News - 2025
ലെയോ പതിനാലാമൻ പാപ്പയെ ഗാസയിലെ ജനങ്ങൾ ഒരു പിതാവായാണ് കാണുന്നത്: ഫാ. റൊമനെല്ലി
പ്രവാചകശബ്ദം 22-05-2025 - Thursday
ഗാസ: ഫ്രാൻസിസ് പാപ്പയെ പോലെ, ലെയോ പതിനാലാമൻ പാപ്പായിലും പിതൃതുല്യനായ ഒരാളെയാണ് ഗാസായിലെ ജനങ്ങൾ കാണുന്നതെന്ന് ഗാസായിലെ ഏക കത്തോലിക്ക ദേവാലയമായ തിരുക്കുടുംബ ദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. കത്തോലിക്കർക്ക് മാത്രമല്ല, ഓർത്തഡോക്സ് വിശ്വാസികൾക്കും ഇസ്ലാം മതവിശ്വാസികൾക്കും ഫ്രാൻസിസ് പാപ്പയിൽ പിതൃതുല്യമായ ഒരാളെയാണ് കാണാൻ സാധിച്ചിരുന്നതെന്നും, ലെയോ പതിനാലാമൻ പാപ്പായിലും അതുതന്നെയാണ് തങ്ങൾ കാണുന്നതെന്നും അദ്ദേഹം വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഗാസയിൽ അക്രമങ്ങൾ ഇപ്പോഴും തുടരുന്നുവെന്നും സമാധാനം നഷ്ടപ്പെട്ട തങ്ങൾക്ക് പ്രത്യാശ കൂടി ഇല്ലാതാകുമെന്ന ഭയമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണത്തിന്റെയോ, ശുദ്ധജലത്തിന്റെയോ, മരുന്നുകളുടെയോ അഭാവത്തെക്കാളും, തങ്ങളുടെ സുരക്ഷിതത്വത്തെക്കാളും, പ്രത്യാശ ഇല്ലാതാകുമോയെന്ന ഭയമാണ് താൻ വലുതായി കാണുന്നതെന്ന് ഫാ. റൊമനെല്ലി പറഞ്ഞു. ദുഷിച്ച ഈ യുദ്ധം എത്രയും വേഗം അവസാനിക്കുന്നതും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതുമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവിന്റെ സാക്ഷികളായി ഇവിടെയുള്ള ചെറിയ ക്രൈസ്തവസമൂഹത്തിന് ഇനിയും ഈ നാട്ടിൽ സമാധാനത്തോടെ തുടരാനാകുമെന്നും, യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടവ പുനരുദ്ധരിക്കാൻ സാധിക്കുമെന്നുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാസായിൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്. സ്‌ഫോടനങ്ങൾ സാധാരണജീവിതത്തിന്റെ ഭാഗമെന്ന നിലയിൽ ആളുകൾ ഭയാനകമായ അവസ്ഥയിലാണ് ജീവിക്കുന്നത്. വൈകുന്നേരങ്ങളിൽ ഫ്രാൻസിസ് പാപ്പ തങ്ങളെ വിളിച്ചിരുന്നത് അനുസ്മരിച്ച ഫാ. റൊമനെല്ലി, ഇപ്പോഴും തങ്ങൾ വൈകുന്നേരം എട്ടിന് ദേവാലയമണി മുഴക്കാറുണ്ടെന്നും, പ്രത്യേകമായി പ്രാർത്ഥിക്കാറുണ്ടെന്നും അറിയിച്ചു. ലെയോ പതിനാലാമൻ പാപ്പ സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിലും, ഗാസയ്ക്കുവേണ്ടി അഭ്യർത്ഥന നടത്തിയതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. യുദ്ധകാലത്ത് തങ്ങളുടെ ഇടവകയിൽ അഭയം തേടിയ വിവിധ മതവിശ്വാസികളായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക്, അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി ചേര്‍ത്തുപിടിച്ച ഇടവകയാണ് ഹോളി ഫാമിലി ദേവാലയം.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
