News

ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി ആക്രമണത്തിന് ഒരാഴ്ച; ഭീതിയ്ക്കു നടുവിലും ഞായറാഴ്ച ബലിയര്‍പ്പണത്തിന് ഒരുമിച്ച് സിറിയന്‍ ക്രൈസ്തവര്‍

പ്രവാചകശബ്ദം 01-07-2025 - Tuesday

ആലപ്പോ (സിറിയ): ഡമാസ്കസിലെ മാർ ഏലിയാസ് ക്രൈസ്തവ ദേവാലയത്തില്‍ നടന്ന തീവ്രവാദ ആക്രമണം ഉളവാക്കിയ ഭീതിയ്ക്കിടെയിലും ഞായറാഴ്ച ബലിയര്‍പ്പണത്തിന് വിശ്വാസികള്‍ ഒരുമിച്ച് കൂടി. തീവ്രവാദി ആക്രമണത്തിന് ഒരാഴ്ച പിന്നിട്ട കഴിഞ്ഞ ഞായറാഴ്ച ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. ഭയത്തിന്റെയും ഉത്കണ്ഠയുടെയും ആശങ്ക ശക്തമായ പശ്ചാത്തലത്തില്‍ ഡമാസ്ക്കസിലെ ദേവാലയത്തിലെ വിശ്വാസികളുടെ എണ്ണം ഗണ്യമായി കുറവായിരുന്നു. ആളുകൾ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും ബലിയര്‍പ്പണത്തില്‍ ആളുകള്‍ കുറവായിരിന്നുവെന്നും മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക വിശ്വാസികള്‍ക്കായുള്ള ഔവർ ലേഡി ഓഫ് ഡമാസ്കസിന്റെ ഇടവക വികാരിയായ ഫാ. അന്റോണിയോസ് റാഫത്ത് അബു അൽ-നാസർ പറഞ്ഞു.

ഇത് പ്രതീക്ഷിച്ചിരുന്ന കാര്യമാണെന്നും വിശ്വാസി സമൂഹത്തിന് ഇടയില്‍ ഭീതി നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന ദിവസം മുതൽ പള്ളിക്ക് കാവൽ നിൽക്കാൻ ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ ദേവാലയ പരിസരത്ത് തുടരുന്നുണ്ടെന്നും ഫാ. അൽ-നാസർ സ്ഥിരീകരിച്ചു. ദേവാലയങ്ങളെ സംരക്ഷിക്കുന്ന "ഫസാ യൂത്ത്" എന്ന പ്രാദേശിക ക്രിസ്ത്യൻ വോളണ്ടിയർമാരുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

സമർപ്പണബോധത്തോടെ ജാഗ്രതയോടെ സേവനം ചെയ്യുന്ന അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നതായും ആരാധനാക്രമങ്ങളിൽ മാത്രമല്ല, മറ്റ് പരിപാടികളിലും അവർ എപ്പോഴും നമ്മോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡമാസ്കസിലെ എല്ലാ ദേവാലയങ്ങളിലും പ്രത്യേകിച്ച് അവയുടെ പ്രവേശന കവാടങ്ങളിൽ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഡമാസ്കസിലെ ദേവാലയങ്ങളിലെ പ്രാതിനിധ്യത്തില്‍ ചെറിയ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും മറ്റ് സിറിയൻ പ്രവിശ്യകളില്‍ വിശ്വാസികളുടെ വലിയ പങ്കാളിത്തമാണുള്ളത്.

ആലപ്പോയിൽ, ഞായറാഴ്ച ബലിയര്‍പ്പണത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിന്നത്. ന്യൂ സിറിയക് ജില്ലയിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കർക്കായുള്ള സെന്റ് തെരേസ് പള്ളിയുടെ പരിസരം സുരക്ഷിതമാക്കാൻ മുപ്പതിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിന്നു. ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേർ ആക്രമണം നടത്തിയത്. മുപ്പതോളം ക്രൈസ്തവര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടമായത്. 63 പേർക്കു പരിക്കേറ്റിരിന്നു. ഇവരില്‍ നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.




Related Articles »