News

ജലന്ധർ രൂപതാധ്യക്ഷനായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി

പ്രവാചകശബ്ദം 13-07-2025 - Sunday

ജലന്ധർ: മെത്രാന്മാരും വൈദികരും സന്യസ്തരും ഉള്‍പ്പെടെ ആയിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ജലന്ധർ രൂപത ബിഷപ്പായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധർ ട്രിനിറ്റി കോളജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന മെ ത്രാഭിഷേക ചടങ്ങിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ജലന്ധർ രൂപത മുൻഅപ്പസ്തോലിക് അഡ്മിനി സ്ട്രേറ്ററായിരുന്ന ബിഷപ്പ് ഡോ. ആഗ്‌നലോ റുഫിനോ ഗ്രേഷ്യസ്, ഉജൈൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായിരുന്നു.

ലെയോ പതിനാലാമൻ മാർപാപ്പയുടെ ആശീർവാദവും ആശംസകളും അറിയിച്ച് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി അനുമോദന പ്രസംഗം നടത്തി. ഷിംല-ചണ്ഡീഗഡ് ബിഷപ്പ് ഡോ. സഹായ തഥേവൂസ് തോമസ് സന്ദേശം നൽകി. ബിഷപ്പ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ അമ്മ ഏലിക്കുട്ടി പ്രായത്തിന്റെ വിഷമതകൾ മറന്ന് മകന്റെ സ്ഥാനാരോഹണച്ചടങ്ങുകളിൽ നേരിട്ടു സാക്ഷിയാകാൻ കോട്ടയം ജില്ലയിലെ കാളകെട്ടിയിൽനിന്നെത്തിയിരുന്നു. മെത്രാഭിഷേകത്തിനു പിന്നാലെ ബിഷപ്പ് തെക്കുംചേരിക്കുന്നേൽ വേദിക്കു താഴെയെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി.

ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗാന്ധിനഗർ ആർച്ച് ബിഷപ്പ് ഡോ. തോമസ് ഇഗ്നേഷ്യസ് മക്വാൻ, ബിഷപ്പുമാരായ മാർ ജോസഫ് കൊ ല്ലംപറമ്പിൽ (ജഗദൽപുർ), മാർ ജോർജ് രാജേന്ദ്രൻ (തക്കല), മാർ ജോസ് പുത്തൻ വീട്ടിൽ (ഫരീദാബാദ്), ഡോ. ദീപക് വലേറിയൻ ടോറോ (ഡൽഹി), മാർ ജോസഫ് കൊല്ലംപറമ്പിൽ (ഷംഷാബാദ്), മാർ വിൻസൻ്റ് നെല്ലായിപറമ്പിൽ (ബിജ്‌നോർ), ഡോ. ഐവാൻ പെരേര (ജമ്മു), എമരിറ്റസ് ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് മസ്ക്രീനാ സ് (ചണ്ഡിഗഡ്), ഡോ. ഭാസ്ക്‌കർ യേശുരാജ് (മീററ്റ്), ഡോ. ഇഗ്നേഷ്യസ് ഡിസൂസ (ബറേലി) തുടങ്ങിയവരടക്കം ഇരുപതിലേറെ ബിഷപ്പുമാരും ബിഷപ്പ് തെക്കുംചേരി ക്കുന്നേലിന്റെ മാതൃരൂപതയായ പാലായുടെ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അടക്കമുള്ളവരും സ്ഥാനാരോഹണ ചടങ്ങിൽ പങ്കാളികളായി.

ബിഷപ്പിന്റെ കുടുംബാംഗങ്ങളും സ്വന്തം ഇടവകയായ ചെമ്മലമറ്റത്തെയും സമീപത്തെ തിടനാട്, ചേറ്റുതോട് തുടങ്ങിയ ഇടവകകളിലെയും ഏതാനും വൈദികരും സ ന്യസ്തരും വിശ്വാസികളും സുഹൃത്തുക്കളും മെത്രാഭിഷേകത്തിൽ പങ്കെടുത്തു. ജലന്ധറിലെയും സമീപ രൂപതകളിലെയും നൂറുകണക്കിന് വൈദികർ, കന്യാസ്ത്രീകൾ, പതിനായിരത്തിലേറെ വിശ്വാസികൾ തുടങ്ങിയവരും മണിക്കുറുകൾ നീണ്ട ചടങ്ങുകളിലുടനീളം സംബന്ധിച്ചു.

തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ ജലന്ധറിലെ വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, ജലന്ധർ ജയ്റാണി പ്രോവിൻസിലെ സിസ്റ്റർ റോസ് മേരി പീടി കതടത്തിൽ എസ്എബിഎസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിൻ്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്‌തരുമുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »