India - 2025

മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കു വിട

പ്രവാചകശബ്ദം 07-07-2025 - Monday

തൃശ്ശൂർ: പൗരസ്‌ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കു വിട. നിത്യസമ്മാനത്തിന് വിളിക്കപ്പെടുമ്പോള്‍ 85 വയസ്സായിരിന്നു പ്രായം. 64 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ 56 വർഷം ഭാരതത്തിലെ പൗരസ്‌ത്യ കൽദായ സുറിയാനി സഭയെ നയിച്ചു. ആത്മീയാചാര്യൻ, സഭാതലവൻ, സാംസ്കാരിക നേതാവ്, സഭാചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, സുറിയാനി ഭാഷാ പ്രേമി എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.

തൃശ്ശൂർ കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദ്ദാനപള്ളി ഇടവകയിലെ മൂക്കൻ കുടുംബത്തിൽ ദേവസിയുടെയും പറപ്പുള്ളി കൊച്ചുമറിയത്തിൻ്റെയും 10 മക്കളിൽ നാലാമനായി 1940 ജൂൺ 13-നാണ് ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന മാർ അപ്രേം മെത്രാപ്പോലീത്ത ജനിച്ചത്. യുണൈറ്റഡ് തിയോളജിക്കൽ കോളേജ്, ന്യൂയോർക്ക് യൂണിയൻ തിയോളജിക്കൽ സെമിനാരി, പ്രിൻസ്ടൺ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നാണ് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്.

1961 ജൂൺ 25-ന് ശെമ്മാശപട്ടം സ്വീകരിച്ചു. 26-ാം ജന്മദിനത്തിൽ 1965 ജൂൺ 13-ന് കശീശപട്ടം സ്വീകരിച്ചു. 1968 സെപ്റ്റംബർ 21-ന് എപ്പിസ്കോപ്പയായും ഒരാഴ്ചയ്ക്ക്ശേഷം 29-ന് മെത്രാപ്പോലീത്തയായും ഇറാഖിലെ പ്രസിദ്ധമായ മാർ സയ്യാ കത്തീഡ്രലിൽ വെച്ച് സ്ഥാനാരോഹണം ചെയ്‌തു. ഭാരത സഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു. 1968 ഒക്ടോബർ 26-ന് ഇന്ത്യയിൽ തിരിച്ചെത്തി സഭയുടെ ഭരണച്ചുമതല ഏറ്റെടുത്തു. 2015-ൽ മാറൻ മാർ ദിൻഹാ നാലാമൻ പാത്രിയാർക്കീസ് കാലം ചെയ്തതിനെത്തുടർന്ന് പുതിയ പാത്രിയാർക്കീസ് തിരഞ്ഞെടുപ്പുവരെ ആറുമാസത്തോളം ആഗോള തലവനായി സഭയെ നയിച്ചിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »