൻ ഒന്നാമനാണ് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത്. മെയ് 20-ന്, ചൊവ്വാഴ്ചയാണ് മിക്ക ക്രൈസ്തവസഭകളും ആധികാരികമായി കണക്കാക്കുന്ന നിഖ്യാസൂനഹദോസിൻറെ വാർഷികാചരണം ആരംഭിച്ചത്. ക്രൈസ്തവ വിശ്വാസത്തിനെതിരെ ഉയർന്ന ആര്യൻ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമൻ ചക്രവർത്തി കോൺസ്റ്റൻറയിൻ ഒന്നാമൻ മുന്നുറ്റിയിരുപത്തിയഞ്ചാം ആണ്ടിലാണ് ക്രൈസ്തവ ചരിത്രത്തിൽ നിർണ്ണായകമായിത്തീർന്ന ഒന്നാം നിഖ്യാ സൂനഹദോസ് വിളിച്ചുകൂട്ടിയത്. ഇതേകൊല്ലം (325) ആഗസ്റ്റ് വരെയായിരുന്നു ഈ സൂനഹദോസ് ചേർന്നത്.

ദൈവവുമായി സമാനത പങ്കിടുന്നവനെങ്കിലും യേശു ദൈവത്തിനു കീഴുള്ളവനും ദൈവത്തിൻറെ ആദ്യസൃഷ്ടിയുമാണെന്ന ആരീയുസ് എന്ന പുരോഹിതൻറെ സിദ്ധാന്തത്തെ ശക്തിയുക്തം എതിർത്ത ഈ സൂനഹദോസിൻറെ സംഭാവനയാണ് നിഖ്യാ വിശ്വാസപ്രമാണം. കത്തോലിക്കാ സഭയും കിഴക്കൻ ഓർത്തഡോക്സ് സഭകളും, ആംഗ്ലിക്കൻ കൂട്ടായ്മയും ലൂഥറൻ സമൂഹം ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രൊട്ടസ്റ്റൻറ് സഭാ സമൂഹങ്ങളും ഈ സൂനഹദോസിനെ അംഗീകരിക്കുന്നുണ്ട്.

ഈശോമിശിഹാ സാധിച്ച രക്ഷ, പരിശുദ്ധ ത്രീത്വം, ക്രൈസ്ത‌വരുടെ വിശ്വാസൈക്യം, ഏക മാമ്മോദീസ മുതലായവ നിർവചിച്ച ഈ സുനഹദോസ് ക്രമപ്പെടുത്തിയ വിശ്വാസപ്രമാണം 381ലെ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വീണ്ടും ചർച്ചചെയ്യപ്പെടുകയും തലമുറകളായി ഇന്നും ക്രൈസ്‌തവർ ഏറ്റുപറയുകയും ചെയ്യുന്നു. സഭാ ചരിത്രത്തിൽ ഇതുവരെ 21 സാർവത്രിക സൂനഹദോസുകളാണ് നടന്നിട്ടുള്ളത്. ഏറ്റവും അവസാനമായി നടന്നതാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് (1962-65). സൂനഹദോസിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് നിഖ്യായിലേക്ക് എത്താന്‍ ലെയോ പാപ്പായും ആഗ്രഹം പങ്കുവച്ചിട്ടുണ്ട്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »