News - 2025
നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ആക്രമണം; 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 23-05-2025 - Friday
അബൂജ: നൈജീരിയയിൽ ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമായ പീഡനം തുടരുന്നു. ഫുലാനി വംശീയ സായുധ സംഘങ്ങൾ അടുത്തിടെ നടത്തിയ ആക്രമണത്തില്‍ എട്ട് ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ഏക്കർ കൃഷിഭൂമി നശിപ്പിക്കപ്പെടുകയും ചെയ്തു. മെയ് 14ന് പ്ലേറ്റോ സംസ്ഥാനത്തെ പ്രധാനമായും ക്രിസ്ത്യൻ കർഷക സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് അരങ്ങേറിയത്. റിയോം കൗണ്ടിയിലെ വെറെങില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളും പ്രായമായവരുമാണ്. ബസ്സ കൗണ്ടിയില്‍ ക്രൈസ്തവര്‍ കൃഷി ചെയ്തിരിന്ന ക്പച്ചുഡു ഗ്രാമത്തിലെ 740 ഏക്കറിലധികം കൃഷിഭൂമി അക്രമികള്‍ നശിപ്പിച്ചു.
കൊലപാതകങ്ങൾ, തീവയ്പ്പുകൾ, സാമ്പത്തിക അട്ടിമറി എന്നിവയിലൂടെ ക്രൈസ്തവ സമൂഹങ്ങളെ അവരുടെ പൂർവ്വിക ഭൂമിയിൽ നിന്ന് പുറത്താക്കാനുള്ള ഫുലാനി തീവ്രവാദികളുടെ നിരന്തരമായ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ഈ അക്രമത്തെ വിശേഷിപ്പിക്കുന്നത്. ഇരുട്ടിന്റെ മറവിൽ വെറെങ് ക്യാമ്പിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്നിരുന്ന കുടുംബങ്ങൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരിന്നു. അർദ്ധരാത്രിയോടെയാണ് സംഭവം അരങ്ങേറിയതെന്നും കണ്ടവരെയെല്ലാം വെടിവച്ചുവെന്നും അക്രമത്തെ അതിജീവിച്ച ഒരാൾ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർണിനോട് (ഐസിസി) പറഞ്ഞു.
“കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണ്. യാതൊരു പ്രകോപനവും കൂടാതെയായിരിന്നു ആക്രമണം. അക്രമികൾ വീടുകൾ കത്തിച്ചു, ഭക്ഷണസാധനങ്ങൾ കൊള്ളയടിച്ചു, അതിജീവിച്ചവരെ പരിക്കേൽപ്പിക്കുകയും, മാനസികമായി തളർത്തുകയും, നാടുകടത്തുകയും ചെയ്തു. ശിക്ഷിക്കപ്പെടാതെ പോയ സമാനമായ നിരവധി ആക്രമണങ്ങള്‍ ഉള്ളതിനാല്‍ ഇത് വംശീയവും മതപരവുമായ ഉന്മൂലനം തുടരുമെന്ന ഭയം ക്രൈസ്തവരില്‍ ജനിപ്പിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത അജ്ഞാതന്‍ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർണിനോട് (ഐസിസി) പറഞ്ഞു. ക്രിസ്ത്യൻ സമൂഹങ്ങളെ മാറ്റിപ്പാർപ്പിക്കാനും ഇല്ലാതാക്കാനുമുള്ള തന്ത്രപരമായ പ്രചാരണത്തിന്റെ ഭാഗമാണിതെന്നു ബസ്സ കൗണ്ടിയുടെ മുൻ ഡെപ്യൂട്ടി ചെയർമാൻ ജോൺ അരയേ പറഞ്ഞു. ആഫ്രിക്കയില്‍ ഏറ്റവും അധികം ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് നൈജീരിയ.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
