News - 2025

ലെയോ പതിനാലാമന്‍ പാപ്പയുടെ ആദ്യത്തെ ആധികാരിക ജീവചരിത്ര ഗ്രന്ഥം പുറത്തിറക്കി

പ്രവാചകശബ്ദം 24-05-2025 - Saturday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ പാപ്പയുടെ ജീവിതം കേന്ദ്രമാക്കിയുള്ള ആദ്യത്തെ ആധികാരിക ജീവചരിത്ര ഗ്രന്ഥം പുറത്തിറക്കി. ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കത്തോലിക്ക ടെലിവിഷന്‍ ശൃംഖലയായ ‘ദി എറ്റേര്‍ണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (EWTN) ന്യൂസാണ് ജീവചരിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇ‌ഡബ്ല്യു‌ടി‌എന്‍ വൈസ് പ്രസിഡന്റും എഡിറ്റോറിയൽ ഡയറക്ടറുമായ മാത്യു ബൺസണാണ് "ലെയോ പതിനാലാമൻ: ആദ്യത്തെ അമേരിക്കൻ പാപ്പയുടെ വിവരണം" എന്ന പേരിലുള്ള ജീവചരിത്ര ഗ്രന്ഥത്തിന്റെ ഗ്രന്ഥകാരന്‍.

അന്‍പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ള, സഭാ വിദഗ്ദ്ധനും വത്തിക്കാനില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവർത്തകനുമാണ് മാത്യു ബൺസണ്‍. റോമിലെ കാമ്പോ സാന്റോ ട്യൂട്ടോണിക്കോയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. പെറുവിലെ വൈദികന്‍, ആഗസ്റ്റിനിയന്‍ പ്രിയോർ ജനറൽ, മിഷ്ണറി, ബിഷപ്പ് എന്നീ നിലകളിലും ഒരു കർദ്ദിനാൾ എന്ന നിലയിലും ലെയോ പാപ്പയുടെ വൈവിധ്യമാർന്ന അനുഭവം ആഗോള സഭയ്ക്കു വലിയ അനുഗ്രഹമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്തു കേന്ദ്രീകൃതവും, അഗസ്തീനിയൻ സ്വാധീനമുള്ള നേതാവുമായി ലെയോ പതിനാലാമൻ പാപ്പയുടെ ചിത്രം വരച്ചുകാട്ടുന്നതാണ് ജീവചരിത്രം. അഗസ്തീനിയൻ സമൂഹത്തിലെ വൈദികനായും ഗണിതശാസ്ത്രജ്ഞനായും കാനോൻ അഭിഭാഷകമെന്ന നിലയിലുമുള്ള ലെയോ പാപ്പയെ അടുത്തറിയുവാന്‍ വായനക്കാരെ ഈ പുസ്തകം സഹായിക്കുമെന്ന് ബൺസൺ പറഞ്ഞു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »