News

നമ്മുടെ കഴിവുകളിലേക്കല്ല, കർത്താവിന്റെ കരുണയിലേക്കാണ് നോക്കേണ്ടത്: ലെയോ പതിനാലാമന്‍ പാപ്പ

പ്രവാചകശബ്ദം 27-05-2025 - Tuesday

വത്തിക്കാന്‍ സിറ്റി: നമ്മുടെ കഴിവുകളിലേക്കല്ല, മറിച്ച്, പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്നും, എല്ലാക്കാര്യങ്ങളും നമ്മെ പഠിപ്പിക്കുമെന്നുമുള്ള ഉറപ്പിൽ, നമ്മെ തിരഞ്ഞെടുത്ത കർത്താവിന്റെ കരുണയിലേക്കാണ് നാം നോക്കേണ്ടതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മെയ് 25 ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിൽ തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളെയും സന്ദർശകരേയും അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ.

ഉയിർപ്പ് കാലത്തിലെ ആറാം ഞായറാഴ്ചയിൽ വിശുദ്ധ ബലി മധ്യേ വായിക്കപ്പെട്ട, വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായം ഇരുപത്തിമൂന്ന് മുതൽ ഇരുപത്തിയൊൻപത് വരെയുള്ള ഭാഗത്ത് നാം കാണുന്ന, പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുകയും, വിശ്വാസികളിൽ ദൈവത്തിന്റെ വാസം ഉറപ്പുനൽകുകയും ചെയ്യുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇറ്റാലിയൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥനയ്ക്ക് മുൻപേ പാപ്പ സന്ദേശം നല്‍കിയത്.

നിങ്ങൾക്കിടയിലെ എന്റെ ശുശ്രൂഷയുടെ ആദ്യദിനങ്ങളിലാണ് ഞാൻ. നിങ്ങൾ എന്നോട് കാണിച്ചുകൊണ്ടിരിക്കുന്ന ഈ സ്നേഹത്തിന് ആദ്യമേ തന്നെ നന്ദി പറയുന്നു. അതേസമയം, നിങ്ങളുടെ പ്രാർത്ഥനയാലും സാമീപ്യത്താലും എന്നെ താങ്ങിനിറുത്തണമെന്ന് നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ വിശ്വാസപ്രയാണത്തിലും ജീവിതവഴികളിലും, കർത്താവ് നമ്മെ വിളിക്കുന്നയിടങ്ങളിലെല്ലാം പലപ്പോഴും നാം അപര്യാപ്തരാണെന്ന് നമുക്ക് തോന്നാറുണ്ട്. എന്നാൽ നമ്മുടെ കഴിവുകളിലേക്കല്ല, മറിച്ച്, പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്നും, എല്ലാക്കാര്യങ്ങളും നമ്മെ പഠിപ്പിക്കുമെന്നുമുള്ള ഉറപ്പിൽ, നമ്മെ തിരഞ്ഞെടുത്ത കർത്താവിന്റെ കരുണയിലേക്കാണ് നാം നോക്കേണ്ടതെന്ന് ഇന്നത്തെ സുവിശേഷം (യോഹ. 14, 23-29) നമ്മോട് പറയുന്നു.

എങ്ങനെ തങ്ങൾക്ക് ദൈവരാജ്യത്തിന്റെ സാക്ഷികളും തുടർച്ചക്കാരുമായിരിക്കാൻ സാധിക്കുമെന്ന ചോദ്യത്തോടെ, തങ്ങളുടെ ഗുരുവിന്റെ മരണത്തിന് തലേന്ന്, വിഷമത്തിലും ദുഃഖത്തിലുമായിരിക്കുന്ന അപ്പസ്തോലന്മാരോട്, "എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും" (യോഹ. 14, 23) എന്ന മനോഹരമായ വാഗ്ദാനത്തോടെ പരിശുദ്ധാത്മാവിന്റെ വർഷത്തെക്കുറിച്ച് യേശു അറിയിക്കുന്നു.

അങ്ങനെ, യേശു ശിഷ്യരെ എല്ലാ ദുഃഖത്തിലും ആകുലതയിലും നിന്ന് സ്വാതന്ത്രരാക്കുകയും, "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട" (യോഹ. 14, 27) എന്ന് പറയുകയും ചെയ്യുന്നു. അവന്റെ സ്നേഹത്തിൽ നിലനിന്നാൽ, അവൻ നമ്മിൽ വസിക്കുകയും, നമ്മുടെ ജീവൻ ദേവാലയമായി മാറുകയും, മറ്റുള്ളവരിലേക്ക് എത്തിച്ചേരാനും നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലേക്കും പ്രകാശം വീശാനും സഹായിക്കത്തക്കവിധം ഈയൊരു സ്നേഹം നമ്മെ പ്രോജ്ജ്വലിപ്പിക്കുകയും, നമ്മുടെ ചിന്താരീതികളിലും, തിരഞ്ഞെടുപ്പുകളിലും അവൻ സന്നിഹിതനായിരിക്കുകയും ചെയ്യുമെന്നും ലെയോ പാപ്പ പറഞ്ഞു. ഇറ്റലിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ തീർത്ഥാടകരുൾപ്പെടുന്ന ഏവരെയും അഭിവാദ്യം ചെയ്ത പാപ്പാ, ഏവർക്കും നല്ലൊരു ഞായർ ആശംസിച്ചുകൊണ്ടാണ് ജാലകത്തിൽനിന്നും പിൻവാങ്ങിയത്.


Related Articles »